ഇംഗ്ലണ്ട്–നോര്‍വെ മല്‍സരത്തിലും വിടാതെ വിവാദം. നോര്‍വെയ്ക്കെതിരെ ഇംഗ്ലണ്ട് നേടിയ സമനില ഗോളിനെ ചൊല്ലിയാണ് തര്‍ക്കം. പന്ത് ക്യാമറ കേബിളില്‍ തട്ടിയെന്ന് നോര്‍വെ താരങ്ങള്‍ പരാതിപ്പെട്ടെങ്കിലും അങ്ങനെ സംഭവിച്ചിട്ടില്ലെന്ന് ഫിഫ വ്യക്തമാക്കി.
ആദ്യ പകുതിയില്‍ 1–0ന് നോര്‍വെ മുന്നില്‍ നില്‍ക്കുമ്പോളായിരുന്നു സംഭവം. ഇഞ്ചുറി ടൈമില്‍ നോര്‍വീജിയന്‍ ഗോളി ഓര്‍ഗന്‍ നൈലന്‍ഡിന്റെ കിക്ക് നേരെ ചെന്ന് വീണത് എലിയറ്റ് ആന്‍ഡേഴ്സണ് മുന്‍പില്‍ ഉടന്‍ തന്നെ ആന്റണി ഗോര്‍ഡന് പാസ് നല്‍കി. ഗോര്‍ഡനില്‍ നിന്നും ബെല്ലിങ്ഹാം പന്ത് വലയിലെത്തിച്ചു. പിന്നാലെ ഗോളി നൈലന്‍ഡും ഹാളണ്ടും നോര്‍വെ പരിശീലകനും പന്ത് സ്പെഡര്‍ ക്യാമില്‍ തട്ടിയാണ് ഇംഗ്ലണ്ടിന് ലഭിച്ചതെന്ന് പരാതിപ്പെട്ടു. പക്ഷേ ഇംഗ്ലണ്ടിന് റഫറി ഗോള്‍ അനുവദിക്കുകയായിരുന്നു. വാര്‍ ഒഫീഷ്യല്‍സും ഗോളിന്റെ ബില്‍ഡ് അപ്പ് പരിശോധിച്ചിരുന്നു. കമന്റേറ്റര്‍മാരടക്കം ഗോള്‍ ബില്‍ഡ് അപ്പില്‍ സംശയമുന്നയിച്ചതിന് പിന്നാലെ ഫിഫ വിശദീകരണവുമായി എത്തി. പന്തിന്റെ സെന്‍സറില്‍ ക്യാമറ കേബിള്‍ തട്ടിയതായി കണ്ടെത്തിയിട്ടില്ല. അതിനാലാണ് ഗോള്‍ അനുവദിച്ചതെന്ന് ഫിഫ അറിയിച്ചു. എന്നാല്‍ മല്‍സരശേഷവും പന്തിനേയും കേബിളിനേയും ചൊല്ലി ചര്‍ച്ചകള്‍ തുടരുകയാണ്.