2025 ഐപിഎല്‍ സീസണില്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിനെ മധ്യനിര ബാറ്റ്സ്മാന്‍ രജത് പാട്ടിദാർ നയിക്കും. കഴിഞ്ഞ സീസണില്‍ ക്യാപ്റ്റനായിരുന്ന ഫാഫ് ഡുപ്ലിസിസിനെ റിലീസ് ചെയ്തതോടെയാണ് പുതിയ നായകന്‍റെ വരവ്. ആഭ്യന്തര ട്വന്‍റി 20 ലീഗായ സെയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ മധ്യപ്രദേശിന്‍റെ നായകായിരുന്നു രജത് പാട്ടിദാർ. ആര്‍സിയുടെ എട്ടാമത്തെ നായകനും.
2021 ലെ ഐപിഎല്‍ അരങ്ങേറ്റം മുതല്‍ ആര്‍സിബി താരമാണ് പരജത് പാട്ടിദാർ. 27 മത്സരങ്ങളില്‍ നിന്ന് 799 റണ്‍സാണ് താരം ആര്‍സിബിക്കായി നേടിയത്. 2025 ലെ മെഗാ ലേലത്തിന് മുന്നോടിയായി കോലിക്കും യാഷ് ദയാലിനുമൊപ്പം ആര്‍സിബി നിലനിര്‍ത്തിയത് പാട്ടിദാറിനെയായിരുന്നു. 11 കോടി രൂപയാണ് ആര്‍സിബിയില്‍ പാട്ടിദാറിന്‍റെ സാലറി.
2022 സീസണില്‍ ആര്‍സിബി ഒഴിവാക്കിയ താരമായിരുന്നു പാട്ടിദാർ. സീസണില്‍ അണ്‍സോള്‍ഡായ താരത്തിന്‍റെ തിരിച്ചുവരവ് അതിശയകരമായിരുന്നു. 2022 സീസണില്‍ ലുവിന്ത് സിസോദിയയ്ക്ക് പരിക്കേറ്റതോടെയാണ് പകരക്കാരനായി ആര്‍സിബി പാട്ടിദാറിനെ ടീമിലെത്തിക്കുന്നത്. ഈ അവസരം മുതലാക്കിയ താരം എട്ട് ഇന്നിങ്സില്‍ നിന്ന് ഒരു സെഞ്ചറിയടക്കം 333 റണ്‍സ് നേടി. ഇതോടെയാണ് ആര്‍സിബിയുടെ അഭിവാജ്യ ഘടകമായി മാറിയത്.
കോലിക്കും ഡുപ്ലിസിക്കും ശേഷമാണ് ഒരു പാട്ടിദാര്‍ ക്യാപ്റ്റനാകുന്നത്. 2011 മേയില്‍ അന്നത്തെ ക്യാപ്റ്റന്‍ ഡാനിയല്‍ വെറ്റോറിയുടെ അഭാവത്തിലാണ് കോലി ആദ്യമായി ടീമിനെ നയിക്കുന്നത്. 2012 മുതല്‍ സ്ഥിരം ക്യാപ്റ്റനായ കോലി 2021 വരെ നായകസ്ഥാനത്ത് തുടര്‍ന്നു. കോലിക്ക് കീഴില്‍ 2015 ല്‍ പ്ലേഓഫീലെത്തിയ ആര്‍സിബി തൊട്ടടുത്ത വര്‍ഷം റണ്ണേഴ്സ് അപ്പായി.
2020 തിലും 2021 ലും ടീം പ്ലേഓഫിലെത്തി. 2022-24 കാലത്തും രണ്ട് തവണ ഡുപ്ലിസിക്ക് കീഴില്‍ ടീം പ്ലേഓഫ് കളിച്ചിട്ടുണ്ട്. കിരീടമില്ലാതെ വലയുന്ന ആര്‍സിബിക്കായി കപ്പുയര്‍ത്താന്‍ ഈ 31 കാരന് സാധിക്കുമോ എന്നാണ് പുതിയ സീസണില്‍ ആരാധകര്‍ കാത്തിരിക്കുന്നത്.