Portugal's Cristiano Ronaldo (7) reacts to a missed opportunity during the World Cup round of 32 soccer match between Portugal and Croatia in Toronto, Thursday, July 2, 2026. (Chris Young/The Canadian Press via AP)

ലോകകപ്പ് നോക്കൗട്ട് മല്‍സരത്തില്‍ ക്രൊയേഷ്യയ്​ക്കെതിരെ നിര്‍ണായക പെനല്‍റ്റി കിക്കെടുക്കും മുന്‍പ് പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ 'ബിസ്മില്ല' എന്നുരുവിട്ടുവെന്ന് ആരോപിക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു. സമൂഹ മാധ്യമമായ എക്സില്‍ നിരവധിപ്പേരാണ് താരം ബിസ്മില്ല ചൊല്ലിയ ശേഷമാണ് കിക്കെടുത്തതെന്നും അതാണ് നിര്‍ണായകമായതെന്നുമാണ് വിഡിയോയ്ക്കൊപ്പമുള്ളത്. എന്നാല്‍ റോണോ തന്നെത്തന്നെ പ്രചോദിപ്പിക്കുകയും ഊര്‍ജം കൊള്ളുകയുമാണെന്നുമാണ് പോര്‍ച്ചുഗീസ് ആരാധകരുടെ പക്ഷം.  അതേസമയം, വര്‍ഷങ്ങളായി സൗദിയില്‍ ക്ലബ് മല്‍സരങ്ങള്‍ കളിക്കുന്ന താരം ഒരുപക്ഷേ ശീലിച്ച് പോയതാവാം ബിസ്മില്ലയെന്ന് പറയുന്നവരുമുണ്ട്. 

ചര്‍ച്ച അതിവേഗത്തിലാണ് സമൂഹമാധ്യമങ്ങളില്‍ കത്തിക്കയറിയത്.  രണ്ടുവട്ടം താരം ബിസ്മില്ലയെന്ന് ഉരുവിട്ടുവെന്ന് അറബ് ഹാന്‍ഡിലുകള്‍ പറയുമ്പോള്‍, അറബിയല്ല പറയുന്നതെന്നും പോര്‍ച്ചുഗീസില്‍ 'വെസ് മാര്‍കാര്‍' 'ഞാന്‍ സ്കോര്‍ ചെയ്യാന്‍ പോകുന്നു' എന്നാണ് പറഞ്ഞതെന്നും പോര്‍ച്ചുഗീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇസ്​ലാം മതം സ്വീകരിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചതായി അല്‍നസ്റില്‍ താരത്തിനൊപ്പം കളിച്ചിരുന്ന വലീദ് അബ്ദുല്ല രണ്ട് വര്‍ഷം മുന്‍പ് വെളിപ്പെടുത്തിയിരുന്നു. അല്‍ നസ്റിന്‍റെ ഗോള്‍ കീപ്പറായിരുന്നു വലീദ്. ദ് ലാസ്റ്റ് മീറ്റിങ് എന്ന പരിപാടിയിലായിരുന്നു വലീദ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. ' ഞാന്‍ റോണോയോട് ഇക്കാര്യത്തെ കുറിച്ച് ചോദിച്ചു, അപ്പോള്‍ അദ്ദേഹം താല്‍പര്യം കാണിച്ചു. പലപ്പോഴും ഗോളടിച്ച ശേഷം ഗ്രൗണ്ടില്‍ വച്ചു തന്നെ പ്രാര്‍ഥന ഉരുവിടാന്‍ അദ്ദേഹം ടീം അംഗങ്ങളെ പ്രോല്‍സാഹിപ്പിച്ചിരുന്നു. റൊണാള്‍ഡോ പറഞ്ഞതോടെ എല്ലാവരും ചേര്‍ന്ന് അല്ലാഹു അക്ബര്‍ എന്ന് ഉറക്കെ സന്തോഷപൂര്‍വം ചൊല്ലിയിട്ടുണ്ടെന്നും അബ്ദുല്ല പറഞ്ഞു. ബാങ്കുവിളി ഉയരുമ്പോള്‍ പരിശീലനം നിര്‍ത്താന്‍ താരം ആവശ്യപ്പെടാറുണ്ടെന്നും പതിവായി പ്രാര്‍ഥിക്കാന്‍ കളിക്കാരോട് പറയുമെന്നും അബ്ദുല്ല കൂട്ടിച്ചേര്‍ത്തു. റൊണാള്‍ഡോ ഇസ്​ലാം മതം സ്വീകരിക്കുമോ ഇല്ലയോ എന്നതിനപ്പുറം അദ്ദേഹം അച്ചടക്കവും ആത്മാര്‍ഥതയുമുള്ള കളിക്കാരനാണെന്നും അതാണ് അദ്ദേഹത്തെ ഈ ഉയരങ്ങളിലെത്തിച്ചതെന്നും അബ്ദുല്ല പറഞ്ഞു. 

അതേസമയം, ഈ സെപ്റ്റംബറില്‍ മദെയ്റയിലെ ഫുഞ്ചാല്‍ കത്തീഡ്രലില്‍ കത്തോലിക്കാ ചടങ്ങുകള്‍ പ്രകാരം റൊണാള്‍ഡോ തന്‍റെ പങ്കാളിയായ ജോര്‍ജിനയെ വിവാഹം കഴിക്കാനൊരുങ്ങുകയാണെന്ന് പോര്‍ച്ചുഗീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ENGLISH SUMMARY:

Following Portugal’s intense World Cup knockout clash against Croatia, a viral video appearing to show Cristiano Ronaldo uttering the word "Bismillah" before a crucial penalty kick has sparked widespread debate across social media platforms. While many online users and Arab-language accounts interpreted the gesture as a religious invocation, Portuguese media outlets have refuted these claims, suggesting the star was actually saying the Portuguese phrase "Vou marcar," which translates to "I am going to score." The discussion has reignited long-standing speculation regarding Ronaldo’s interest in Islam, fueled by past comments from former Al-Nassr teammate Waleed Abdullah about the Portuguese captain’s respect for local customs and prayer rituals. Despite these viral narratives, reports from Portuguese media confirm that Ronaldo is currently preparing for his upcoming Catholic wedding to partner Georgina Rodriguez, scheduled to take place at the Funchal Cathedral in Madeira this September. Ultimately, the viral clip remains a matter of subjective interpretation, with no credible confirmation from the player himself or official sources regarding a religious conversion. This incident highlights the intense global scrutiny faced by the football legend, where even minute movements on the pitch can trigger widespread, often unverified, digital discussions.