ഐപിഎലിലെ ആവേശപ്പോരില്‍ ലക്നൗ സൂപ്പര്‍ ജെയന്‍റ്സിനെ ആറു വിക്കറ്റിന് തോല്‍പ്പിച്ച് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു. ലക്നൗ ഉയര്‍ത്തിയ 228 റണ്‍സ് വിജയലക്ഷ്യം 8 പന്തുകള്‍ ശേഷിക്കെ മറികടന്നു. ജയത്തോടെ പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനക്കാരായ ആര്‍സിബി ഒന്നാം ക്വാളിഫയറിനു യോഗ്യതയുറപ്പാക്കി.
ക്യാപ്റ്റന്‍ ജിതേഷ് ശര്‍മ (85), വിരാട് കോലി (54), മായങ്ക് അഗര്‍വാള്‍ (41) എന്നിവരുടെ ഇന്നിങ്സാണ് ബെംഗളൂരുവിന് വിജയം നേടികൊടുത്തത്. ഫിൽ സോള്‍ട്ടും വിരാട് കോലിയും ചേർന്ന ഓപ്പണിങ് സഖ്യം 61 റൺസാണ് നേടിയത്. 30 റൺസെടുത്ത് സോൾട്ടാണ് ആദ്യം പുറത്തായത്. രജത് പാട്ടീദാറും (14), ലിയാം ലിവിങ്സ്റ്റനും (പൂജ്യം) എന്നിങ്ങനെയാണ് ബെംഗളൂരു നിരയിലെ സ്കോര്‍.
ക്യാപ്റ്റന്‍ ഋഷഭ് പന്തിന്‍റെ സെഞ്ചറിയുടെ ബലത്തില്‍ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 227 റൺസാണ് ലക്നൗ നേടിയത്. 61 ബോളുകൾ നേരിട്ട പന്ത് 118 റണ്‍സെടുത്തു. മിച്ചൽ മാർഷ് 67 റൺസും മാത്യു ബ്രീറ്റ്സ്കി 14 റൺസും നേടി. ആര്‍സിബിക്കായി നുവാൻ തുഷാര, ഭുവനേശ്വർ കുമാർ, റൊമാരിയോ ഷെഫേർഡ് എന്നിവർ ഓരോ വിക്കറ്റു വീതം വീഴ്ത്തി.
ഒൻപതാം വിജയത്തോടെ 19 പോയിന്‍റാണ് ആര്‍സിബിക്കുള്ളത്. മേയ് 29ന് നടക്കുന്ന ക്വാളിഫയറിൽ പഞ്ചാബ് കിങ്സാണ് ആര്‍സിബിയുടെ എതിരാളി.