മാഞ്ചസ്റ്റർ സിറ്റിയിലെ റെക്കോർഡുകൾ നിറഞ്ഞ പത്തുവർഷത്തെ പരിശീലക യുഗത്തിന് അവസാനമിട്ട് പെപ് ഗ്വാർഡിയോള പടിയിറങ്ങുന്നു. കരാറില്‍ ഒരുവര്‍ഷം കൂടെ ബാക്കിനില്‍ക്കെയാണ് ക്ലബ് വിടുന്നത്. 2016-ൽ ഇംഗ്ലീഷ് ഫുട്ബോളിലെത്തിയ ശേഷം സിറ്റിക്കായി 17 പ്രധാന കിരീടങ്ങൾ നേടിക്കൊടുത്ത ഗ്വാർഡിയോളയോട്, ഈ സീസണിനപ്പുറം ക്ലബിൽ തുടരുമോയെന്ന് സമീപ ആഴ്ചകളിൽ പലതവണ ചോദ്യമുയർന്നിരുന്നു. ഒരു വർഷം കൂടി കരാറുണ്ട് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. എന്നാല്‍ ഗ്വാർഡിയോള ക്ലബ് വിടുമെന്ന വാർത്തയോട് സിറ്റി പ്രതികരിച്ചിട്ടില്ല.
മാഞ്ചസ്റ്റര്‍ സിറ്റിയുടെ ‘ഗാർഡിയൻ’
സിറ്റിയുടെ ചരിത്രത്തിലെ ഏറ്റവും വിജയകരമായ ഈ ദശാബ്ദത്തിന് ചുക്കാൻ പിടിച്ച ഗ്വാർഡിയോള, മുമ്പ് പരിശീലിപ്പിച്ച ബാർസിലോന (2008-12), ബയേൺ മ്യൂണിക് (2013-16) എന്നീ ക്ലബ്ബുകളേക്കാൾ കൂടുതൽ കാലം സിറ്റിയിൽ തുടർന്നു. 2022-23 സീസണിൽ പ്രീമിയർ ലീഗ്, ചാംപ്യന്‍സ് ലീഗ്, എഫ്എ കപ്പ് എന്നിവ നേടി ട്രെബിൾ നേട്ടം സ്വന്തമാക്കിയതാണ് സിറ്റിയിലെ വലിയ നേട്ടം. ഗ്വാർഡിയോളയുടെ കീഴിൽ സിറ്റി ആറ് തവണ പ്രീമിയർ ലീഗ് കിരീടം നേടി. ഇംഗ്ലീഷ് ഫുട്ബോളിന്റെ 140 വർഷത്തെ ചരിത്രത്തിൽ തുടർച്ചയായി നാല് ലീഗ് കിരീടങ്ങൾ നേടുന്ന ആദ്യ ടീമായി.
ഒരു സീസണിൽ 100 പോയിന്റ് നേടുന്ന ആദ്യ ടീം, ഒരേ സീസണിൽ ലീഗ്, എഫ്എ കപ്പ്, ലീഗ് കപ്പ് എന്നിവ നേടി ആഭ്യന്തര ട്രെബിൾ സ്വന്തമാക്കുന്ന ആദ്യ ടീം എന്നീ റെക്കോർഡുകളും സിറ്റി സ്വന്തമാക്കി.
ഈ സീസണിൽ സിറ്റി ലീഗ് കപ്പും എഫ്എ കപ്പും നേടിയിട്ടുണ്ട്. പ്രീമിയർ ലീഗിൽ ആര്‍സനലിന് പിന്നിൽ രണ്ടാമതാണ്. കിരീടപ്പോരാട്ടം അവസാന റൗണ്ടിലേക്ക് നീട്ടാൻ ബേൺമത്തിനെതിരെ ജയിക്കണം. ആര്‍സനലിനെക്കാള്‍ അഞ്ച് പോയിന്റ് പിന്നിലാണ് സിറ്റി.
പിന്‍ഗാമിയാകുമോ മാരേസ്ക
ഇംഗ്ലീഷ് ഫുട്ബോളിന്റെ മുഖച്ഛായ തന്നെ ഗ്വാർഡിയോള മാറ്റിമറിച്ചു. ഗോൾകീപ്പറിൽ നിന്നോ പ്രതിരോധത്തിൽ നിന്നോ തുടങ്ങി, പന്ത് കൈവശം വെച്ച് കളിക്കുന്ന അദ്ദേഹത്തിന്റെ ശൈലി, അടിസ്ഥാന തലം മുതൽ പ്രീമിയർ ലീഗിലെ എതിരാളികൾ വരെ രാജ്യത്തുടനീളം അനുകരിച്ചു. ഗ്വാർഡിയോളയുടെ മുൻ സഹായിയും ചെൽസിയുടെ മുൻ മാനേജരുമായ എൻസോ മറെസ്കയാണ് പകരക്കാരനാവാൻ മുഖ്യപരിഗണനയിലുള്ളതെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു.