carloancelotti-new

ഇന്ത്യയിൽ ഫുട്ബോള്‍ സംസ്കാരമില്ലാത്തതാണ് തിരിച്ചടിയെന്ന് ബ്രസീല്‍ ടീം പരിശീലകന്‍ കാർലോ ആഞ്ചലോട്ടി. അടിത്തട്ടിലുള്ള പരിശീലന പരിപാടികള്‍ ഇന്ത്യയിലില്ലെന്ന് ആഞ്ചലോട്ടി പറഞ്ഞു. അടുത്തമാസം മൂന്നിന് നടക്കുന്ന ഇന്ത്യ–ബ്രസീല്‍ മല്‍സരത്തിന് മുന്നോടിയായാണ് ഇന്ത്യൻ ഫുട്ബോളിനെക്കുറിച്ച് ലോകത്തെ ഏറ്റവും മികച്ച പരിശീലകന്റെ തുറന്നുപറച്ചില്‍.

ഇന്ത്യ എന്തുകൊണ്ട് ഫുട്ബോളില്‍ മുന്നേറുന്നില്ല എന്ന ചോദ്യത്തിന് ഏറ്റവും കൃത്യമായ ഉത്തരമാണ് കാർലോ ആഞ്ചലോട്ടി തുറന്നുപറയുന്നത്. യുവാക്കളായ കളിക്കാരെ വളർത്തിയെടുക്കാൻ സഹായിക്കുന്ന ഗ്രാസ്റൂട്ട് പരിശീലന പരിപാടികൾ രൂപീകരിക്കാൻ ഇന്ത്യക്ക് ഇതുവരെ സാധിച്ചിട്ടില്ല. ഇന്ത്യയിൽ ഒരു ഫുട്ബോൾ സംസ്കാരമില്ല, എന്നാൽ, മറ്റ് കായിക ഇനങ്ങളിൽ മികവുണ്ട്. പുതിയൊരു തലമുറയിലെ കളിക്കാരെ വാർത്തെടുക്കാൻ ഈ മേഖലയിൽ കൂടുതൽ പ്രവർത്തിക്കേണ്ടതുണ്ടെന്നും മുൻ റയൽ മഡ്രിഡ് പരിശീലകൻ കൂടിയായ ആഞ്ചലോട്ടി വ്യക്തമാക്കി. കൊൽക്കത്തയിൽ വെച്ച് നടക്കുന്ന ഇന്ത്യ-ബ്രസീൽ സൗഹൃദ മത്സരത്തിന് മുന്നോടിയായി ഒരു ഇംഗ്ലീഷ് മാധ്യമത്തോട് സംസാരിക്കവെയാണ്, ഇന്ത്യ സന്ദർശിക്കാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് ആഞ്ചലോട്ടി വ്യക്തമാക്കിയത്. 

ലോകോത്തര ശേഷിയുള്ള എതിരാളികൾക്കെതിരെ കളിച്ച് ഇന്ത്യക്ക് വലിയ പരിചയമില്ല. ഇരു ടീമുകൾക്കും പരസ്പരം മനസ്സിലാക്കാനുള്ള മികച്ച അവസരമായിരിക്കും കൊല്‍ക്കത്തയിലേത്. ഇന്ത്യയിലെ മത്സരം ആവേശകരമായിരിക്കുമെന്ന് കരുതുന്നതായും ആദ്യമായാണ് ഇന്ത്യ സന്ദര്‍ശിക്കാനൊരുങ്ങുന്നതെന്നും ആഞ്ചലോട്ടി പറഞ്ഞു. 2026 ജൂലൈ 20ന് പുറത്തുവന്ന ഏറ്റവും പുതിയ ഫിഫ റാങ്കിംഗ് പ്രകാരം ഇന്ത്യ 138-ാം സ്ഥാനത്താണ്.

ENGLISH SUMMARY:

Carlo Ancelotti, the Brazil team coach, believes India lacks a football culture and robust grassroots training programs, hindering its progress in the sport. He highlighted the absence of structured development for young players as a key reason why India is not advancing in football.