ആവേശകരമായ റൗണ്ട് ഓഫ് 32 പോരാട്ടത്തിൽ സ്വീഡനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്ത് ഫ്രാൻസ് പ്രീ-ക്വാർട്ടറിലേക്ക്. ന്യൂയോർക്ക് ന്യൂജേഴ്സി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഫ്രഞ്ച് പടയ്ക്കായി കിലിയൻ എംബപെ ഇരട്ട ഗോളുകളോടെ തിളങ്ങിയപ്പോൾ, മറ്റൊരു ഗോൾ ബ്രാഡ്ലി ബർകോളയുടെ വകയായിരുന്നു.
മത്സരത്തിന്റെ ആദ്യ പകുതിയിലുടനീളം ഫ്രാൻസിന്റെ ശക്തമായ ആക്രമണങ്ങള്‍ക്കാണ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. സ്വീഡിഷ് ഗോൾകീപ്പർ ജാക്കോബ് സെറ്റർസ്ട്രോം ഒമ്പതോളം തകർപ്പൻ സേവുകളുമായി ഫ്രാൻസിനെ പലതവണ തടഞ്ഞു നിർത്തിയെങ്കിലും 45-ാം മിനിറ്റിൽ എംബപെയിലൂടെ ഫ്രാൻസ് ലീഡെടുത്തു. ഫ്രഞ്ച് കടന്നാക്രമണത്തെ സ്വീഡൻ അതിജീവിക്കുമെന്ന് തോന്നിച്ച നിമിഷത്തിലാണ്, ആദ്യപകുതി അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെ കിലിയൻ എംബപെയുടെ വക ആദ്യഗോള്‍.
ബോക്സിനുള്ളിൽ വെച്ച് സ്വീഡിഷ് പ്രതിരോധ നിരയെ കബളിപ്പിച്ച് എംബപെ തൊടുത്ത ക്ലോസ് റേഞ്ച് ഷോട്ട് വലയിൽ തുളച്ചുകയറി. ഈ ഗോളോടെ ലോകകപ്പ് നോക്കൗട്ട് ഘട്ടങ്ങളിൽ ഏറ്റവും കൂടുതൽ ഗോളുകൾ (10 ഗോളുകൾ) നേടുന്ന താരമെന്ന ചരിത്ര റെക്കോർഡ് എംബാപ്പെ സ്വന്തമാക്കി.
രണ്ടാം പകുതിയിലും ഫ്രാൻസ് ആക്രമണം ശക്തമാക്കി. മധ്യനിരയിൽ കളം നിറഞ്ഞുകളിച്ച ഒലീസെയുടെ പാസുകളാണ് ഫ്രാൻസിന്റെ അടുത്ത രണ്ട് ഗോളുകൾക്കും വഴിയൊരുക്കിയത്. 53-ാം മിനിറ്റിൽ ഒലീസെ നൽകിയ മനോഹരമായ ത്രൂ-ബോളിൽ നിന്നും ബ്രാഡ്ലി ബർകോള ഫ്രാൻസിന്റെ രണ്ടാം ഗോൾ നേടി. 74ാം മിനിറ്റില്‍ ഒലീസെ നൽകിയ ക്രോസ്സ് കൃത്യമായി ബോക്സിലേക്ക് ഓടിക്കയറി എംബപെ വലയിലെത്തിച്ചു (3-0). 18ാം മല്‍സരത്തില്‍ എംബപെയുടെ 18ാം ഗോള്‍.
85ാം മിനിറ്റില്‍ ഗംഭീര പ്രകടനം പുറത്തെടുത്ത കിലിയൻ എംബപെയെയും ഒലീസെയെയും പരിശീലകൻ പിൻവലിച്ചപ്പോൾ സ്റ്റേഡിയം എഴുന്നേറ്റു നിന്ന് കൈയടിച്ചു. കാഴ്ച്ചക്കാരനായ ഫ്രഞ്ച് ഗോളിക്കാകട്ടെ നല്ലൊരു സേവ് നടത്താന്‍ 88ാം മിനിറ്റ് വരെ കാത്തിരിക്കേണ്ടി വന്നു
തകർപ്പൻ ജയത്തോടെ ടൂർണമെന്റിൽ തങ്ങളുടെ അപരാജിത കുതിപ്പ് തുടരുന്ന ഫ്രാൻസ് ജൂലൈ 4ന് ഫിലാഡൽഫിയ സ്റ്റേഡിയത്തിൽ നടക്കുന്ന പ്രീ-ക്വാർട്ടർ മത്സരത്തിൽ പരാഗ്വേയെ നേരിടും. ജര്‍മ്മനിയെ അട്ടിമറിച്ചാണ് പാരഗ്വേ പ്രീ–ക്വാര്‍ട്ടറിലെത്തുന്നത്. അതേസമയം, ടൂർണമെന്റിലുടനീളം മികച്ച പോരാട്ടം കാഴ്ചവെച്ച സ്വീഡന്റെ ലോകകപ്പ് യാത്ര ഇതോടെ അവസാനിച്ചു.
എംബപെക്ക് മുന്നില്‍ മെസി മാത്രം
മത്സരത്തിലെ രണ്ട് ഗോളുകളോടെ കിലിയൻ എംബപെ ലോകകപ്പുകളിലെ തന്റെ ആകെ ഗോൾ സമ്പാദ്യം 18 ആയി ഉയർത്തി. ഇതോടെ ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരങ്ങളുടെ പട്ടികയിൽ മിറോസ്ലാവ് ക്ലോസയെ മറികടന്ന എംബപെയ്ക്ക് മുന്നിലുള്ളത് ഇനി ലയണല്‍ മെസി മാത്രം. ഈ ടൂർണമെന്റിൽ മാത്രം എംബപെ ഇതുവരെ 6 ഗോളുകൾ നേടിക്കഴിഞ്ഞു.