ഫ്രാന്‍സ് ഫുട്ബോള്‍ ടീമിന്റെ മുന്നേറ്റത്തില്‍ ഏറ്റവും നിര്‍ണായകമായത് കിലിയന്‍ എംബപെ,ഉസ്മാൻ ഡെംബെല, മൈക്കിൾ ഒലിസെ ത്രയത്തിന്റെ പാച്ചില്‍. സമീപകാല ഫ്രഞ്ച് ടീമുകളിൽനിന്ന് വ്യത്യസ്തമായി ഹൈ പ്രസിങ് ഗെയിം ആണ് ഫ്രാന്‍സ് നടത്തുന്നത്.
ഗോളടിച്ചും ഗോളടിപ്പിച്ചുമാണ് ഈ ത്രയം ഫുട്ബോള്‍ പ്രേമികളെ ആനന്ദിപ്പിക്കുന്നത്. എട്ടുഗോളോടെ എംബാപ്പെതന്നെ മുന്നില്‍. ഹാട്രിക് ഉള്‍പ്പെടെ ഗോളുകള്‍ നേടി ഡെംബെല തൊട്ടുപിന്നലുണ്ട്. ഒലിസെയാവട്ടെ ഗോള്‍ അടിപ്പിക്കുന്നതില്‍ ആനന്ദം കണ്ടെത്തുന്നു. ഈ ലോകകപ്പില്‍ കൂടുതല്‍ ഗോള്‍ അസിസ്റ്റ് ഒലിസെയുടേതാണ്.
അതിരുകളില്ലാത്ത ആക്രമണത്തിന് ഊന്നൽ നൽകുന്ന തികച്ചും വ്യത്യസ്തമായ ഒരു ശൈലിയാണ് പരിശീലകൻ ദിദിയെ ദെഷോം സ്വീകരിച്ചിരിക്കുന്നത്. കാരണം ലോക ഫുട്ബോളില്‍ ഏറ്റവും മികച്ച ആക്രമണനിര ഫ്രാന്‍സിന്റേതാണ് എന്നതുതന്നെ. 2022-ൽ തനതു പ്രായോഗിക ശൈലിയിലാണ് ടീമിനെ കളത്തിലിറക്കിയത്. എന്നാൽ, ഇത്തവണ കഥ മാറി. മൊറോക്കോയ്ക്ക് എതിരായ ക്വാര്‍ട്ടര്‍ ഫൈനലിലെ ശൈലിതന്നെ അതിന് ഉദാഹരണം. 2022-ലെ മത്സരത്തിൽ ആകെ നടത്തിയതിനേക്കാൾ നാലിരട്ടി മുന്നേറ്റങ്ങളാണ് യാസിൻ ബോനു കാത്ത മൊറോക്കോൻ ഗോൾമുഖത്തേക്ക് ഫ്രാൻസ് നടത്തിയത്.
ഗോളടിയില്‍ എംബാപ്പെതന്നെ മുന്നില്‍. എട്ടുഗോള്‍ അടിച്ചു. മൂന്ന് ഗോളിന് വഴിയൊരുക്കി. ഡെംബെലെ ഹാട്രിക് ഉള്‍പ്പെടെ അഞ്ച് ഗോള്‍ അടിച്ചു. 2002ന് ശേഷം ഇതാദ്യമായി ഒരു സഖ്യം അഞ്ച് ഗോളില്‍ കൂടുതല്‍ ലോകകപ്പില്‍ നേടി. എംബാപ്പെ ഡെംബലെ സഖ്യം ഇതുവരെ 13 ഗോള്‍ നേടി. റൊണാള്‍ഡോ–റിവാള്‍ഡോ സഖ്യത്തിന് ഒപ്പമെത്തി. ഒലിസെ ഇതുവരെ അഞ്ച് ഗോളിന് വഴിയൊരുക്കി. ഇനി ഒരു ഗോളിന്കൂടി വഴിവെട്ടിയാല്‍ പെലെയ്ക്ക് ഒപ്പമെത്തും ഒലിസെ.
എംബാപ്പെ ഡെംബെലെ ഒലിസെ ത്രയം സെമിഫൈനലില്‍ എന്ത് മാജിക് കാണിക്കും എന്ന ആകാംഷയിലാണ് ഫുട്ബോള്‍ ലോകം.