MIAMI GARDENS, FLORIDA - JULY 03: Lionel Messi #10 of Argentina competes for the ball against Sidny Lopes Cabral #13 of Cabo Verde during the FIFA World Cup 2026 Round of 32 match between Argentina and Cabo Verde at Miami Stadium on July 03, 2026 in Miami Gardens, Florida. Darrian Traynor/Getty Images/AFP (Photo by Darrian Traynor / GETTY IMAGES NORTH AMERICA / Getty Images via AFP)
ലോകകപ്പ് നോക്കൗട്ട് ത്രില്ലറില്‍ കാബോ വെര്‍ദെയോട് വിയര്‍ത്ത് അര്‍ജന്‍റീനയ്ക്ക് ജയം. 111–ാം മിനിറ്റില്‍ ക്രിസ്റ്റ്യന്‍ റൊമേരോയാണ് അര്‍ജന്‍റീനയ്ക്കായി വിജയഗോള്‍ നേടിയത്. പ്രീ ക്വാര്‍ട്ടറില്‍ അര്‍ജന്‍റീന ഈജിപ്തിനെ നേരിടും. നിശ്ചിത സമയത്ത് ഇരു ടീമുകളും 1–1 എന്ന് സമനില പാലിച്ചതോടെ കളി അധികസമയത്തേക്ക് നീണ്ടു. തുടക്കക്കാരുടെ പരിഭവമേതുമില്ലാതെ കാബോ വെര്‍ദെ പൊരുതിക്കളിച്ചതോടെ ലോകകപ്പ് നോക്കൗട്ടില്‍ അര്‍ജന്‍റീന വിറച്ചു.
ഈ ലോകകപ്പില്‍ ആദ്യമായി വൊസീഞ്ഞയുടെ കൈകള്‍ ചോര്‍ന്നു. അതും സാക്ഷാല്‍ ലയണല്‍ മെസിക്ക് മുന്നില്‍. 28–ാം മിനിറ്റില്‍ ലോങ് ബോള്‍ നിയന്ത്രിച്ച് നിര്‍ത്തി മെസിയെടുത്ത ഷോട്ട് വൊസീഞ്ഞയെ മറികടന്ന് വലയിലെത്തുകയായിരുന്നു. ഈ ലോകകപ്പില്‍ മെസിയുടെ ഏഴാം ഗോളാണിത്. ലോകകപ്പിലെ ഇരുപതാം ഗോളും.
58–ാം മിനിറ്റില്‍ കാബോ വെല്‍ദെ നടത്തിയ കൗണ്ടര്‍ അറ്റാക്ക് ഫലം കണ്ടു. ബോക്സിലേക്ക് വന്ന ക്രോസ് ഡെറോയ് ഡുവാര്‍ട്ടെ, എമിലിയാനോ മാര്‍ട്ടിനസിനെ കാഴ്ചക്കാരനാക്കി വലയിലെത്തിച്ചു. മികച്ച പ്രതിരോധമാണ് കാബോ വെര്‍ദെ പുറത്തെടുത്തത്. ലോക ചാംപ്യന്‍മാര്‍ക്കെതിരെ ഗോള്‍വ്യത്യാസം ഉയരാതെ കാക്കാന്‍ വൊസീഞ്ഞയെന്ന 39കാരന് കഴിഞ്ഞു. ഗോളെന്ന് അര്‍ജന്‍റീന ഉറപ്പിച്ച മൂന്നിലേറെ അവസരങ്ങളാണ് വൊസീഞ്ഞയെന്ന വന്‍മതില്‍ തടുത്തിട്ടത്.
92–ാം മിനിറ്റില്‍ ലിസാന്‍ഡ്രോ മാര്‍ട്ടിനസ് അര്‍ജന്‍റീനയ്ക്കായി ഗോള്‍ നേടി. കളി കഴിഞ്ഞുവെന്ന് എല്ലാവരും കരുതിയിരുന്ന നിമിഷത്തില്‍ സിഡ്നി ലോപസ് കബ്രാളിലൂടെ കാബോ വെര്‍ദെ ഗോള്‍ മടക്കി. കാബോ വെര്‍ദെ ആരാധകര്‍ ആര്‍ത്തു വിളിച്ചു. അര്‍ജന്‍റീന ആരാധകരുടെ മുഖം വാടി. ലയണല്‍ സ്കലോണിയെ പരിഭ്രമത്തോടെ കാണപ്പെട്ടു. 111–ാം മിനിറ്റില്‍ പക്ഷേ റൊമേരോ പന്ത് വലയിലാക്കിയതോടെ ആവേശപ്പോരിന് അന്ത്യം.