ഫിഫ ലോകകപ്പില്‍ ഇന്ന് പുതുയുഗപ്പിറവി. 48 ടീമുകള്‍ മാറ്റുരയ്ക്കുന്ന വിശ്വപോരാട്ടത്തിന്റെ ആദ്യദിനം, സ്വന്തം മണ്ണിൽ ചരിത്ര മുന്നേറ്റം ലക്ഷ്യംവയ്ക്കുന്ന മെക്സിക്കോ, ദക്ഷിണാഫ്രിക്കയെ നേരിടും. ഇന്ത്യന്‍ സമയം രാത്രി 12.30നാണ് കിക്കോഫ്. സംഗീത ലോകത്തെ നക്ഷത്രങ്ങള്‍ അണിനിരക്കുന്ന, ആഘോഷരാവാണ് മല്‍സരത്തിന് മുന്‍പ് കാത്തിരിക്കുന്നത്. 

നിറഞ്ഞ ഗാലറികളും, ലോകോത്തര താരങ്ങളും, ലോകമെമ്പാടുമുള്ള കോടിക്കണക്കിന്  കാഴ്ചക്കാരും ചേരുമ്പോൾ ഇനിയൊരുമാസക്കാലം കാല്‍പന്തുല്‍സവം. അസ്റ്റെക്ക സ്റ്റേഡിയത്തില്‍ ഷക്കീറയുടെ താളത്തിനൊപ്പം ലോകം ചുവടുവയ്ക്കുന്നതോടെ വിശ്വപോരാട്ടത്തിന് തിരശീല ഉയരും. ഇന്ത്യന്‍ സമയം രാത്രി പത്തരയോടെയാണ് ഉദ്ഘാടന ചടങ്ങ്. 

പിന്നാലെ മെക്സിക്കോയുടെയും ദക്ഷിണാഫ്രിക്കയുടെ പ്രതീക്ഷകളുമായി 22 പേര്‍ നേര്‍ക്കുനേരെത്തും.  ചരിത്രത്തിലെ എക്കാലത്തെയും മികച്ച അപരാജിത കുതിപ്പിന് ഒപ്പമെത്തിയാണ് ഹാവിയർ അഗിരെയുടെ മെക്സിക്കോ വരുന്നത്. കഴിഞ്ഞ എട്ടു മത്സരങ്ങളില്‍ തോൽവി അറിഞ്ഞിട്ടില്ല. 2010ൽ ആതിഥേയത്വം വഹിച്ചതിന് ശേഷം ആദ്യമായാണ് ദക്ഷിണാഫ്രിക്ക ലോകകപ്പിനെത്തുന്നത്. വീസ പ്രശ്നങ്ങളെ തുടർന്ന് ടീമിലെ പല അംഗങ്ങളുടെയും യാത്ര വൈകിയത് ഒരുക്കങ്ങളെ ബാധിച്ചു. 70ലും 86ലും ലോകകപ്പുകൾക്ക് ആതിഥേയത്വം വഹിച്ച ഐതിഹാസിക വേദിയിലേക്കുള്ള ലോകകപ്പിന്റെ മടക്കം കൂടിയാണ് ഇത്തവണത്ത ഉദ്ഘാടനപോര്. 

ENGLISH SUMMARY:

FIFA World Cup 2026 marks a new era with 48 teams competing, beginning with Mexico facing South Africa. The opening ceremony will feature global music stars before the highly anticipated football showdown.