Australia's Nestory Irankunda (17), Australia's Mohamed Toure (9) and Australia's Jacob Italiano (4) celebrate a goal against Turkey during a World Cup Group D soccer match, in Vancouver, Canada, Saturday, June 13, 2026. (Darryl Dyck/The Canadian Press via AP)
വമ്പന്‍ പ്രതീക്ഷകളുമായെത്തിയ തുര്‍ക്കിയെ ഞെട്ടിച്ച് ഓസ്ട്രേലിയ. എതിരില്ലാത്ത രണ്ട് ഗോളിനാണ് ഓസീസ് ജയം. നെസ്റ്ററി ഇറന്‍കുന്‍ഡയും കാനര്‍ മെറ്റ്കാഫുമാണ് ഓസ്ട്രേലിയയ്ക്കായി ഗോളുകള്‍ നേടിയത്. 26–ാം മിനിറ്റില്‍ തുര്‍ക്കിയുടെ ആക്രമണം പ്രതിരോധിച്ച് നടത്തിയ കൗണ്ടര്‍ അറ്റാക്കിലൂടെയാണ് നെസ്റ്ററി ഇറന്‍കുന്‍ഡയുടെ ഗോള്‍ പിറന്നത്. മിഡ്ഫീൽഡർ പോൾ ഒക്കോൺ-എങ്‌സ്‌റ്റ്‌ലറുടെ അസിസ്റ്റിൽ നിന്നായിരുന്നു ആ എന്‍ഡ് ടു എന്‍ഡ് ആക്രമണം. 74–ാം മിനിറ്റിലായിരുന്നു കാനര്‍ മെറ്റകാഫിന്‍റെ ഗോള്‍.
പന്തടക്കത്തിലും ആധിപത്യത്തിലുമെല്ലാം കളം നിറഞ്ഞു നിന്ന തുര്‍ക്കിക്ക് അവസരങ്ങളൊന്നും ഗോളാക്കാന്‍ കഴിയാതിരുന്നതാണ് വിനയായത്. വലിയ മുന്നേറ്റങ്ങള്‍ തുര്‍ക്കി നടത്തിയെങ്കിലും അച്ചടക്കത്തോടെയുള്ള ഓസീസ് പ്രതിരോധത്തിന് മുന്നില്‍ അതെല്ലാം പാഴായി. 30 ഷോട്ടുകള്‍ ഉണ്ടായെങ്കിലും ടാര്‍ഗറ്റിനടുത്തേക്ക് എത്തിയത് എട്ടെണ്ണം മാത്രമാണ്. സര്‍പ്രൈസായി പ്ലേയിങ് ഇലവനിലെത്തിയ പാട്രിക് ബീച്ചിനെ കബളിപ്പിക്കാന്‍ ഒന്നിനുമായില്ല. ജയത്തിന് സോക്കറൂസ് കടപ്പെട്ടിരിക്കുന്നതും ബീച്ചടക്കമുള്ള യുവതാരങ്ങളോടാണ്. എട്ടു മനോഹരമായ സേവുകളില്‍ ഏറ്റവും മികച്ചത് ആദ്യപകുതിയിലേത് തന്നെയാകുമെന്നതില്‍ തര്‍ക്കമില്ല.
കളിയുടെ രണ്ടാം പകുതിയില്‍ സമനിലയ്ക്കായുള്ള കഠിനപ്രയത്നമാണ് തുര്‍ക്കി നടത്തിയത്. ഇത് തിരിച്ചറിഞ്ഞ ഓസ്ട്രേലിയ പ്രതിരോധത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ചു. ഓസ്ട്രേലിയന്‍ പെനല്‍റ്റി ബോക്സിന് ചുറ്റും തുര്‍ക്കി താരങ്ങള്‍ ചെറിയ പാസുകളിലൂടെ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിച്ചെങ്കിലും സോക്കറൂസ് വലിയ പ്രതിരോധം തീര്‍ത്തു. കൗണ്ടര്‍ അറ്റാക്കിലൂടെ ഓസീസ് മുന്നേറാന്‍ തുടങ്ങിയതിന് പിന്നാലെ കാനര്‍ മെറ്റകാഫ് പെനല്‍റ്റി ബോക്സിനടുത്ത് നിന്ന് തൊടുത്ത ഇടംകാലന്‍ ഷോട്ട് തുര്‍ക്കിയുടെ വല കുലുക്കി. സോക്കറൂസിന്‍റെ ഭാവി യുവനിരയുടെ കയ്യില്‍ ഭദ്രം. ജയത്തോടെ ഗ്രൂപ്പില്‍ ഓസ്ട്രേലിയ രണ്ടാമതെത്തി. യുഎസ്എയാണ് ഒന്നാമത്.