Untitled design - 1

തു​ട​ക്ക​ത്തി​ൽ അന്യായ കളിയുമായി ഒ​ന്നാം സ്ഥാ​ന​ത്ത് മു​ന്നേ​റുകയും, അവസാന ഘട്ടത്തിൽ അടുപ്പിച്ച് പരാജയങ്ങൾ ഏറ്റുവാങ്ങുകയും ചെയ്ത ടീമാണ്​ രാ​ജ​സ്ഥാ​ൻ റോയൽസ്. ഇതിന് നേരേ തിരിച്ചാണ് റോയൽ ചലഞ്ചേഴ്സ് ബം​ഗ​ളൂ​രുവിന്റെ ചരിത്രം. ആദ്യം തുടർച്ചയായി പരാജയപ്പെടുകയും, എല്ലാവരും എഴുതിത്തള്ളുകയും ചെയ്ത ശേഷമായിരുന്നു ബം​ഗ​ളൂ​രുവിന്റെ അപ്രതീക്ഷിത തിരിച്ചുവരൽ. 

ഇന്നത്തെ രാ​ജ​സ്ഥാ​ൻ - ബം​ഗ​ളൂ​രു എലിമിനേറ്ററിൽ തോൽക്കുന്ന ടീം പുറത്താണ്.  ആ​ദ്യ എ​ട്ടി​ൽ ഏ​ഴ് മ​ത്സ​ര​ങ്ങ​ളും തോ​റ്റ ബം​ഗളൂരു ഇന്ന് ജയിച്ചാൽ, സഞ്ജുവിന്റെ രാജസ്ഥാൻ റോയൽസിന് വിഷമത്തോടെ മടങ്ങേണ്ടി വരും. ആദ്യം ഒ​മ്പ​തി​ൽ എ​ട്ട് കളികളും വിജ​യി​ച്ച രാ​ജ​സ്ഥാ​ൻ പി​ന്നീ​ട് ഏ​റ്റു​വാ​ങ്ങി​യ​ത് തു​ട​ർ​ച്ച​യാ​യ നാ​ല് അപ്രതീക്ഷിത തോൽവികളാണ്. അ​വ​സാ​ന മ​ത്സ​രം മ​ഴ​യും കൊ​ണ്ടു​പോ​യി. ​ഇതോ​ടെ എ​ലി​മി​നേ​റ്റ​റി​ലേ​ക്ക് ഇ​റ​ങ്ങേണ്ടി വന്നു രാജസ്ഥാന്. 

ഏറ്റവും ഒടുവിലത്തെ കിടിലൻ മത്സരത്തിൽ ചെന്നൈയെ തകർത്താണ്, റ​ൺ​റേ​റ്റി​ന്റെ കൂ​ടി ആ​നു​കൂ​ല്യ​ത്തി​ൽ വി​രാ​ട് കോലി​യു​ടെ ബം​ഗ​ളൂ​രു കടന്നുകൂടിയത്. ഇന്നു ജയിക്കുന്നത് ആരായാലും, അവർക്ക് ഫൈ​ന​ൽ സ്വപ്നവുമായി ര​ണ്ടാം ക്വാ​ളി​ഫ​യ​റി​ത് തയ്യാറെടുക്കാം. രാജസ്ഥാന്റെ സ്വന്തം ജോസേട്ടൻ ഇം​ഗ്ല​ണ്ടി​ലേ​ക്ക് മ​ട​ങ്ങി​യ​ത് ടീമിന് തിരിച്ചടിയാണ്. യ​ശ​സ്വി ജ​യ്സ്വാ​ളി​നൊ​പ്പം ഇനി ആരാകും ഓപ്പൺ ചെയ്യുകയെന്ന് കാത്തിരിന്നുതന്നെ കാണണം. 

ബാറ്റിങ്ങിൽ മലയാളി താരം സ​ഞ്ജു​ തന്നെയാണ് രാജസ്ഥാന്റെ പ്രതീക്ഷ. സഞ്ജു ഇന്ന് തകർത്തടിക്കുമെന്ന കണക്കുകൂട്ടലിൽ തന്നെയാണ് ആരാധകരും. ബെം​ഗളൂരു നിരയിൽ തുടക്കത്തിൽ തന്നെ കോ​ഹ്‍ലി​യും ക്യാ​പ്റ്റ​ൻ ഫാ​ഫ് ഡു ​പ്ലെ​സി​സും തകർത്തടിച്ചാൽ പിന്നീടെത്തുന്ന ര​ജ​ത് പാ​ട്ടി​ദാ​റിനും ദി​നേ​ശ് കാ​ർ​ത്തി​കിനുമൊക്കെ ടെൻഷനില്ലാതെ ബാറ്റുവീശാം. മു​ഹ​മ്മ​ദ് സി​റാ​ജ് ന​യി​ക്കു​ന്ന ബം​ഗളൂരുവിന്റെ പേ​സ് ബൗ​ളി​ങ് നി​ര​യി​ൽ യാ​ഷ് ദ​യാൽ തന്നെയാണ് ശ്രദ്ധാകേന്ദ്രം. ചെ​ന്നൈക്കെ​തി​രെ ബം​ഗ​ളൂ​രു​ ജയിക്കാനുള്ള പ്രധാന കാരണവും യാ​ഷ് ദ​യാലിന്റെ സെൻസിബിൾ ബൗളിങ് തന്നെയായിരുന്നു. 

ചെ​ന്നൈ-ബം​ഗ​ളൂ​രു മത്സരത്തിൽ പ്ലേ ഓഫിലേക്ക് ക്വാളിഫൈ ചെയ്യാന്‍ ചെന്നൈയ്ക്ക് വേണ്ടിയിരുന്നത് 6 ബോളിൽ 17 റണ്‍സാണ്. ധോണി പതിവുശൈലിയിൽ ആദ്യ പന്ത് തന്നെ അതിര്‍ത്തി കടത്തി പ്ലേ ഓഫ് പ്രതീക്ഷ സജീവമാക്കിയിരുന്നു. എന്നാൽ എന്നാല്‍ രണ്ടാം പന്തില്‍ യാഷ് ദയാൽ ധോണിയെ കൂടാരം കയറ്റി ചെന്നൈ ക്യാമ്പിനെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. പിന്നീട് രണ്ട് പന്തുകളില്‍ നിന്ന് ശര്‍ദുല്‍ താക്കൂര്‍ നേടിയത് ഒരു റണ്‍സ് മാത്രം. അവസാന രണ്ട് പന്തിലും ഒരു ബൗണ്ടറി പോലും നേടാന്‍ രവീന്ദ്ര ജഡേജയ്ക്കും സാധിച്ചില്ല. അങ്ങനെ യാഷ് ദയാലിന്റെ അത്യു​ഗ്രൻ ഓവറിലാണ് ചെന്നൈയെ തകർത്തെറിഞ്ഞ് ആര്‍സിബി പ്ലേ ഓഫിലേക്ക് കടന്നത്. അതുകൊണ്ടുതന്നെ രാജസ്ഥാൻ ബാറ്റർമാർ  യാഷ് ദയാലിനെ വളരെ കരുതിയായിരിക്കും നേരിടുക. 

ഒന്നാം ക്വാളിഫയർ മത്സരത്തിൽ, സൺറൈസേഴ്സ് ഹൈദരാബാദിനെ 8 വിക്കറ്റിന് തകർത്താണ് കൊൽക്കത്ത ഫൈനലിൽ കടന്നത്.  ആദ്യ ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദിനെ 19.3 ഓവറിൽ 159 റൺസിന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് എറിഞ്ഞൊതുക്കുകയായിരുന്നു. കൊൽക്കത്ത വെറും 13.4 ഓവറിൽ രണ്ടു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യത്തിലെത്തി. പരാജയപ്പെട്ടുവെങ്കിലും, ഹൈദരാബാദിന് രണ്ടാം ക്വാളിഫയറിലൂടെ തിരിച്ചുവരാൻ കഴിയും. ബംഗളൂരു - രാജസ്ഥാൻ എലിമിനേറ്ററിൽ വിജയിച്ചുവരുന്ന ടീമിനോടായിരിക്കും സൺ റൈസേഴ്സ് രണ്ടാം ക്വാളിഫയറിൽ മത്സരിക്കുക. ബുധനാഴ്ചയാണ് മത്സരം. 

ENGLISH SUMMARY:

Today's IPL Match: RR vs RCB Eliminator