മെക്സിക്കന്‍ ഫുട്ബോളിലെ എക്കാലത്തെയും മികച്ച ഗോള്‍കീപ്പര്‍ ഗില്ലര്‍മോ ഒച്ചോവ വിരമിച്ചു. 22 വര്‍ഷം നീണ്ട പ്രഫഷനല്‍ കരിയര്‍ അവസാനിപ്പിച്ചതായി ഒച്ചോവ സമൂഹമാധ്യമങ്ങളിലൂടെയാണ് അറിയിച്ചത്. 'എന്നെത്തന്നെ മുഴുവനായും ഞാന്‍ ഫുട്ബോളിന് നല്‍കി. ക്ലബിനായും ദേശീയ ടീമിനായും പരമാവധി ചെയ്തു. ഇന്ന് ഞാന്‍ ആ ഗ്ലൗവ് അഴിക്കുകയാണ്. 90 മിനിറ്റും കണ്ണും കാതും കൂര്‍പ്പിച്ച് ഒരു ഗോള്‍ കീപ്പര്‍ നില്‍ക്കുന്നത് ആ ഒരൊറ്റ നിമിഷത്തിന് വേണ്ടിയാണ്, എല്ലാം നിങ്ങളുടെ കൈകളിലേക്ക് മാത്രം ചുരുങ്ങുന്ന ആ നിമിഷത്തിന്! ആ നിമിഷം മുന്നിലെത്തുമ്പോള്‍ നിങ്ങള്‍ക്ക് പകച്ച് നില്‍ക്കാനാവില്ല.
ഒരു സ്വപ്നത്തിന് ഇത്രദൂരമെന്നെ താങ്ങിയെടുത്ത് പറക്കാനാകുമെന്ന് ഞാന്‍ കരുതിയതേയല്ല. പിന്നിട്ട കാലത്തെ നോക്കി അങ്ങേയറ്റം അഭിമാനത്തോടെ ഞാന്‍ നന്ദി ചൊല്ലട്ടെ. മെക്സിക്കോയ്ക്കായി ഞാനെല്ലാം നല്‍കിയെന്ന് തിരിച്ചറിഞ്ഞ് ലക്ഷക്കണക്കിന് ജനങ്ങള്‍ നല്‍കുന്ന സ്നേഹം തികഞ്ഞ സമാധാനത്തോടെ ഞാന്‍ നെഞ്ചോട് ചേര്‍ക്കട്ടെ'- ഒച്ചോവ കുറിച്ചു.
ലോകകപ്പിന് പിന്നാലെ താന്‍ വിരമിക്കുമെന്ന് ഒച്ചോവ നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു. ആറ് ലോകകപ്പുകളിലാണ് ഒച്ചോവ മെക്സിക്കോയ്ക്കായി ഗോള്‍വല കാത്തത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസിയുമാണ് ആറ് ലോകകപ്പ് കളിച്ച മറ്റ് താരങ്ങള്‍. ഈ ലോകകപ്പില്‍ ബാക്കപ് ഗോള്‍ കീപ്പറായാണ് ഒച്ചോവയെ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നതെങ്കിലും മെക്സിക്കോയുടെ അവസാന ഗ്രൂപ്പ് മല്‍സരത്തില്‍ ചെക്ക് റിപ്പബ്ലിക്കിനെതിരെ അവസാന 13 മിനിറ്റിലേക്ക് കോച്ച് ഹവിയര്‍ അഗ്വിറേ ഒച്ചോവയെ കളത്തിലിറക്കി.
ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍, താന്‍ കളി തുടങ്ങിയ ആസ്ടെക്ക സ്റ്റേഡിയത്തിലെ സെന്‍റര്‍ സ്പോട്ടില്‍ നിന്നു. കരഞ്ഞു കലങ്ങിയ കണ്ണുകളോടെ ചുറ്റും നോക്കി കൈകളുയര്‍ത്തി. പിന്നെ നിലത്ത് മുട്ടുകുത്തി, ഗോള്‍ പോസ്റ്റുകളെ ചുംബിച്ച് മെക്സിക്കോയുടെ വിശുദ്ധന്‍ മടങ്ങി. ഇനിയൊരു ലോകകപ്പില്‍ മെക്സിക്കോയെ രക്ഷിക്കാന്‍ ഹെഡ് ബാന്‍ഡും കെട്ടി ഹിഗ്വിറ്റയെ ഓര്‍മിപ്പിച്ച് ഒച്ചോവ വരില്ല. അക്രോബാറ്റിക് സേവുകളും റിഫ്ലക്സുകളുമായി ജീവന്‍ കൊടുത്ത് ഗോള്‍വല കാത്ത രണ്ട് പതിറ്റാണ്ടിനിപ്പുറം മെക്സിക്കോയുടെ മെമോ ആള്‍ക്കൂട്ടത്തിലേക്ക് മറയുകയാണ്.