ലയണല്‍ മെസ്സിയുടെ പിന്‍ഗാമിയായി അര്‍ജന്റീനയെ നയിക്കാന്‍ ക്രിസ്റ്റ്യന്‍ റൊമേറോ. ബൊളീവിയക്കെതിരെയാണ് അര്‍ജന്റീനയുടെ അടുത്ത മല്‍സരം. അതേസമയം കരാര്‍ പുതുക്കാനുള്ള ചര്‍ച്ചകള്‍ക്ക് തയ്യാറെന്ന് അര്‍ജന്റീന പരിശീലകന്‍ ലയണല്‍ സ്കലോനി പറഞ്ഞു.
ലയണല്‍ മെസ്സിയില്‍ നിന്ന് അര്‍ജന്റീനയുടെ ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുക്കുകയാണ് ക്രിസ്റ്റ്യന്‍ റൊമേറോ. 2011 ലാണ് ലയണല്‍ മെസ്സി അര്‍ജന്റീനയുടെ നായകസ്ഥാനത്ത് എത്തുന്നത്. 15 വര്‍ഷത്തിന് ശേഷമാണ് അര്‍ജന്റീനയെ നയിക്കാന്‍ പുതിയ നായകനെത്തുന്നത്. 2021 മുതല്‍ അര്‍ജന്റീന താരമാണ് 28 കാരനായ ക്രിസ്റ്റ്യന്‍ റൊമേറോ. പ്രീമിയര്‍ ലീഗ് ക്ലബ് ടോട്ടനം ഹോട്സ്പര്‍ നായകനായിരുന്നു.
58 മല്‍സരങ്ങളില്‍ അര്‍ജന്റീനയുടെ ജേഴ്സിയണിഞ്ഞു. ലോകകപ്പില്‍ ഈജിപ്തിനെതിരായ നിര്‍ണായക ഗോള്‍ ഉള്‍പ്പടെ ദേശീയ ടീമിനായി നാല് ഗോളുകള്‍ നേടിയിട്ടുണ്ട്. പരിശീലകന്‍ ലയണല്‍ സ്കലോനിയാണ് റൊമേറോയ്ക്ക് നായകസ്ഥാനം നല്‍കിയത്. അര്‍ജന്റീനയുമായുള്ള സ്കലോനിയുടെ കരാര്‍ ഈ വര്‍ഷം അവസാനിക്കും.
കരാര്‍ പുതുക്കാനുള്ള ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് സ്കലോനി പറഞ്ഞു. പരിശീലന സെഷന് ശേഷമുള്ള വാര്‍ത്താസമ്മേളനത്തിലാണ് സ്കലോനിയുടെ പ്രതികരണം. ലോകകപ്പ് തോല്‍വിക്ക് പിന്നാലെ പരിശീലകസ്ഥാനത്ത് തുടരില്ലെന്ന് സ്കലോനി സൂചിപ്പിച്ചിരുന്നു. സൗഹൃദ മല്‍സരങ്ങളില്‍ ബൊളീവിയ, ബുര്‍ക്കിന ഫാസോ, ബെനിന്‍ ടീമുകളെയാണ് അര്‍ജന്റീന നേരിടുന്നത്.