ലോകകപ്പ് സന്നാഹമല്‍സരത്തില്‍ ലൂക്ക സിദാന്റെ മികവില്‍ നെതര്‍ലന്‍ഡ്സിനെ അട്ടിമറിച്ച് അള്‍ജീരിയ. അച്ഛന്‍ സിദാന്‍ ഫ്രാന്‍സിനായി എതിരാളികളുടെ ഗോള്‍വല ചലിപ്പിച്ചെങ്കില്‍ അള്‍ജീരിയയുടെ കാവല്‍മാലാഖയാണ് മകന്‍ സിദാന്‍. എതിരില്ലാത്ത ഒരുഗോളിനായിരുന്നു അള്‍ജീരിയയുടെ ജയം.
ആഫ്രിക്കൻ നേഷൻസ് കപ്പിലൂടെ അള്‍ജീരിയയ്ക്കായി അരങ്ങേറ്റം കുറിച്ച ലൂക്ക സിദാൻ, താടിയെല്ലിനേറ്റ പൊട്ടലിനെത്തുടർന്ന് മുഖംമൂടിയണിഞ്ഞാണ് നെതര്‍ലന്‍ഡ്സിനെതിരെ കളത്തിലിറങ്ങിയത്. എന്നാൽ ഈ പരുക്ക് ലൂക്കാ സിദാന്റെ പ്രകടനത്തെ തെല്ലും ബാധിച്ചില്ല. റെയ്ൻഡേഴ്സും കോഡി ഗാക്പോയും നടത്തിയ ഗോളെന്നുറച്ച നീക്കങ്ങള്‍ തടഞ്ഞ് ലൂക്ക അള്‍ജീരിയയുടെ രക്ഷകനായി. ഫിഫ റാങ്കിങ്ങിൽ എട്ടാം സ്ഥാനക്കാരായ നെതർലൻഡ്‌സ്, 28-ാം സ്ഥാനത്തുള്ള അൾജീരിയയ്‌ക്കെതിരെ ലക്ഷ്യത്തിലേക്ക് ആറ് ഷോട്ടുകൾ തൊടുത്തപ്പോൾ, എല്ലാം തടുത്ത് ലൂക്ക മികച്ചുനിന്നു.
റയൽ മഡ്രിഡ് യൂത്ത് ടീമിൽ ഗോൾകീപ്പറായാണ് ലൂക്ക കരിയർ ആരംഭിച്ചത്. ഫ്രാൻസിന്റെ യുവനിര ടീമുകളിലും ഇടംപിടിച്ച് പ്രതീക്ഷ നൽകിയെങ്കിലും സീനിയർ തലത്തിൽ തിളങ്ങാനായില്ല. ഒടുവിൽ റയൽ ലൂക്കയെ ഒഴിവാക്കുകയും സ്പാനിഷ് രണ്ടാം ഡിവിഷൻ ടീമിലേക്ക് ചേക്കേറുകയും ചെയ്തു. ലോകോത്തര ഗോൾകീപ്പർമാരുള്ള ഫ്രഞ്ച് ദേശീയ ടീമിൽ ഇടംനേടുക അസാധ്യമാണെന്ന് ബോധ്യമായതോടെ മുത്തച്ഛന്റെ പാരമ്പര്യം പിന്തുടർന്ന് കഴിഞ്ഞ വർഷം ലൂക്ക അൾജീരിയൻ ദേശീയ ടീമിന്റെ ഭാഗമായി. വര്‍ഷങ്ങള്‍ക്കിപ്പുറം ഒരിക്കല്‍ കൂടി ലോകവേദിയില്‍ സിദാനെന്ന പേര് തെളിയാന്‍ പോകുന്നു.