ലോകകപ്പില്‍ അർജന്‍റീന ഇംഗ്ലണ്ടിനെ നേരിടുമ്പോള്‍, വൈകാരിക രാഷ്ട്രീയ പശ്ചാത്തലം വീണ്ടും ഉയര്‍ന്നുവരും. 1982-ൽ ഫോക്ക്‌ലൻഡ് ദ്വീപുകളുടെ ഉടമസ്ഥതയെച്ചൊല്ലി ബ്രിട്ടനും അർജന്‍റീനയും തമ്മിലുണ്ടായ യുദ്ധത്തിന്‍റെ കനലുകള്‍ ഇന്നും അവശേഷിക്കുന്നു. ലോകകപ്പില്‍ മെസി–ഹാരി കെയ്ന്‍ നേര്‍ക്കുനേര്‍ പോരാട്ടവും ഇതാദ്യമായിട്ടാണ്.

അര്‍ജന്‍റീന–ഇംഗ്ലണ്ട് പോര് വെറുമൊരു പന്താട്ടമല്ല, പലമാനങ്ങളുള്ള അഭിമാനപ്പോരാട്ടം കൂടിയാണ്. ഇരുകൂട്ടര്‍ക്കും തോല്‍വി സഹിക്കാനാകില്ല. ആരാധകര്‍ക്ക് പൊറുക്കാനുമാവില്ല. 1986ല്‍ മെക്സിക്കോ ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഡീഗോ മറഡോണയുടെ അര്‍ജിന്‍റീന പീറ്റര്‍ ഷില്‍ട്ടണ്‍ നയിച്ച ഇംഗ്ലണ്ടിനെ നേരിട്ടത്ത് 82ലെ ഫോക്‌ലന്‍ഡ് യുദ്ധം ഏല്‍പ്പിച്ച പോറലുകളും പേറിയാണ്. 

ഫോക്‌ലന്‍ഡ് യുദ്ധത്തില്‍ പരാജയപ്പെട്ട അര്‍ജന്‍റീനയ്ക്ക് കണക്കുതീര്‍ക്കാനുണ്ടായിരുന്നു. ഇംഗ്ലണ്ടിനെ തോല്‍പ്പിക്കുകയെന്നത് അനിവാര്യ ലക്ഷ്യമായിരുന്നു. മാര്‍ഗം പ്രശ്നമായിരുന്നില്ല. ആ മത്സരത്തിലാണ് ഡീഗോ ചരിത്രപ്രസിദ്ധമായ ദൈവത്തിന്‍റെ കൈതൊട്ട ഗോളും മൈതാനമധ്യത്തിന് നിന്ന് കുതിച്ചുമുന്നേറി തൊടുത്ത നൂറ്റാണ്ടിന്‍റെ ഗോളും നേടിയത്. അത് വെറുമൊരു വിജയമായിരുന്നില്ല, രാജ്യത്തിന്റെ അഭിമാനം വീണ്ടെടുക്കലായിരുന്നു എന്ന് മറഡോണ പിന്നീട് പറഞ്ഞിട്ടുണ്ട്. 

എന്നാല്‍ ഇംഗ്ലണ്ടിന് അത് ചെകുത്താന്‍റെ കൈതൊട്ട ഗോളായിരുന്നു. 1998ലെ ലോകകപ്പില്‍ പ്രീക്വാര്‍ട്ടറിലാണ് പിന്നീട് ഇരുവരും ഏറ്റുമുട്ടിയത്. ഇംഗ്ലണ്ട് നായകന്‍ ഡേവിഡ് ബെക്കാം ചുവപ്പുകാര്‍ഡുകണ്ട് പുറത്തുപോകേണ്ടിവന്ന ആ മല്‍സരത്തില്‍ നിശ്ചിത സമയത്ത് രണ്ടുഗോള്‍ വീതം നേടി സമനിലപാലിച്ചു. പെനല്‍റ്റി ഷൂട്ടൗട്ടില്‍ 4–3ന് നീലക്കുപ്പായക്കാര്‍ ഇംഗ്ലണ്ടിനെ വീഴ്ത്തി. 

2002 ല്‍ ഗ്രൂപ്പ് ഘട്ടത്തില്‍ അതേ ഡേവിഡ് ബെക്കാം പെനല്‍റ്റിയിലൂടെ നേടിയ ഗോളില്‍ അര്‍ജിന്‍റീനയെ തോല്‍പ്പിച്ച് 98ലെ തോല്‍വിക്ക് മറുപടി നല്‍കി. അതിനശേഷം ആദ്യമായാണ് ഇരുടീമുകളും ലോകകപ്പില്‍ നേര്‍ക്കുനേര്‍ വരുന്നത്. ലോകകപ്പില്‍ ആകെ അഞ്ചുതവണ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ മൂന്നുതവണ ഇംഗ്ലണ്ടിനായിരുന്നു ജയം.

 

ENGLISH SUMMARY:

Argentina England World Cup matches are steeped in a rich history, marked by the lingering effects of the Falklands War. This latest encounter, featuring a direct clash between Messi and Harry Kane, is more than just a game; it's a battle for national pride with deep historical undertones.