ഐപിഎല്‍ താര ലേലത്തിന് മുന്‍പ് ആറ് കളിക്കാരെ വീതം ഓരോ ഫ്രാഞ്ചൈസിക്കും ടീമില്‍ നിലനിര്‍ത്താം എന്ന് ബിസിസിഐ വ്യക്തമാക്കി കഴിഞ്ഞു. ഇതിനൊപ്പം, അഞ്ച് വര്‍ഷത്തോളം രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിട്ടു നില്‍ക്കുന്ന താരങ്ങളെ അണ്‍ക്യാപ്പ്ഡ് കളിക്കാരായി പരിഗണിക്കാം എന്ന ചട്ടവും ബിസിസിഐ തിരികെ കൊണ്ടുവന്നു. ഇതോടെ ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ എം.എസ്.ധോണി അടുത്ത ഐപിഎല്‍ സീസണ്‍ അണ്‍ക്യാപ്ഡ് കളിക്കാരനായി കളിക്കുകയാണെങ്കില്‍ താരത്തിന് ലഭിക്കാന്‍ പോകുന്ന പ്രതിഫലമാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയിലെ ചര്‍ച്ച.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിന് ഇടയില്‍ ഒരു രാജ്യാന്തര മത്സരം പോലും കളിച്ചിട്ടില്ലാത്ത ഇന്ത്യന്‍ കളിക്കാരെയാണ് അണ്‍ക്യാപ്പ്ഡ് താരങ്ങളായി പരിഗണിക്കുക. 2019ലാണ് ധോണി ഇന്ത്യക്കായി അവസാനമായി കളിക്കുന്നത്. ഏകദിന ലോകകപ്പ് സെമിയില്‍ ന്യൂസിലന്‍ഡിന് എതിരെയായിരുന്നു ഇത്. 2020 ഓഗസ്റ്റിലാണ് ധോണി രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിക്കുന്നത്. വിരമിച്ച താരങ്ങളെ അണ്‍ക്യാപ്പ്ഡ് കളിക്കാരായി പരിഗണിക്കുന്ന നിയമം 2021ലാണ് ബിസിസിഐ എടുത്ത് കളയുന്നത്. ഇപ്പോള്‍ ഈ ചട്ടം വീണ്ടും കൊണ്ടുവന്നത് ധോണിക്ക് വേണ്ടിയാണോ എന്ന നിലയില്‍ വരെ ചര്‍ച്ചകള്‍ ഉയരുന്നുണ്ട്.
2022ല്‍ 12 കോടി രൂപയ്ക്കാണ് ധോണിയെ ചെന്നൈ സൂപ്പര്‍ കിങ്സ് ടീമില്‍ നിലനിര്‍ത്തിയത്. ആ സമയം രവീന്ദ്ര ജഡേജയ്ക്ക് ചെന്നൈ നല്‍കിയത് 16 കോടി രൂപയും. അണ്‍ക്യാപ്ഡ് താരത്തിന് നല്‍കാവുന്ന പരമാവധി തുക 4 കോടി രൂപയാണ്. ധോണിയെ അണ്‍ക്യാപ്ഡ് താരമായി പരിഗണിച്ചാല്‍ നാല് കോടിയാവും ചെന്നൈ സൂപ്പര്‍ കിങ്സ് മുന്‍ ക്യാപ്റ്റന്റെ അടുത്ത സീസണിലെ പ്രതിഫലം. നിലവിലെ ധോണിയുടെ ഐപിഎല്‍ പ്രതിഫലത്തില്‍ നിന്ന് 66.67 ശതമാനം കുറവ് പ്രതിഫലമാണ് വരാന്‍ പോകുന്ന സീസണില്‍ ലഭിക്കുക.
താര ലേലത്തിന് മുന്‍പ് ടീമില്‍ നിലനിര്‍ത്തുന്ന കളിക്കാര്‍ക്ക് ലഭിക്കാന്‍ പോകുന്ന പ്രതിഫലം ഇങ്ങനെ,
പ്ലേയര്‍ 1 – പതിനെട്ട് കോടി രൂപ
പ്ലേയര്‍ 2 – 14 കോടി രൂപ
പ്ലേയര്‍ 3 – 11 കോടി രൂപ
പ്ലേയര്‍ 4 – 18 കോടി രൂപ
പ്ലേയര്‍ 5 – 14 കോടി രൂപ
18 കോടി രൂപയ്ക്ക് ചെന്നൈ ഋതുരാജിനെ ടീമില്‍ നിലനിര്‍ത്തിയേക്കും എന്നും റിപ്പോര്‍ട്ടുകളുണ്ട്. ഓരോ ഫ്രാഞ്ചൈസിക്കും താരങ്ങളെ സ്വന്തമാക്കുന്നതിന് അനുവദിച്ചിരിക്കുന്ന 120 കോടി രൂപയില്‍ നിന്നാണ് ടീമില്‍ നിലനിര്‍ത്തുന്ന താരങ്ങളുടെ പ്രതിഫലവും നല്‍കുക.