spain

യൂറോപ്യന്‍ ചാംപ്യന്‍മാരായ സ്പെയിന്‍ ഇന്ന് ആദ്യ മല്‍സരത്തിനിറങ്ങുന്നു. ലോകകപ്പ് വേദിയിലെ പുതുമുഖങ്ങളായ ആഫ്രിക്കന്‍ ദ്വീപ് രാജ്യം കെയ്പ് വെര്‍ഡിയാണ് എതിരാളികള്‍. കഴിഞ്ഞ മൂന്ന് ലോകകപ്പിലും രണ്ടാം റൗണ്ട് കടക്കാനായിട്ടില്ലെന്ന നാണക്കേട് മായ്ക്കേണ്ടതുണ്ട് മുന്‍ ലോക ചാംപ്യന്‍മാരായ സ്പെയിനിന്. അറ്റ്ലാന്റയില്‍ ഇന്ത്യന്‍സമയം രാത്രി ഒന്‍പതരയ്ക്കാണ് മല്‍സരം.

യൂറോപ്പില്‍ നിന്നൊരു ടീം അമേരിക്കയില്‍ കപ്പുയര്‍ത്തുമെങ്കില്‍ അത് സ്പെയിനായിരിക്കുമെന്ന് ഉറപ്പിക്കുകയാണ് വാതുവയ്പുലോകം. 2023 മാര്‍ച്ചിന് ശേഷം ഒറ്റക്കളി പോലും തോറ്റിട്ടില്ല. 2024 ഒളിംപിക് സ്വര്‍ണവും യൂറോകപ്പും നേടിയാണ് വരവ്. ഈ ലോകകപ്പിന്റെ താരമാകുമെന്ന് കാല്‍പന്ത് ആരാധകര്‍ ഉറപ്പിക്കുന്ന ലമീന്‍ യമാലും പെഡ്രിയും റോഡ്രിയും നീക്കോ വില്യംസും അടങ്ങുന്ന കോമ്പോ ഏതൊരു ടീമിന്റേയും സ്വപ്നമാണ്. ഇടത് വലതുവിങ്ങുകളിലൂടെ യമാലും വില്യംസും ചാട്ടുളി പോലെ പാഞ്ഞുകയറുമ്പോള്‍ ഏത് പേരുകേട്ട പ്രതിരോധവും പൊളിഞ്ഞുവീഴും. 

ഗോളടിച്ചുകൂട്ടാന്‍ യോഗ്യത റൗണ്ടിലെ ടോപ്സ്കോറര്‍മാരായ മിക്കേല്‍ മറീനോയും മൈക്കല്‍ ഒയര്‍സബാലും. കൂടെ ഫെറാന്‍ ടോറസും.  ഗോള്‍വലയ്ക്കുമുന്നില്‍ ചോരാത്ത കൈകളുമായി ആര്‍സനലിന്റെ സൂപ്പര്‍ ഗോളി ഡേവിഡ് റായ. 2010ലെ കിരീടനേട്ടത്തിന് ശേഷം പ്രീക്വാര്‍ട്ടര്‍ കടക്കാനായിട്ടില്ലെന്ന ശാപം തീര്‍ക്കാനുറച്ചുതന്നെയാണ് ലൂയിസ് ഡി ലാന്റ ഫ്യുവന്റെ കുട്ടികള്‍ വരുന്നത്. 4–3–3 ആക്രമണശൈലിയാണ് ഇഷ്ടം. പേരുകേട്ട ടിക്കി ടാക്ക കളി വിട്ടെങ്കിലും പാസിങ് ഗെയിമിലൂടെ കൂടുതല്‍ ആക്രമണകാരികളാണ്. ക്വാളിഫൈയിങ് റൗണ്ടില്‍ 21 ഗോള്‍ അടിച്ചുകൂട്ടി. വഴങ്ങിയത് രണ്ടെണ്ണം മാത്രം. ​ലോകകപ്പ് ചരിത്രത്തിൽ ഒരു ആഫ്രിക്കൻ രാജ്യത്തിനെതിരെ സ്പെയിന്‍ തോറ്റത് ഒരിക്കല്‍ മാത്രം. 1998ല്‍ നൈജീരിയയ്ക്കെതിരെ. സന്നാഹ മല്‍സരങ്ങളില്‍ ഗംഭീരപ്രകടനവുമായാണ് ലോകകപ്പിലെ കന്നിക്കാരായ കെയ്പ് വെര്‍ഡിയുടെ വരവെങ്കിലും സ്പെയിന്‍ അവര്‍ക്ക് പിടിച്ചുകെട്ടാവുന്ന എതിരാളികളല്ല. യൂറോപ്യൻ ടീമുകൾക്കെതിരെ കളിച്ച അവസാന 13 മത്സരങ്ങളിൽ ഒന്നിൽ മാത്രമാണ് തോറ്റത് എന്നതാകും കെയ്പ് വെര്‍ഡിയുടെ ആത്മവിശ്വാസം. 

ENGLISH SUMMARY:

Spain, the reigning European champions, are set to kick off their World Cup campaign against newcomers Cape Verde, aiming to overcome their recent group stage struggles. The Spanish squad boasts a formidable lineup of talented players, including Lamine Yamal and Pedri, making them strong contenders for the title.Spain, the reigning European champions, are set to kick off their World Cup campaign against newcomers Cape Verde, aiming to overcome their recent group stage struggles. The Spanish squad boasts a formidable lineup of talented players, including Lamine Yamal and Pedri, making them strong contenders for the title.