messi

TOPICS COVERED

ലയണല്‍ മെസ്സിയെ ഏറ്റവുംകൂടുതല്‍ മിസ് ചെയ്യുന്നത് ആരായിരിക്കും? ആരാധകരെക്കാള്‍ അത് അര്‍ജന്‍റീന ഫുട്ബോള്‍ ടീം തന്നെയാണ്. കോച്ച് ലയോണല്‍ സെബാസ്റ്റ്യന്‍ സ്കലോനി എങ്ങനെയാകും ടീമിനെ സജ്ജമാക്കുക എന്നതാണ് ഇപ്പോള്‍ ഫുട്ബോള്‍ ലോകത്തെ വലിയ ചര്‍ച്ച. 

ഈ ലോകത്ത് ആരും അനിവാര്യരല്ലെന്ന തത്വം ആവര്‍ത്തിച്ചുറപ്പിക്കാനാകും അര്‍ജന്‍റീന പരിശീലകന്‍ ലയോണല്‍ സെബാസ്റ്റ്യന്‍ സ്കലോനി ഒരുപക്ഷേ ഇപ്പോള്‍ ഇഷ്ടപ്പെടുക. കാരണം  അദ്ദേഹം മല്‍സരത്തിന് തയാറെടുക്കുമ്പോള്‍ ആ വലിയ പേരും അതിനെച്ചുറ്റിപ്പറ്റിയുള്ള ആലോചനകളും ഇനി ഇല്ല. എതിരാളിക്കെതിരെ ഒരുപദ്ധതിയും രൂപപ്പെടുന്നില്ലെങ്കില്‍ ഒരാശ്വാസമുണ്ടായിരുന്നു. മെസ്സി എന്തെങ്കിലും ചെയ്യും. ആ സാധത്യ അടഞ്ഞു. അതുകൊണ്ട് സ്കലോനിയുടെ മുന്നിലുള്ള ചോദ്യം മെസ്സിക്ക് പകരം ആര് എന്നതല്ല. മെസ്സിയില്ലാതെ അർജന്‍റീന എങ്ങനെ കളിക്കും എന്നതാണ്. 

അത് ഇപ്രകാരമൊക്കെയാകാം. മെസ്സിയുടെ അഭാവത്തിൽ ഏറ്റവും കൂടുതൽ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടത് ജൂലിയൻ അൽവാരസായിരിക്കും. മെസ്സിയെപ്പോലെ കളിക്കാരെ മറികടന്ന് അവസരം സൃഷ്ടിക്കുന്ന പ്ലേമേക്കർ അല്ല അൽവാരസ്. എന്നാൽ അദ്ദേഹത്തിന്‍റെ വേഗവും ലക്ഷ്യം കാണാനുള്ള മികവും അർജന്‍റീനയ്ക്ക് പുതിയ ആക്രമണ മാതൃക നൽകും.  ലൗട്ടാരോ മാർട്ടിനെസും നിക്കോ ഗോൺസാലസും ഒപ്പംകൂടിയാല്‍ ബോക്സിനുള്ളില്‍ കരുത്താകും. മധ്യനിരയില്‍  പരീക്ഷിക്കാവുന്ന മറ്റൊരു കൂടുക്കെട്ടാണ് മാക് അലിസ്റ്റർ– എൻസോ ഫെർണാണ്ടസ് റോഡ്രിഗോ ഡി പോൾ–നിക്കോ പാസ് സഖ്യം. അങ്ങനെ നോക്കുമ്പോൾ മെസ്സിയുടെ അഭാവത്തിനുള്ള സ്കലോണിയുടെ മറുപടി ഒരു താരം അല്ല, ഒരു മധ്യനിരയാണ്.

പിന്നിൽ ക്രിസ്റ്റ്യൻ റൊമേറോയുടെ നേതൃത്വവും, ലിസാൻഡ്രോ മാർട്ടിനസിന്റെ പന്ത് കൈകാര്യം ചെയ്യാനുള്ള കഴിവും, വിങ് ബാക്കുകളുടെ ആക്രമണപങ്കാളിത്തവും തുടർന്നാൽ മെസ്സിയുടെ അഭാവം കുറച്ച് മറികടക്കാം. ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസിന്‍റെ സാന്നിധ്യം ടീമിന് ഇപ്പോഴും വലിയ ആത്മവിശ്വാസമാണ്. മെസ്സിയുണ്ടായിരുന്നപ്പോൾ അർജന്‍റീനയ്ക്ക് ഒരു പ്രത്യേക സുരക്ഷിതത്വബോധമുണ്ടായിരുന്നു. ആരില്‍നിന്ന് അതുണ്ടാക്കും അതാണ് വാസ്തവത്തില്‍ സ്കലോനിയുടെ യഥാർത്ഥ വെല്ലുവിളി.

ENGLISH SUMMARY:

Lionel Messi's absence presents a new challenge for Argentina's football team, forcing coach Lionel Scaloni to rethink tactics. The team must now adapt to playing without their star player, focusing on collective effort and new attacking strategies.