ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം തിരഞ്ഞെടുപ്പിലെ ഉള്‍പ്പെടുത്തലും ഒഴിവാക്കലും വലിയ ചര്‍ച്ചയായതാണ്. ഫോമിലല്ലാത്ത ഹര്‍ദിക് പാണ്ഡ്യയെ ഉള്‍പ്പെടുത്തിയതും ശുഭ്മന്‍ ഗില്‍, റിങ്കു സിങ് പോലുള്ള താരങ്ങളുടെ ഒഴിവാക്കലും ഇതിനുള്ള കാരണങ്ങളായിരുന്നു. ലോകകപ്പ് തുടങ്ങാനിരിക്കെ ടീം സെലക്ഷനുമായി ബന്ധപ്പെട്ട് പുതിയ വിവാദമാണ് പുറത്തുവരുന്നത്. ഐപിഎല്ലില്‍ മോശം ഫോം തുടരുന്നതിനിടയിലും ഹര്‍ദിക് പാണ്ഡ്യയെ ഇന്ത്യന്‍ ടീമിലേക്ക് പരിഗണിച്ചത് സമ്മ​ര്‍ദ്ദഫലമായാണെന്നാണ് ദേശിയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. 

ഫോം ഔട്ടായിട്ടും ഹര്‍ദിക്കിനെ ടീമിലെടുത്തതിന് കാരണം, മറ്റൊരു ബദല്‍ ഇല്ലാത്തതിനാലാണെന്ന് ടീം പ്രഖ്യാപനത്തിന് ശേഷം ബിസിസിഐ ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറും ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വ്യക്തമാക്കിയിരുന്നത്. ഐപിഎല്‍ പ്രകടനത്തിന്‍റെ അടിസ്ഥാനത്തില്ല ടീം സെലക്ഷനെന്ന് ബിസിസിഐ സെക്രട്ടറി ജയ്ഷായും പറഞ്ഞു. ടി20 ലോകകപ്പ് ടീമിനെ തിരഞ്ഞെടുക്കുമ്പോള്‍ വിദേശ പര്യടനങ്ങളിലെ പരിചയം കൂടി കണക്കിലെടുത്തു എന്നാണ് ജയ്ഷാ പറഞ്ഞത്. എന്നാല്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കോ സെലക്ഷന്‍ കമ്മിറ്റിക്കോ ഹര്‍ദിക്കിനെ ടീമിലെടുക്കുന്നതില്‍ താല്‍പര്യ കുറവുണ്ടായിരുന്നു എന്നാണ് ദേശിയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. 

അഹമ്മദാബാദില്‍ നടന്ന സെലക്ഷന്‍ കമ്മിറ്റി യോഗത്തില്‍ രോഹിത് ശര്‍മയും, ബിസിസിഐ ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറും മറ്റു ചില സെലക്ഷന്‍ കമ്മിറ്റി അംഗങ്ങഴും തീരുമാനത്തിന് എതിരായിരുന്നു. ഒടുവില്‍ സമ്മര്‍ദ്ദഫലമായി ഹര്‍ദിക് പാണ്ഡ്യ ടീമിലെത്തി. ഏത് തരത്തിലുള്ള സമ്മര്‍‍ദ്ദമാണ് ഹര്‍ദിക്കിന്‍റെ കാര്യത്തിലുണ്ടായിരുന്നത് എന്ന് വ്യക്തമല്ല. ഇന്ത്യന്‍ ടീമില്‍ നിലവിലുള്ള മികച്ച ഫാസ്റ്റ് ബൗളിങ് ഓള്‍റൗണ്ടറായതിനാലുള്ള സാഹചര്യ സമ്മര്‍ദ്ദമാണോ ചില ഭാഗങ്ങളില്‍ നിന്നുള്ള സമ്മര്‍ദ്ദമാണോ എന്നതില്‍ റിപ്പോര്‍ട്ട് വ്യക്തത നല്‍കുന്നില്ല. 

നിലവിലെ ഇന്ത്യന്‍ ടീമില്‍ ഹര്‍ദ്ദിക് സാമാനമായ പേസ് ബൗളിങ് ഓള്‍റൗണ്ടറില്ല. ശിവം ദുബൈയാണ് ഹര്‍ദിക്കിന് ടീമിലെ ബദല്‍. യുഎസ്എയിലും വെസ്റ്റ്ഇന്‍ഡീസിലുമായി നടക്കുന്ന ടൂര്‍ണമെന്‍റ് ജൂണ്‍ രണ്ടിനാണ് ആരംഭിക്കുക. ആദ്യ മല്‍സരം യുഎസ്എയും കാനഡയും തമ്മിലാണ്. 

ENGLISH SUMMARY:

Hardik Pandya Selected To Indian T20 World Cup Team On Pressure; Rohit And Agarkar Against It