ഐപിഎല്‍ താര ലേലത്തിന് മുന്‍പ് ആറ് താരങ്ങളെ ഓരോ ഫ്രാഞ്ചൈസികള്‍ക്കും ടീമില്‍ നിലനിര്‍ത്താം എന്ന ബിസിസിഐ പ്രഖ്യാപനം വന്നതോടെ ആരെയെല്ലാമാകും ടീമുകള്‍ നിലനിര്‍ത്തുക എന്ന കണക്കുകൂട്ടലുകളിലാണ് ആരാധകര്‍. ഈ സമയം റോയല്‍ ചലഞ്ചേഴ്സ് സ്വീകരിക്കാന്‍ പോകുന്ന നയം പ്രവചിച്ച് എത്തുകയാണ് ഇന്ത്യന്‍ മുന്‍ പേസര്‍ ആര്‍ പി സിങ്. വിരാട് കോലിയെ മാത്രമാകും ആര്‍സിബി ടീമില്‍ നിലനിര്‍ത്തുക എന്നാണ് ആര്‍ പി സിങ് പ്രവചിക്കുന്നത്.
ആര്‍സിബി കോലിയെ നിലനിര്‍ത്തും. മറ്റ് താരങ്ങളെയെല്ലാം റിലീസ് ചെയ്യും. രജത്തിനെ ഉദാഹരണമായി എടുത്താല്‍, താര ലേലത്തിലേക്ക് രജത്തിനെ വിട്ടാല്‍ 11 കോടി രൂപയ്ക്ക് താഴെ രജത്തിനെ ആര്‍സിബിക്ക് വീണ്ടും സ്വന്തമാക്കാം. 11 കോടി രൂപയ്ക്ക് അടുത്തേക്ക് രജത്തിന്റെ തുക ലേലത്തില്‍ ഉയരുന്നുണ്ടെങ്കില്‍ ആര്‍സിബിക്ക് ആര്‍ടിഎം കാര്‍ഡ് ഉപയോഗിക്കാം, ആര്‍ പി സിങ് പറയുന്നു.
മുഹമ്മദ് സിറാജിനേയും 11 കോടിക്ക് അടുത്ത് സ്വന്തമാക്കാനാവും. 14 കോടിയിലേക്ക് സിറാജിന്റെ വില ഉയരും എന്ന് ഞാന്‍ കരുതുന്നില്ല. താര ലേലത്തില്‍ തുക ഉയരുകയാണ് എങ്കില്‍ അവര്‍ക്ക് ആര്‍ടിഎം കാര്‍ഡ് ഉപയോഗിക്കാം എന്നും ആര്‍ പി സിങ് ചൂണ്ടിക്കാണിക്കുന്നു.
252 ഐപിഎല്‍ മത്സരങ്ങളില്‍ നിന്ന് 8004 റണ്‍സ് ആണ് കോലി സ്കോര്‍ ചെയ്തിരിക്കുന്നത്. ഐപിഎല്ലിലെ റണ്‍വേട്ടയില്‍ മുന്‍പിലാണ് കോലി. എട്ട് സെഞ്ചറിയും 55 അര്‍ധ സെഞ്ചറിയും കോലി ഐപിഎല്ലില്‍ നേടിയിട്ടുണ്ട്. ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ സെഞ്ചറി നേടിയ താരം കോലിയാണ്. എന്നാല്‍ ഐപിഎല്‍ കിരീടം എന്ന സ്വപ്നം ഇപ്പോഴും കോലിയില്‍ നിന്നും ആര്‍സിബിയില്‍ നിന്നും അകന്ന് നില്‍ക്കുന്നു.