scaloni-messi-fifa

ഫിഫ ലോകകപ്പ് ഫൈനലില്‍ അർജന്റീനയെ എക്സ്ട്രാ ടൈമിൽ വീഴ്ത്തിയാണ് സ്പെയിൻ ലോക ചാമ്പ്യന്മാരാകുന്നത്. ന്യൂ ജേഴ്‌സിയിൽ നടന്ന വാശിയേറിയ പോരാട്ടത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു സ്പെയിനിന്‍റെ വിജയം. തോല്‍വിയോടെ മടങ്ങേണ്ടി വന്നെങ്കിലും മത്സരശേഷം അര്‍ജന്‍റീനയുടെ ഇതിഹാസ താരം ലയണൽ മെസ്സിയെ വാനോളം പുകഴ്ത്തുകയാണ് കോച്ച് ലയണൽ സ്കലോണി. ഒപ്പം മെസിയുടെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്കും അദ്ദേഹം വിരാമമിട്ടു.

‘മെസ്സിക്ക് ഇപ്പോൾ 39 വയസ്സായി, എനിക്കു പോലും വിശ്വസിക്കാനാകുന്നില്ല! അദ്ദേഹം ആഗ്രഹിക്കുന്നത് വരെ അദ്ദേഹം കളി തുടരും. അതിൽ പുതിയതായി ഒന്നുമില്ല. ടീമിലെ ഓരോ കളിക്കാരനും അർജന്റീനയിലെ ജനങ്ങളും അദ്ദേഹത്തിന് ഒപ്പമുണ്ട്. എക്കാലത്തെയും മികച്ച ഫുട്ബോൾ താരമാണ് മെസ്സി, അദ്ദേഹത്തിന്റെ നേട്ടങ്ങളിൽ എല്ലാവരും അഭിമാനിക്കുന്നു’ സ്കലോണിയെ ഉദ്ധരിച്ച് ദി അത്‌ലറ്റിക് റിപ്പോര്‍ട്ട് ചെയ്യുന്നു.

നേരത്തെ തന്നെ ഫൈനലില്‍ കിരീടം കൈവിട്ടതില്‍ മെസിയും പ്രതികരിച്ചിരുന്നു. കിരീടം നഷ്ടമായ വേദന സഹിക്കാന്‍ പറ്റുന്നതിനുമപ്പുറമാണെന്നായിരുന്നു പ്രതികരണം. 'ഈ വേദന ആഴമേറിയതാണ്. ഈ മുറിവുണങ്ങാന്‍ കാലമേറെ വേണ്ടി വരും. കളിയുടെ ഗതി തിരിച്ചുവിട്ട് ജയിച്ചു കയറിയതും എല്ലാം അര്‍പ്പിച്ച് കളിച്ച ടീമും എല്ലാം ഓര്‍മയില്‍ എക്കാലവുമുണ്ടാകും. ഈ രാജ്യം നല്‍കിയ പിന്തുണയും, ഈ ടീമിന്‍റെ കഠിനാധ്വാനവും പരിശ്രമവുമെല്ലാമാണ് ലോകത്തിലേക്കും ഏറ്റവും മികച്ചവരാക്കി ഞങ്ങളെ മാറ്റിയത്. അതെല്ലാം നല്ല ഓര്‍മകളായി ഒപ്പമുണ്ടാകും. ഞങ്ങളുടെ നേട്ടത്തെ അതിന്‍റെ പൂര്‍ണരീതിയില്‍ അംഗീകരിക്കാന്‍ കഴിയുന്ന അവസ്ഥയിലല്ല ഇപ്പോള്‍ ഉള്ളത്. പക്ഷേ തുടര്‍ച്ചയായി രണ്ടാം ലോകകപ്പ് ഫൈനല്‍ വരെ എത്തിയ ടീമാണിതെന്ന് ആരും വിസ്മരിക്കേണ്ട' എന്നായിരുന്നു മെസിയുടെ ഇന്‍സ്റ്റഗ്രാമിലെ കുറിപ്പ്.

2026 ലോകകപ്പ് ഫൈനൽ മെസ്സിയുടെ അവസാന ലോകകപ്പ് മത്സരമായിരിക്കുമെന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. മത്സരത്തിന് ശേഷം രാജ്യാന്തര മത്സരങ്ങളിൽ നിന്ന് മെസ്സി വിരമിക്കൽ പ്രഖ്യാപിക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്. സ്പെയിനിനെതിരായ ഫൈനലിന് മുൻപ് മെസി പങ്കുവച്ച വൈകാരികമായ കുറിപ്പും ഈ അഭ്യൂഹങ്ങള്‍ക്ക് ശക്തി പകര്‍ന്നിരുന്നു. തന്റെ ടീമിനുമൊപ്പമുള്ള ചിത്രത്തിനൊപ്പമായിരുന്നു കുറിപ്പ്. ടീമിനൊപ്പം പങ്കിട്ട ഓരോ ദിവസവും വിലപ്പെട്ടതായിരുന്നെന്ന് മെസ്സി കുറിച്ചു. ഫൈനലിന്റെ വിധി എന്തുതന്നെയായാലും അർജന്റീന ടീം ആർക്കും മറക്കാനാകാത്ത ചരിത്രം ഇതിനോടകം രചിച്ചുകഴിഞ്ഞു എന്ന് പറഞ്ഞുകൊണ്ടാണ് മെസ്സി കുറിപ്പ് അവസാനിപ്പിച്ചത്.

അതേസമയം, നോക്കൗട്ട് മല്‍സരങ്ങളില്‍ അമ്പരപ്പിക്കുന്ന ജയമാണ് അര്‍ജന്റീന നേടിയതെങ്കിലും ഫൈനലില്‍ ടാര്‍ഗറ്റിലേക്ക് ഷോട്ടുകളെത്തിക്കുന്നതിലും പന്തടക്കത്തിലുമെല്ലാം അര്‍ജന്റീന അമ്പേ പരാജയപ്പെട്ടിരുന്നു. മത്സരത്തിന്റെ 106-ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ ഫെറാൻ ടോറസാണ് സ്പെയിനിനായി വിജയഗോൾ നേടിയത്. ഫൈനൽ മത്സരത്തിൽ 12 തവണയാണ് സ്പെയിൻ അർജന്റീനയുടെ ഗോളിലേക്ക് ഷോട്ട് ഉതിർത്തത്. എക്സ്ട്രാ ടൈമിൽ അർജന്റീന താരം എൻസോ ഫെർണാണ്ടസ് ചുവപ്പ് കാർഡ് കണ്ട് പുറത്തായതും അർജന്റീനയ്ക്ക് തിരിച്ചടിയായി.

ENGLISH SUMMARY:

Spain became world champions after defeating Argentina 1–0 in extra time in a fiercely contested FIFA World Cup final in New Jersey, with substitute Ferran Torres scoring the decisive goal in the 106th minute. Following the defeat, Argentina manager Lionel Scaloni dispelled retirement rumors surrounding 39-year-old Lionel Messi, stating that Messi will continue playing as long as he desires and emphasizing his status as the greatest footballer of all time. Messi expressed deep heartbreak over losing the title on Instagram, while reminding fans that reaching consecutive World Cup finals remains a remarkable achievement. The high-stakes match also saw Argentina reduced to ten men after Enzo Fernández received a red card during extra time.