ലോകം മുഴുവൻ ഒരു പന്തിനു ചുറ്റും പായുമ്പോൾ ഒരു നാട് മുഴുക്കെ പ്രിയതരമായൊരു ഓർമയ്ക്കു ചുറ്റും കറങ്ങിത്തിരിയുകയാണ്. സൗഹൃദത്തിന്റെ നന്മയും ഫുട്ബോൾ ആവേശവും ഒത്തുചേരുന്ന ഹൃദയസ്പർശിയായ ഒരു കാഴ്ചയാണ് വയനാട് മാണ്ടാടിൽ നിന്നുള്ളത്. വർഷങ്ങൾക്ക് മുൻപ് ഫുട്ബോൾ കളിക്കളത്തിൽ കുഴഞ്ഞുവീണ് മരിച്ച തങ്ങളുടെ പ്രിയ സുഹൃത്തിനായി നാട്ടുകാരും ഫുട്ബോൾ പ്രേമികളും ചെയ്തത് എന്താണെന്ന് കാണാം.

ഏഴുവർഷം മുമ്പ് ഫുട്ബോൾ മൈതാനത്ത് പൊലിഞ്ഞുപോയ ഞങ്ങളുടെ പ്രിയപ്പെട്ടവൻ ഈ നാട്ടിലെ എല്ലാ ഫുട്ബോൾ ഫാൻസിന്റെ ഫ്ലെക്സിലും ഉണ്ടെങ്കിൽ, അത് ഈ നാട് അവനെ എത്രമാത്രം സ്നേഹിക്കുന്നുണ്ട് എന്നതിന്റെ തെളിവാണ്. മറവി ഒരു മനുഷ്യനെ ജീവനോടെയിരിക്കുമ്പോൾ തന്നെ ഇല്ലാതാക്കുന്നു. എന്നാൽ ഓർമകൾ, മരിച്ച ശേഷവും അയാളെ അമരനാക്കി നിർത്തുന്നു. വയനാട് മാണ്ടാടിലെ ഈ ഫുട്ബോൾ ഫ്ലക്സുകൾ വിളിച്ചുപറയുന്നത് ആ ഓർമ്മപ്പെടുത്തലിന്റെ കഥയാണ്.

ബ്രസീലും അർജന്റീനയും പോർച്ചുഗലും സ്പെയിനുമെല്ലാം ചേരിതിരിഞ്ഞ് ആവേശം വിതറുന്ന മാണ്ടാടിലെ കവലകളിൽ, ഈ ഫ്ലക്സുകളിലെല്ലാം പൊതുവായി ഒരു മുഖമുണ്ട്; അർജന്റീനയുടെ നീലയും വെള്ളയും കുപ്പായമണിഞ്ഞ് ചിരിച്ചുനിൽക്കുന്ന ഒരു ചെറുപ്പക്കാരൻ! മാണ്ടാടിന്റെ ഫുട്ബോൾ സ്വപ്നങ്ങൾക്ക് ചിറകുവിരിച്ചവൻ... ഈ നാട്ടിലെ ഓരോ ഫുട്ബോൾ ആരാധകന്റെയും നെഞ്ചിലെ പ്രിയപ്പെട്ടവൻ– എൽസൺ മാർക്കോസ്.

മരണം കവർന്നെടുത്തെങ്കിലും, കളിക്കളത്തിലെ ഓരോ തരിമണ്ണിലും എൽസന്റെ സാന്നിധ്യം ഇവർ ഇന്നും തൊട്ടറിയുന്നുണ്ട്. അർജന്റീനയുടെ വിജയങ്ങളിൽ തങ്ങൾക്കൊപ്പം ആർത്തുവിളിക്കാൻ എൽസനും കൂടെയുണ്ടാകുമെന്ന് ഈ സുഹൃത്തുക്കൾ ഉറച്ചു വിശ്വസിക്കുന്നു. സൗഹൃദത്തിന്റെ ആഴം അളക്കാൻ മരണത്തിന്റെ അളവുകോലുകൾക്ക് കഴിയില്ലെന്ന് മാണ്ടാടിലെ ഈ ഫുട്ബോൾ പ്രണയികൾ വീണ്ടും തെളിയിക്കുന്നു. അതെ, എൽസന് മരണമില്ല. കളിമുറ്റത്തെ ഈ ആരവങ്ങൾക്കിടയിൽ ഒരു പന്തു കണക്കെ ആ ഓർമകൾ ഉരുളുന്നുണ്ട്; ഉയർന്നു പൊങ്ങുന്നുണ്ട്. 

ENGLISH SUMMARY:

A heartwarming tribute in Wayanad's Mandadi where locals and football fans have created a lasting memorial for their friend Elson Marcos, who passed away seven years ago on the football field. Their continued passion and remembrance demonstrate the profound depth of friendship and the enduring power of memories that transcend even death.