2026 ഫിഫ ലോകകപ്പ് ഫുട്ബോൾ മത്സരത്തിന്റെ ഔദ്യോഗിക ഗാനത്തിന്റെ വിഡിയോ പുറത്ത്. കൊളംബിയൻ ഗായിക ഷക്കീറ പാടിയ ‘ദായ് ദായ്’ ആണ് പുറത്തുവിട്ടിരിക്കുന്നത്. നൈജീരിയൻ ആഫ്രോബീറ്റ്സ് താരം ബേർണാ ബോയ്‌യുമായി ചേർന്നാണ് ഷക്കീറ ഈ ഗാനം ഒരുക്കിയിരിക്കുന്നത്.
ലയണൽ മെസ്സി, കിലിയൻ എംബാപ്പെ, എർലിങ് ഹാലാൻഡ്, വിനീഷ്യസ് ജൂനിയർ തുടങ്ങിയ പ്രമുഖ ഫുട്ബോൾ താരങ്ങളെ അണിനിരത്തിക്കൊണ്ടാണ് 4 മിനിറ്റ് ദൈർഘ്യമുള്ള ഇതിന്റെ ഔദ്യോഗിക മ്യൂസിക് വിഡിയോ ഒരുക്കിയിരിക്കുന്നത്.
ലാറ്റിൻ പോപ്പും ആഫ്രോബീറ്റ്സും സമന്വയിപ്പിച്ചാണ് ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഇംഗ്ലീഷ്, സ്പാനിഷ്, ഫ്രഞ്ച്, ജാപ്പനീസ് എന്നീ ഭാഷകളിലെ വരികളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇറ്റാലിയന്‍ വാക്കാണ് 'ദായ്'. 'വരൂ' അല്ലെങ്കിൽ 'മുന്നോട്ട് പോകൂ' എന്നാണ് ഈ വാക്കിന്‍റെ അര്‍ഥം.
പാട്ട് ഫുട്ബോള്‍ ലോകകപ്പിനെ കുറിച്ചാണെങ്കിലും ഷക്കീറയുടെ പ്രായത്തെ വെല്ലുന്ന സൗന്ദര്യമാണ് കമന്‍റില്‍ ചര്‍ച്ചാവിഷയം. 50ലേക്ക് കടക്കുന്ന ഷക്കൂറക്ക് ഇന്നും 20കളുടെ ചുറുചുറുക്കും ലുക്കുമാണ് ഗാനരംഗങ്ങളില്‍ കാണാനാവുന്നത്. 'വക്കാ വക്കാ' പാടിയ അതേ ഊർജ്ജത്തോടെയും മെയ്വഴക്കത്തോടെയുമാണ് ഷക്കീറ മ്യൂസിക് വീഡിയോയിൽ നൃത്തം ചെയ്യുന്നത്. 2010 ദക്ഷിണാഫ്രിക്ക ലോകകപ്പില്‍ ഷക്കീറ ഒരുക്കിയ 'വക്കാ വക്കാ' ഒരു കള്‍ട്ടായി മാറിയിരുന്നു. 2014 ബ്രസീൽ ലോകകപ്പിലെ 'ലാ ലാ ലാ'യും സൂപ്പര്‍ ഹിറ്റായി. ഇതിനുശേഷം ലോകകപ്പ് സംഗീതവേദിയിലേക്കുള്ള ഷക്കീറയുടെ ഗംഭീര തിരിച്ചുവരവാണിത്.