Tunisia's Anis Slimane jumps for the ball with Netherlands' Nathan Ake, right, and Jan Paul van Hecke during the World Cup Group F soccer match between Tunisia and the Netherlands in Kansas City, Mo., Thursday, June 25, 2026. (AP Photo/Ed Zurga)
കന്‍സാസ് സിറ്റി സ്റ്റേഡിയത്തില്‍ ഡച്ചുപട 'കൊടുങ്കാറ്റാ'യതോടെ തുനീസിയ ലോകകപ്പില്‍ നിന്ന് പുറത്ത്. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മല്‍സരത്തില്‍ തുനീസിയയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് റൊണാള്‍ഡ് കോമാന്‍റെ കുട്ടികള്‍ തകര്‍ത്തത്. ജയത്തോടെ നെതര്‍ലന്‍ഡ്സിന് ഏഴു പോയിന്‍റായി. ഗ്രൂപ്പ്ഘട്ടത്തിലെ മൂന്ന് മല്‍സരങ്ങളും പരാജയപ്പെട്ട തുനീസിയ പുറത്തായി. കന്‍സാസ് സിറ്റിയില്‍ കൊടുങ്കാറ്റ് മുന്നറിയിപ്പുണ്ടായിരുന്നതിനാല്‍ മല്‍സരം കൃത്യ സമയത്ത് തുടങ്ങുമോ എന്നതില്‍ ആദ്യം ആശങ്കയുണ്ടായിരുന്നുവെങ്കിലും കളി തടസമില്ലാതെ ആരംഭിക്കുകയായിരുന്നു.
ആദ്യ ഏഴുമിനിറ്റില്‍ തന്നെ നെതര്‍ലന്‍ഡ്സ് കളി പിടിച്ചു. മൂന്നാം മിനിറ്റില്‍ എലിയാസ് സ്ഖിരിയുടെ സെല്‍ഫ് ഗോളിലൂടെ നെതര്‍ലന്‍ഡ്സ് മുന്നിലെത്തി. നാല് മിനിറ്റ് കൂടി കഴിഞ്ഞതോടെ വിര്‍ജില്‍ വാന്‍ ഹെഡ് ചെയ്ത് നല്‍കിയ ഫ്രീ കിക്ക് ബ്രയാന്‍ ബ്രോബി ഗോളാക്കി. ഈ ലോകകപ്പില്‍ ബ്രോബിയുടെ മൂന്നാമത്തെ ഗോളാണിത്. രണ്ടാം പകുതിയില്‍ തുനീസിയ ഒരു ഗോള്‍ തിരിച്ചടിച്ചു. ഡച്ചുപടയുടെ പ്രതിരോധത്തില്‍ വിള്ളല്‍ കണ്ട ഹാസെം മസ്തൂരി കോര്‍ണര്‍ കിക്ക് ഹെഡറിലൂടെയാണ് ഗോള്‍ നേടിയത്.
ഗ്രൂപ്പില്‍ അഞ്ചു പോയിന്‍റുമായി ജപ്പാന്‍ രണ്ടാമതും നാലു പോയിന്‍റോടെ സ്വീഡന്‍ മൂന്നാമതുമാണ്. ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായ നെതര്‍ലന്‍ഡ്സ് റൗണ്ട് ഓഫ് 32 ല്‍ മൊറോക്കോയെ നേരിടും. ഗ്രൂപ്പ് സിയില്‍ രണ്ടാം സ്ഥാനക്കാരാണ് മൊറോക്കോ.