Untitled design - 1

സ്വന്തം കാണികള്‍ക്ക് മുന്നില്‍ അവസാന മത്സരവും തോറ്റ്, അവസാന സ്ഥാനത്ത് ഫിനിഷ് ചെയ്ത് ഐപിഎല്ലിൽ നിന്ന് മുംബൈയുടെ മടക്കം. മുംബൈയ്ക്ക് 14 കളികളില്‍ എട്ട് പോയിന്‍റ് മാത്രമാണ് നേടാനായത്. കെ എൽ രാഹുൽ നയിച്ച  ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ് 18 റണ്‍സിനാണ് മുംബൈയെ പരാജയപ്പെടുത്തിയത്. നിലവിൽ ഏഴാം സ്ഥാനത്തുള്ള ലഖ്നൗ ജയിച്ചുവെങ്കിലും ഇനി പ്ലേ ഓഫിലെത്താൻ വിദൂര സാധ്യത പോലുമില്ല. 

ആദ്യം ബാറ്റ് ചെയ്ത ലക്നൗ നിശ്ചിത 20 ഓവറിൽ 214/6 എന്ന വലിയ സ്കോർ നേടിയപ്പോൾ, മുംബൈയുടെ പ്രത്യാക്രമണം 196/6 ൽ അവസാനിച്ചു. അവസാന മത്സരത്തിൽ രോഹിത് ശര്‍മയും (38 പന്തില്‍ 68), നമന്‍ ധിറും (28 പന്തില്‍ 62 ) അര്‍ധസെഞ്ചുറികള്‍ നേടിയെങ്കിലും ടീമിന് വിജയിക്കാനായില്ല. ലഖ്നൗവിനായി രവി ബിഷ്ണോയിയും നവീന്‍ ഉള്‍ ഹഖും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 

ഓപ്പണിംഗ് വിക്കറ്റില്‍ രോഹിത് ശര്‍മയും ഡെവാള്‍ഡ് ബ്രെവിസും ചേർന്ന് 8.4 ഓവറില്‍  88 റണ്‍സടിച്ച് തുടക്കം ​ഗംഭീരമാക്കി. എന്നാൽ ബ്രെവിസ് 20 പന്തില്‍ 23 റണ്‍സെടുത്ത് ഔട്ടായി. പിന്നാലെയെത്തിയ സൂര്യകുമാര്‍ യാദവിനെ പൂജ്യനായി ക്രുനാല്‍ പാണ്ഡ്യ പവലിയനിലെത്തിച്ചു. പിന്നാലെ രോഹിത് ശര്‍മയും കൂടാരം കയറിയതോടെ മുംബൈ 97-3ലേക്ക് വീണു. 15 പന്തില്‍ 14 റൺസുമായി ഇഷാന്‍ കിഷനും 13 പന്തില്‍ 16 റൺസുമായി ഹാര്‍ദ്ദിക് പാണ്ഡ്യയും വീണ്ടും പരാജയമായപ്പോഴും അവസാന നിമിഷം പൊരുതി നോക്കിയത് നമാന്‍ ധിറാണ് ആയിരുന്നു. (28 പന്തില്‍ പുറത്താവാതെ 62).

ആദ്യം ബാറ്റിങ്ങിനിറങ്ങിയ ലഖ്നൗ നിക്കോളാസ് പുരാന്‍റെ തകർപ്പൻ പ്രകടനത്തിലൂടെയാണ് മികച്ച സ്കോർ നേടിയത്. 29 പന്തില്‍ 75 റൺസാണ് നിക്കോളാസ് പുരാൻ അടിച്ചെടുത്തത്.  ക്യാപ്റ്റന്‍ കെ എല്‍ രാഹുൽ അര്‍ധസെഞ്ചുറി നേടി. അതേസമയം, അടുത്ത ഐപിഎല്‍ സീസണിന് മുന്‍പായി രോഹിത് ശര്‍മയേയും ഹര്‍ദിക് പാണ്ഡ്യയേയും മുംബൈ ഇന്ത്യന്‍സ് ഒഴിവാക്കിയേക്കുമെന്ന് ഇന്ത്യന്‍ മുന്‍ താരം വീരേന്ദര്‍ സെവാഗ് അഭിപ്രായപ്പെട്ടിരുന്നു. ആമിര്‍ ഖാന്‍, ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍ എന്നിവരെ ഒരു സിനിമയില്‍ കൊണ്ടുവന്നു എന്ന് വെച്ച് സിനിമ ഹിറ്റാവും എന്ന് ഉറപ്പ് പറയാനാവില്ലെന്നായിരുന്നു സെവാഗിന്റെ വാക്കുകള്‍. 2025ലെ ഐപിഎല്‍ മെഗാ താര ലേലം ഈ വര്‍ഷം അവസാനത്തോടെ നടക്കും. 10 ഫ്രാഞ്ചൈസികള്‍ക്കും താത്പര്യമുള്ള താരങ്ങളെയെല്ലാം ടീമില്‍ നിലനിര്‍ത്താം. 

IPL:

Mumbai Indians finish bottom of the table despite Rohit Sharma’s last day