ഐപിഎല്‍ എലിമിനേറ്ററിന് ശേഷം ഏറെ ചര്‍ച്ചയായത് ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്‍റെയും മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യയുടെയും പെരുമാറ്റങ്ങളായിരുന്നു. ടോസിന് ശേഷം പാണ്ഡ്യ കൈ കൊടുത്തെങ്കിലും ഇത് ശ്രദ്ധിക്കാതെ ഗില്‍ തിരിഞ്ഞു നടന്നതാണ് ആരാധകര്‍ ശ്രദ്ധിച്ചത്.
ഇതിനു ശേഷം ഗുജറാത്ത് ടൈറ്റന്‍സിന്‍റെ ബാറ്റിങിനിടെ ഗില്‍ എല്‍ബിഡബ്ലുവില്‍ പുറത്തായപ്പോള്‍ വന്യമായി ആഘോഷിച്ച പാണ്ഡ്യയുടെ രീതിയും സോഷ്യല്‍മീഡിയ സര്‍ക്കിളില്‍ ചര്‍ച്ചയായി. ഗില്ലിന്റെ അരികിലൂടെ ഓടിച്ചെന്ന് ബാറ്റ്‌സ്മാനെ നോക്കിയായിരുന്നു പാണ്ഡ്യയുടെ ആഘോഷം.സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.
അതേസമയം ഇന്‍സ്റ്റാഗ്രാമില്‍ ഹാര്‍ദിക്കുമൊത്തുള്ള രണ്ട് ചിത്രങ്ങള്‍ പങ്കുവെച്ചാണ് ഗില്‍ ഈ അഭ്യൂഹങ്ങളോട് പ്രതികരിച്ചത്. വേറൊന്നുമില്ല, ഇഷ്ടം മാത്രം. ഇന്റര്‍നെറ്റില്‍ കാണുന്നതെല്ലാം വിശ്വസിക്കരുത് എന്നാണ് ഹാര്‍ദിക്കിനെ ടാഗ് ചെയ്ത് ഗില്ലിന്റെ സ്റ്റോറി.
കഴിഞ്ഞ ദിവസം നടന്ന ഐപിഎല്‍ എലിമിനേറ്ററില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ 20 റണ്‍സിനാണ് മുംബൈ തോല്‍പ്പിച്ചത്. മുംബൈ ഉയര്‍ത്തിയ 228 റണ്‍സ് പിന്തുടര്‍ന്ന ഗുജറാത്തിന് 208 റണ്‍സ് വരെയെ എത്താനായുള്ളൂ. രണ്ടാം എലിമിനേറ്ററില്‍ മുംബൈ ഇന്ത്യന്‍സ് ഇന്ന് പഞ്ചാബ് കിങ്സിനെ നേരിടും.