ഐപിഎല്ലിലെ ആവേശ പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെ നാലു വിക്കറ്റിന് തോല്‍പ്പിച്ച് പഞ്ചാബ് കിങ്സ്. 191 റണ്‍സ് വിജയലക്ഷ്യം 19.4 ഓവറില്‍ പഞ്ചാബ് മറികടന്നു. ശ്രേയസ് അയ്യരുടേയും പ്രഭ്സിമ്രന്‍ സിങ്ങിന്റേയും അര്‍ധ സെഞ്ച്വറി പ്രകടനമാണ് ജയം അനായാസമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 19.2 ഓവറില്‍ 190 റണ്‍സ് എടുക്കുന്നതിനിടെ എല്ലാവരും പുറത്തായി. സാം കറന്റെ പോരാട്ടമാണ് ചെന്നൈയ്ക്ക് മികച്ച സ്കോര്‍ നേടിക്കൊടുത്തത്. കറന്‍ 47 പന്തില്‍ 88 റണ്‍സെടുത്ത് പുറത്തായി. നായകന്‍ ധോണി 4 പന്തില്‍ 11 റണ്ണെടുത്തു.
മറുപടി ബാറ്റിങില്‍ 36 പന്തിൽ നാലു സിക്സും അഞ്ച് ഫോറുമുൾപ്പെടെ 72 റൺസെടുത്ത ശ്രേയസ് അയ്യരാണ് പഞ്ചാബിന്റെ ടോപ് സ്കോറർ. പ്രിയാൻഷ് ആര്യയും പ്രഭ്സിമ്രാൻ സിങ്ങും ചേർന്ന ഓപ്പണിങ് കൂട്ടുകെട്ട് 28 പന്തിൽ 44 റൺസെടുത്തു. പ്രിയാൻഷ് 15 പന്തിൽ 23 റൺസെടുത്തു പുറത്തായി. അവസാന ഓവറുകളില്‍ വിക്കറ്റ് വീണതാണ് മല്‍സരം ആവേശകരമാക്കിയത്. ജയിക്കാൻ മൂന്നു റൺസ് മാത്രം വേണമെന്നിരിക്കെ ശ്രേയസ് അയ്യരെ മതിഷ പതിരാന പുറത്താക്കി. ജയിക്കാന്‍ ഒരു റണ്‍സ് വേണ്ട ഘട്ടത്തില്‍ സൂര്യാൻഷ് ഷെഡ്ഗെയുടെ വിക്കറ്റ് ഖലീല്‍ അഹമ്മദ് നേടി. എങ്കിലും രണ്ടു പന്ത് ശേഷിക്കെ മാർക്കോ യാൻസൻ പഞ്ചാബിന് വിജയം സമ്മാനിച്ചു.
പഞ്ചാബിനായി യുസ്‍വേന്ദ്ര ചഹൽ ഹാട്രിക്ക് അടക്കം നാലു വിക്കറ്റ് നേടി. മാർക്കോ യാൻസൻ, അർഷ്ദീപ് സിങ് എന്നിവർ 2 വിക്കറ്റും അസ്മത്തുല്ല ഒമർസായി, ഹർപ്രീത് ബ്രാർ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.ചെന്നൈയ്‌ക്കു വേണ്ടി മതിഷ പതിരാനയും ഖലീൽ അഹമ്മദും രണ്ട് വിക്കറ്റ് വീതവും നൂർ അഹമ്മദ്, രവീന്ദ്ര ജഡേജ എന്നിവർ ഓരോ വിക്കറ്റും നേടി.