ക്ലബ് ലോകകപ്പ് സമ്മാനിച്ച പരിശീലകന്‍ എൻസോ മാരെസ്കയെ ചെൽസി പുറത്താക്കി. അവസാനമായി കളിച്ച ഏഴ് ലീഗ് മത്സരങ്ങളിൽ ഒന്നിൽ മാത്രം ജയിക്കാനായതിനെത്തുടർന്നാണ് ക്ലബ്ബിന്റെ കടുത്ത നടപടി. 2024-ൽ ചെൽസിയിലെത്തിയ ഇറ്റാലിയൻ പരിശീലകൻ, ആദ്യ സീസണിൽ തന്നെ ക്ലബ്ബിന് ചാംപ്യൻസ് ലീഗ് യോഗ്യതയും കോൺഫറൻസ് ലീഗ്, ക്ലബ് ലോകകപ്പ് കിരീടങ്ങളും നേടിക്കൊടുത്തിരുന്നു.
എന്നാൽ ഡിസംബറിലെ തുടർച്ചയായ മോശം പ്രകടനവും പരിശീലകന്റെ ഭാഗത്തുനിന്നുണ്ടായ അസ്വാഭാവിക പൊട്ടിത്തെറിയും 45-കാരനെതിരെ നടപടിയെടുക്കാൻ ക്ലബ് നേതൃത്വത്തെ പ്രേരിപ്പിക്കുകയായിരുന്നു. ബോണ്‍മത്തിനെതിരെ സമനില വഴങ്ങിയശേഷം ആരാധകര്‍ കൂവിവിളിച്ചിരുന്നു. പിന്നാലെ വാര്‍ത്താസമ്മേളനത്തില്‍ മരെസ്ക പങ്കെടുത്തില്ല. നവംബറിൽ ലീഗിൽ മൂന്നാം സ്ഥാനത്തായിരുന്ന ചെൽസി കിരീട സാധ്യത കൽപ്പിക്കപ്പെട്ട ടീമുകളിലൊന്നായിരുന്നു.
എന്നാലിപ്പോള്‍ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ടീം, ഒന്നാമതുള്ള ആര്‍സനലിനേക്കാള്‍ 15 പോയിന്റ് പിന്നിലാണ്. രണ്ടാം സ്ഥാനക്കാരായ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ ഞായറാഴ്ച നടക്കുന്ന മത്സരത്തിൽ ടീമിന്റെ ചുമതല ആർക്കായിരിക്കുമെന്ന് ക്ലബ് വ്യക്തമാക്കിയിട്ടില്ല.