പിറന്നാള്‍ ആശംസകള്‍ അറിയിച്ച മലയാളിയുടെ വിഡിയോക്ക് നന്ദി പറഞ്ഞ് ലയണല്‍ മെസി. യാദില്‍ എം.ഇക്ബാല്‍ എന്ന ആരാധകന്‍ സ്പാനിഷില്‍ ആശംസ പറഞ്ഞ വിഡിയോക്കാണ് മെസി നന്ദി പറഞ്ഞത്. ലിയോയ്ക്ക് ജന്മദിനാശംസകള്‍. കേരളത്തില്‍ നിന്നും ഇന്ത്യയിലെ ഒരു ജനതയുടെ സ്നേഹം അറിയിക്കുന്നു. എന്‍റെ പരിശ്രമങ്ങള്‍ ഒരിക്കല്‍ ലിയോ കാണുമെന്നും എന്നെ തിരിച്ചറിയുമെന്നും പ്രതീക്ഷിക്കുന്നു,' എന്നാണ് വിഡിയോയില്‍ യാദില്‍ പറഞ്ഞത്.
കൊടുങ്ങല്ലൂരിൽ യാദിൽ വരച്ച മെസിയുടെ കൂറ്റൻ മ്യൂറൽ ചിത്രവും ലോകകപ്പ് വിജയത്തിന് ശേഷം നിർമ്മിച്ച പ്രതിമയും, മെസിയുടെ ചിത്രം പതിപ്പിച്ച തന്റെ ലക്ഷങ്ങൾ വിലമതിക്കുന്ന ഡിഫെൻഡർ വണ്ടിയും യാദിൽ ഈ വിഡിയോയില്‍ ഉള്‍പ്പെടുത്തിയിരുന്നു. യാദിലിന്‍റെ വിഡിയോയുടെ കമന്‍റില്‍ 'Gracias Yadil!' (നന്ദി യാദിൽ) എന്നാണ് മെസി കുറിച്ചത്.
മെസിയുടെ കമന്റ് ഇതിനോടകം ഇൻസ്റ്റഗ്രാമിൽ വൈറലായിക്കഴിഞ്ഞു. നിരവധി പേരാണ് മെസ്സിയുടെ കമന്റ് നേരിട്ട് കാണാനായി യാദിലിന്റെ അക്കൗണ്ടിലേക്ക് ഒഴുകിയെത്തുന്നത്. കേരളത്തിലെ അർജന്റീന ആരാധക കൂട്ടായ്മകളും ഈ വാർത്ത ആഘോഷമാക്കിയിരിക്കുകയാണ്.