കടപ്പാട്; എക്സ്, ആര്‍സിബി,ഐപിഎല്‍
ഐപിഎല്ലിൽ 8000 റൺസ് തികയ്ക്കുന്ന ആദ്യ താരമായി വിരാട് കോലി ചരിത്രം കുറിച്ചു. ടൂര്‍ണമെന്റിന്റെ തുടക്കം മുതലുള്ള കോലിയുെട പ്രകടനത്തിലെ സ്ഥിരതയും മത്സരത്തിലെ ആധിപത്യവും പെര്‍ഫോമന്‍സുമാണ് ഈ നേട്ടത്തിനു കൂടി കോലിയെ പ്രാപ്തനാക്കിയത്. 2008 ലെ ഉദ്ഘാടന സീസൺ മുതൽ ആർസിബിയുടെ ആണിക്കല്ലായി മാറിയ താരമാണ് കോലി. ഇന്നലെ അഹമ്മദാബാദിൽ രാജസ്ഥാൻ റോയൽസിനെതിരായ ഐപിഎൽ 2024 എലിമിനേറ്റര്‍ മത്സരത്തിനിടെയാണ് ഒരു പൊന്‍തൂവല്‍ കൂടി കോലി റെക്കോര്‍ഡ് ലിസ്റ്റിലേക്ക് ചേര്‍ത്തുവച്ചത്.
അന്താരാഷ്ട്ര ക്രിക്കറ്റിലും ഐപിഎല്ലിലും ഉള്‍പ്പെടെ ഏതാണ്ടെല്ലാ റെക്കോര്‍ഡുകളും സ്വന്തമാക്കിയ താരമാണ് വിരാട് കോലി. ഐപിഎല്ലിലെ ഓരോ മത്സരവും കഴിയുമ്പോഴും ആ ലിസ്റ്റിലേക്ക് ഒന്നൊന്നായി കൂട്ടിച്ചേര്‍ക്കുന്ന കാഴ്ചയാണ് കോലിയില്‍ നിന്നുണ്ടാവുന്നത്. റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു താരത്തിന്റെ റെക്കോര്‍ഡ് പട്ടിക അങ്ങനെ സമ്പന്നമാവുകയാണ്.
കോലിയുടെ 252ാം മത്സരമാണ് ഇന്നലെ നടന്നത്. ഇതിനിടെ എട്ട് സെഞ്ചുറികളും 55 അര്‍ധസെഞ്ചുറികളും അദ്ദേഹം സ്വന്തം പേരിലാക്കിയിട്ടുണ്ട്. റണ്‍ നേട്ടത്തിലൂടെ മാത്രമല്ല ഏത് സമ്മര്‍ദ്ദത്തിനിടെയിലും മികച്ച പെര്‍ഫോമന്‍സ് കാഴ്ചവക്കാനുള്ള കോലിയുടെ കഴിവും നേതൃപാടവവും എടുത്തു പറയേണ്ടതു തന്നെയാണ്.
മത്സരത്തോടും തന്റെ ഉത്തരവാദിത്തത്തോടുമുള്ള അര്‍പ്പണ ബോധവും കഠിനാധ്വാനവും ആഗ്രഹവുമാണ് അദ്ദേഹത്തെ റണ്‍ രാജാവാക്കി മാറ്റിയിരിക്കുന്നത്. 8000 റണ്‍സിലേക്കുള്ള അദ്ദേഹത്തിന്റെ യാത്ര ആ കഠിന പ്രയത്നത്തിന്റെ ഫലം തന്നെയാണ്. താരം നേടുന്ന റെക്കോര്‍ഡുകളും മത്സരത്തോടുള്ള സമീപനവും ഭാവിതാരങ്ങള്‍ക്കും പ്രചോദനമാണെന്നതില്‍ സംശയമില്ല. പുതിയ റെക്കോര്‍ഡ് കുറിച്ചതോടെ ക്രിക്കറ്റ് വിദഗ്ധരും ആരാധകരും ഒരേപോലെ വാഴ്ത്തിപ്പാടുകയാണ് വിരാട് കോലിയെന്ന ഇന്ത്യന്‍ അഭിമാനത്തെ. ഇനിയും ഇനിയും ഉയരങ്ങളിലെത്താന്‍ അദ്ദേഹത്തിനു സാധിക്കട്ടേയെന്നാണ് ഏതൊരു ഇന്ത്യക്കാരനും ഇന്നാഗ്രഹിക്കുന്നത്.
റണ്‍ നേടത്തില്‍ കോലിക്ക് പിന്നിലായി പഞ്ചാബ് കിംഗ്‌സ് ക്യാപ്റ്റൻ ശിഖര്‍ ധവാനുണ്ട്. 222 മത്സരങ്ങളില്‍ നിന്ന് 6769 റണ്‍സാണ് ധവാന്റെ നേട്ടം. മുൻ മുംബൈ ഇന്ത്യൻസ് നായകൻ രോഹിത് ശർമ്മ 257 കളികളിൽ നിന്ന് 6628 റൺസ് നേടിയിട്ടുണ്ട്.