ബ്രസീലിയന്‍ താരം നെയ്മര്‍ക്ക് പിന്തുണയുമായി ലയണല്‍ മെസി. നെയ്മർ ഫിഫ ലോകകപ്പിന് വേണമെന്നും ഫോം പ്രശ്നമല്ലന്നും മെസി പറഞ്ഞു. സ്പെയിനിനും ഫ്രാന്‍സിനും ഒപ്പം ഇക്കുറി ലോകകപ്പ് നേടാന്‍ സാധ്യതയുള്ള ടീമാണ് ബ്രസീലെന്നും ലയണല്‍ മെസി.
കായികക്ഷമതയെക്കുറിച്ച് ആശങ്കകൾ നിലനിൽക്കെയാണ് നെയ്മറെ പിന്തുണച്ച് ലയണല്‍ മെസി എത്തിയത്. ''ലോകകപ്പിൽ ഏറ്റവും മികച്ച കളിക്കാർ ഉണ്ടാകണമെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. ഫോം എന്തുതന്നെയായാലും നെയ്മർ എപ്പോഴും അവരിലൊരാളായിരിക്കും," ഒരു ചടങ്ങില്‍ പങ്കെടുക്കവെയാണ് മെസി മനസുതുറന്നത്.
ഏതു വലിയ ടൂർണമെന്റിലും കിരീടത്തിനായി മത്സരിക്കാൻ ആവശ്യമായ കളിക്കാർ ബ്രസീലിനുണ്ടെന്നും അവർ എപ്പോഴും ഒരു പ്രധാന എതിരാളിയാണെന്നും മെസി പറഞ്ഞു. 2023 ഒക്ടോബറിൽ കാൽമുട്ടിനു ഗുരുതരമായി പരുക്കേറ്റശേഷം നെയ്മര്‍ ദേശീയ ടീമിനായി കളത്തിലിറങ്ങിയിട്ടില്ല. കഴിഞ്ഞ വർഷം സാന്റോസിലേക്ക് മടങ്ങിയശേഷം സ്ഥിരത കണ്ടെത്താനും ബുദ്ധിമുട്ടുകയാണ്. പൂർണ കായികക്ഷമത വീണ്ടെടുത്താൽ നെയ്മറെ ടീമിലേക്ക് പരിഗണിക്കുമെന്നാണ് ബ്രസീൽ പരിശീലകൻ കാർലോ ആൻചലോട്ടി പറഞ്ഞത്.