ആയുര്‍വേദ ചികില്‍സ പഠിക്കാന്‍ തൃശൂരില്‍ എത്തിയ അര്‍ജന്‍റീനക്കാരായ വനിതാ സംഘം മെസിയോടും കൂട്ടരോടുമുളള മലയാളികളുടെ ആരാധന കണ്ട് ശരിയ്ക്കും ഞെട്ടി. നഗരം കാണാന്‍ ഓട്ടോറിക്ഷയില്‍ കയറിയപ്പോള്‍ ഡ്രൈവറും മെസിയുടെ ആരാധകന്‍. അര്‍ജന്‍റീനക്കാരാണെന്ന് പറഞ്ഞപ്പോള്‍ ഓട്ടോ ചാര്‍ജ് പോലും വാങ്ങാന്‍ തയാറായില്ല. 

തൃശൂരില്‍ ഓട്ടോറിക്ഷയില്‍ കയറിയപ്പോള്‍ മെസിയുടെ ചിത്രം. വഴിയില്ലെല്ലാം അര്‍ജന്‍റീന ഫുട്ബോള്‍ കളിക്കാരുടെ ചിത്രങ്ങളും ഫ്ളക്സുകളും. നഗരം ചുറ്റാനിറങ്ങിയ ഓട്ടോയുടെ ഡ്രൈവര്‍ക്ക്, അര്‍ജന്‍റീനക്കാരെ കണ്ടപ്പോള്‍ സന്തോഷം അടക്കാനായില്ല. മെസിയുടെ നാട്ടാരില്‍ നിന്ന് ഓട്ടോ ചാര്‍ജ് പോലും വാങ്ങിയില്ല. അര്‍ജന്‍റീനക്കാരെ സ്നേഹിക്കുന്ന മലയാളികളെ കാണുമ്പോള്‍ ഗബ്രിയേലയ്ക്കും സംഘത്തിനും അത്ഭുതമാണ്. അര്‍ജന്‍റീനയുടെ തെരുവുകളേക്കാള്‍ കൂടുതല്‍ ഫുട്ബോള്‍ ആവേശം ഇവിടെയുണ്ടെന്ന് അവര്‍ പറയുന്നു. 

അര്‍ജന്‍റീനയില്‍ നിന്നാണെന്ന് പറയുമ്പോള്‍ ആദ്യത്തെ ചോദ്യം?. മെസിയുടെ വീടിനടുത്താണോ?. മറഡോണയെ നേരില്‍ കണ്ടിട്ടുണ്ടോ?.. അര്‍ജന്‍റീനയുടെ പതാകയും മെസിയുടേയും കൂട്ടരുടേയും ചിത്രങ്ങളും കേരളത്തില്‍ കാണുമ്പോള്‍ സ്വന്തം നാട്ടില്‍ എത്തിയ പ്രതീതിയാണെന്ന് ഇവര്‍ പറയുന്നു.  

Argentinian women studying Ayurveda in Thrissur who were astonished by the immense Lionel Messi and Argentinian football team fandom in Kerala. :