19ാം വയസില്‍ ലോകകപ്പ് ഉയര്‍ത്തിയ സ്പാനിഷ് ഫുട്ബോള്‍ താരം ലമീന്‍ യമാല്‍ മറ്റൊരു സന്തോഷത്തിന്റെ വക്കിലെന്ന് ആരാധകര്‍. 2026 ലോകകപ്പോടെ ആരാധകരുടെ എണ്ണം കുത്തനെ കൂട്ടിയ താരം ഒരച്ഛനാകാന്‍ പോകുന്നുവെന്ന സംശയങ്ങളും ചര്‍ച്ചകളുമാണ് വരുന്നത്. ബാര്‍സിലോന താരത്തിന്റെ പങ്കാളി 21 വയസ്സുകാരി ഇനസ് ഗാർസിയ സാന്റോസ് പങ്കുവച്ച ഒരു വിഡിയോ ആണ് ഈ ചര്‍ച്ചയ്ക്ക് കാരണമായത്.
‘തുടിക്കുന്ന ഒരു ഹൃദയത്തെ ഉള്ളില്‍ ചുമക്കുന്നതിന്റെ’ അനുഭവം പങ്കുവച്ച ഒരു ഗര്‍ഭിണിയുടെ ടിക് ടോക് വിഡിയോ ഇനസ് ഗാര്‍സിയ റീപോസ്റ്റ് ചെയ്തതാണ് ആരാധകര്‍ക്ക് പുതിയ ചര്‍ച്ചയ്ക്ക് സാഹചര്യമൊരുക്കിയത്. താനും സമാനമായ അവസ്ഥയിലൂടെ കടന്നുപോകുന്നുവെന്ന് പറയാതെ പറഞ്ഞതാണോ ഇനസ് ഈ വിഡിയോയിലൂടെ എന്നതാണ് എല്ലാവരുടേയും ചോദ്യം. അതേസമയം ഈ കാര്യത്തില്‍ ലമീന്‍ യമാലോ ഇനസ് ഗാര്‍സിയയോ ഔദ്യോഗികമായി പ്രതികരിക്കാന്‍ തയാറായിട്ടില്ല.
ഈ കഴിഞ്ഞ ലോകകപ്പ് കാലത്ത് യമാലിന്റെ കുഞ്ഞനുജന്‍ കെയ്നിന്റെ വിഡിയോക്കൊപ്പം തന്നെ ചര്‍ച്ചയായ മറ്റൊരു കാര്യം കൂടിയായിരുന്നു യമാലിന്റെ പങ്കാളി ഇനസിനെക്കുറിച്ചുള്ള വാര്‍ത്തകളും. ഫാഷന്‍ ഇന്‍ഫ്ലുവന്‍സറായ ഇനസിനും ഇന്‍സ്റ്റഗ്രാമിലും ടിക് ടോകിലും മില്യണിലേറെ ഫോളോവേഴ്സുണ്ട്. നേരത്തേ അർജന്റീന ഗായിക നിക്കി നിക്കോളയുമായി ലമീൻ യമാൽ പ്രണയത്തിലായിരുന്നു.
ഈ ബന്ധം അവസാനിച്ചതിനു പിന്നാലെയാണ് ഇനസുമായി അടുക്കുന്നത്. ബാർസിലോന ക്ലബ്ബ് സംഘടിപ്പിച്ച വിരുന്നിൽ ലമീൻ യമാലും ഇനസും ഒരുമിച്ചെത്തിയതോടെയാണ് ഇരുവരുടെയും ബന്ധം പരസ്യമായത്. 2023ൽ ആണ് യമാല്‍ ബാർസിലോനയിൽ അരങ്ങേറ്റം കുറിച്ചത്.