ഐപിഎല്‍ ഫൈനലിന് മുന്നോടിയായി തിരിച്ചെത്തി ആര്‍സിബിയുടെ ഇംഗ്ലീഷ് ഓപ്പണര്‍ ഫില്‍ സാള്‍ട്ട്. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്ന് മണിക്കാണ് സാള്‍ട്ട് അഹമ്മദാബാദില്‍ വിമാനം ഇറങ്ങിയത്. ബെഗംളൂരുവിന്‍റെ ഓപ്പണര്‍മാരില്‍ ഏറ്റവും വിശ്വാസ്ത താരമായതിനാല്‍ ഫൈനലില്‍ സാള്‍ട്ടിന്‍റെ സാന്നിധ്യം നിര്‍ണായകമാണ്. അതേസമയം, ഫൈനലിന് മുന്നോടിയായുള്ള പരിശീലനത്തില്‍ ഫില്‍ സാള്‍ട്ട് പങ്കെടുക്കാത്തതിനാല്‍ കളിക്കുമോ എന്നതില്‍ ഉറപ്പില്ല.
പ്ലേ ഓഫില്‍ പഞ്ചാബിനെതിരെ 27 പന്തില്‍ 56 റണ്‍സെടുത്ത ശേഷമാണ് ഫില്‍ സാള്‍ട്ട് നാട്ടിലേക്ക് മടങ്ങിയത്. ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ടാണ് താരം നാട്ടിലേക്ക് പോയത്. മല്‍സരത്തിന്‍റെ പ്രാധാന്യം കണക്കിലെടുത്താണ് ചൊവ്വാഴ്ച പുലര്‍ച്ചെ തിരിച്ചെത്തിയത്. ആര്‍സിബി ബാറ്റിങ് നിരയില്‍ വിരാട് കോലിക്ക് ശേഷം ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമാണ് ഫില്‍ സാല്‍ട്ട്.
12 മല്‍സരങ്ങളില്‍ നിന്ന് 387 റണ്‍സാണ് താരം നേടിയത്. 35.18 ശരാശരിയില്‍ 175.90 ആണ് സാള്‍ട്ടിന്‍റെ സ്ട്രൈക്ക് റേറ്റ്. ഒന്നാം ക്വാളിഫയറില്‍ പഞ്ചാബിനെതിരെ ആറ് ഫോറും മൂന്നു സിക്സറും സഹിതമാണ് സാള്‍ട്ട് 56 റണ്‍സ് നേടിയത്. സാല്‍ട്ടിന്‍റെ മികച്ച തുടക്കമാണ് ബെഗംളൂരുവിന് എട്ടു വിക്കറ്റ് വിജയം സമ്മാനിച്ചത്.
നാലാം തവണത്തെ ഐപിഎല്‍ ഫൈനലിലാണ് ആര്‍സിബി ഇറങ്ങുന്നത്. മൂന്നു തവണത്തെ തോല്‍വിക്ക് പകരമായി ആദ്യ കിരീടം വിരാട് കോലിക്ക് ലഭിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. 2009 ല്‍ ആദ്യ ഫൈനലില്‍ ഡെക്കാന്‍ ചാര്‍ജേഴിസിനോടാണ് ആര്‍സിബി തോറ്റത്. 2011 ല്‍ ചെന്നൈ സൂപ്പര്‍ കിങ്സിനോടും 2016 ല്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനോടുമാണ് ആര്‍സിബി ഫൈനലില്‍ തോറ്റത്.