cristiano-ronaldo-world-cup-congo-messi-chants

തീര്‍ത്തും നിരാശാജനകമായ തുടക്കമാണ് ലോകകപ്പില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ഉണ്ടായത്. കെ ഗ്രൂപ്പിലെ തങ്ങളുടെ ആദ്യ മല്‍സരത്തില്‍ കോംഗോയോട് സമനില വഴങ്ങേണ്ടി വന്നുവെന്നതിനപ്പുറം വ്യക്തിപരമായ ആക്രമണങ്ങളും പോര്‍ച്ചുഗല്‍ സൂപ്പര്‍താരത്തിന് നേരെയുണ്ടായി. റൊണാള്‍ഡോയെ കാണുമ്പോഴെല്ലാം കോംഗോ ആരാധകര്‍ മെസി, മെസിയെന്ന് ആര്‍ത്ത് വിളിച്ചു. കളി കഴിഞ്ഞ് താരം മടങ്ങുമ്പോഴും കോംഗോ ആരാധകര്‍ മെസിക്കായി ആര്‍പ്പുവിളി തുടര്‍ന്നു. കൂക്കിവിളിച്ച് ആരാധകര്‍ മടക്കി അയയ്ക്കുമ്പോഴും താരം പക്ഷേ ശാന്തനായിരുന്നു. ഇതിനിടെ ഫൊട്ടോയെടുക്കാനോടിയെത്തിയ കോംഗോ ആരാധകനെ ചേര്‍ത്ത് പിടിച്ച് പോസും ചെയ്തു.  

കളിയിലാകെ 25 തവണയാണ് റൊണാള്‍ഡോയ്ക്ക് ടച്ച് ചെയ്യാനായത്. ഇതില്‍ രണ്ടെണ്ണം മാത്രമാണ് ലക്ഷ്യത്തിലേക്ക് തൊടുക്കാന്‍ കഴിഞ്ഞതും. 2024 ലെ യൂറോ കപ്പ് മുതലിങ്ങോട്ട് ഇത് പത്താമത്തെ പ്രധാന മല്‍സരത്തിലാണ് റൊണാള്‍ഡോ ഗോളടിക്കാനാവാതെ മടങ്ങുന്നത്. പന്തടക്കം ചാന്‍സാക്കി മാറ്റുന്നതില്‍ പോര്‍ച്ചുഗല്‍ അടിമുടി പരാജയപ്പെടുകയും ചെയ്തു. ലോകകപ്പിന് മുന്നോടിയായി നടന്ന സൗഹൃദ മല്‍സരങ്ങളില്‍ ചിലിയോടും നൈജീരിയയോടും പോര്‍ച്ചുഗലിന് ഗോള്‍രഹിത സമനിലയായിരുന്നു. 

അര്‍ജന്‍റീനയ്ക്കായി ഹാട്രിക് നേടി മെസി തരംഗം തീര്‍ത്ത ദിവസമാണ്  ക്രിസ്റ്റ്യാനോ നിറം മങ്ങിയതും. അള്‍ജീരിയയ്ക്കെതിരെയുള്ള പ്രകടനത്തോടെ 16 ലോകകപ്പ് ഗോളുകളെന്ന ക്ലോസെയുടെ റെക്കോര്‍ഡിനൊപ്പമെത്തിയിരിക്കുകയാണ് മെസി.  കഴിഞ്ഞ ലോകകപ്പില്‍ പോര്‍ച്ചുഗലിന്‍റെ ഓപ്പണിങ് മാച്ചില്‍ റൊണാള്‍ഡോ ഗോളടിച്ചിരുന്നുവെങ്കിലും തുടര്‍ന്നുള്ള രണ്ട് കളിയിലും ഗോളടിക്കാനായില്ല. ഇതോടെ കോച്ച് ഫെര്‍ണാണ്ടോ സാന്‍റോസ് താരത്തെ ബെഞ്ചിലിരുത്തി. ക്വാര്‍ട്ടര്‍ ഫൈനലില്‍ മൊറോക്കോയോട് തോറ്റ് പോര്‍ച്ചുഗല്‍ പുറത്താകുകയും ചെയ്തു. 

അതേസമയം ഫുട്ബോള്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വിജയകരമായ കാലത്തിലൂടെയാണ് മെസി കടന്നുപോകുന്നത്. കഴിഞ്ഞ ലോകകപ്പില്‍ ഏഴു ഗോളുകളും മൂന്ന് അസിസ്റ്റുകളും ലോകകപ്പുമായിരുന്നു മെസിയുടെ സമ്പാദ്യം. നിര്‍ണായക മല്‍സരങ്ങളിലെല്ലാം മെസി ഗോളും കണ്ടെത്തി. നാലുവര്‍ഷങ്ങള്‍ക്കിപ്പുറവും മെസി തന്‍റെ ആധിപത്യം തുടരുമ്പോള്‍ റൊണാള്‍ഡോ താളം കണ്ടെത്താന്‍ കഴിയാതെ വിഷമിക്കുന്നുവെന്നതാണ് ആരാധകരെ നിരാശരാക്കുന്നത്. ആറ് ലോകകപ്പിലും ഗോളടിച്ച താരമെന്ന റെക്കോര്‍ഡ് മോഹത്തോടെയാണ് താരം യുഎസിലേക്ക് എത്തിയത്. അത് സാധ്യമാകുമോയെന്ന് ഗ്രൂപ്പിലെ അടുത്ത മല്‍സരത്തില്‍ കാണാം. ഉസ്ബെക്കിസ്ഥാനെതിരെയാണ് പോര്‍ച്ചുഗലിന്‍റെ അടുത്ത മല്‍സരം. 

ENGLISH SUMMARY:

Portuguese superstar Cristiano Ronaldo endured a deeply frustrating start to his World Cup campaign as Portugal was held to a disappointing draw by Congo in their Group K opener. Adding to his on-field struggles, opposition fans aggressively targeted the forward by relentlessly chanting "Messi, Messi" every time he touched the ball and even as he walked off the pitch. Despite the hostile stadium atmosphere and loud jeers, Ronaldo maintained his composure and graciously paused to pose for a photograph with a Congolese fan who rushed onto the field. The match highlighted Ronaldo's ongoing international form slump, registering just twenty-five touches and two shots on target, marking his tenth major tournament appearance without a goal since Euro 2024. This lackluster performance directly coincided with a sensational day for his eternal rival Lionel Messi, who recently netted a historic hat-trick against Algeria to equal Miroslav Klose's record of sixteen World Cup goals. While Messi continues to dominate the global stage following his previous World Cup triumph, Ronaldo looks to find his rhythm and keep his dream of scoring in six different World Cups alive in Portugal's upcoming crucial fixture against Uzbekistan.