rackoon-whiskey

Image Credit : Twitter

ഫിഫ ലോകകപ്പിൽ നിന്നു നോര്‍വേ പുറത്തായെങ്കിലും സോഷ്യല്‍ മീഡിയയിലെ എർലിങ് ഹാളണ്ട് തരംഗത്തിന് യാതൊരു കുറവും സംഭവിച്ചിട്ടില്ല. ഹാളണ്ടിന്‍റെ നടപ്പും ഓട്ടവും എന്തിനേറെ ഭക്ഷണം കഴിക്കുന്ന വിഡിയോസ് പോലും സൈബറിടത്ത് കയ്യടികള്‍ ഏറ്റുവാങ്ങുകയാണ്. ഇപ്പോഴിതാ നാട്ടിലേക്ക് മടങ്ങിയ ഹാളണ്ടിന്‍റെ കയ്യിലെ രസകരമായ ഒരു സാധനമാണ് വൈറലായി മാറിയിരിക്കുന്നത്. 

തിങ്കളാഴ്ച ഓസ്​ലോ വിമാനത്താവളത്തില്‍ വന്നിറങ്ങിയ ഹാളണ്ട് പുറത്തേക്കിറങ്ങിയത് റാക്കൂണിനെ സ്റ്റഫ് ചെയ്ത ഒരു കുപ്പിയുമായായിരുന്നു. ഇതാണ് സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയത്. 750 യുഎസ് ഡോളർ (ഏകദേശം 72,000 രൂപ) വിലവരുന്ന ഒരു വിസ്കിയായിരുന്നു അത്. ‘ഇത് എന്നെ വീടുവരെ പിന്തുടർന്നു’ എന്ന അടിക്കുറിപ്പോടെ ഹാളണ്ട് ചിത്രം സൈബറിടത്ത് പങ്കുവയ്ക്കുക കൂടി ചെയ്തതോടെ ഈ വിസ്കിയെ കുറിച്ച് അറിയാനും അത് വാങ്ങാനുമായി തിരക്ക്. 

'വിസ്കി റാക്കൂണ്‍' എന്നാണ് ഈ മദ്യത്തിന്‍റെ പേര്. ടെക്സാസിൽ നിന്നാണ് ഈ വിസ്കി ഹാളണ്ട് വാങ്ങിയത്. വൈൽഡ് ബില്ലിന്റെ വെസ്റ്റേൺ സ്റ്റോർ ഹാളണ്ട് സന്ദര്‍ശിച്ചിരുന്നതായും അവിടെ നിന്നുമാണ് ഈ വിസ്കി അദ്ദേഹം വാങ്ങിയതെന്നുമാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഹാളണ്ട് ഇതിന്‍റെ ചിത്രം പങ്കുവച്ചതോടെ അവ മുഴുവനും വിറ്റുപോയെന്ന് സ്ഥാപനം സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. 'ഹാളണ്ട് ഇഫക്റ്റിന് നന്ദി' 750 യുഎസ് ഡോളർ വിലയുള്ള വിസ്കി റാക്കൂണ്‍ ഓൺലൈനിൽ വേഗത്തിൽ വിറ്റുതീർന്നെന്നും ലോകമെമ്പാട് നിന്നും പെട്ടെന്ന് ഓർഡറുകൾ വരുന്നതുമൂലം രാജ്യാന്തര ഷിപ്പിങ് വേഗത്തിലാക്കിയിരിക്കുകയാണ് എന്നും സ്ഥാപനം എക്സില്‍ കുറിച്ചു.  

ENGLISH SUMMARY:

Erling Haaland's viral Rakoon Whiskey has taken social media by storm, even after Norway's exit from the FIFA World Cup. This unique whiskey, costing $750, has seen an unprecedented surge in demand and sold out after Haaland shared a picture of it online.