ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയുടെ ചുവപ്പുകാർഡ് വിലക്കിനെതിരെ പോർച്ചുഗീസ് ഫുട്ബോൾ ഫെഡറേഷൻ അപ്പീൽ നൽകാൻ ഒരുങ്ങുന്നു. ഇതോടെ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ലോകകപ്പിലെ ആദ്യ മത്സരത്തിൽ കളിക്കാനായേക്കും. രണ്ടുമല്‍സരങ്ങളില്‍ നിന്ന് വിലക്ക് ലഭിച്ചാല്‍ ലോകകപ്പിലെ ആദ്യ മല്‍സരത്തില്‍ പുറത്തിരിക്കേണ്ടിവരും .
റൊണാൾഡോയുടെ വിലക്ക് അർമേനിയയ്ക്കെതിരായ യോഗ്യതാ മത്സരത്തിൽ മാത്രമായി ഒതുക്കണമെന്ന് ആവശ്യപ്പെട്ട് ഫിഫയ്ക്ക് പരാതി നൽകാൻ ഫെഡറേഷൻ തയാറെടുക്കുന്നു.റൊണാൾഡോയെ പ്രതിരോധിക്കാൻ മൂന്ന് കാരണങ്ങൾ അപ്പീലിൽ ചൂണ്ടിക്കാട്ടും. ഐറിഷ് സ്റ്റേഡിയത്തിലെ പ്രകോപനപരമായ അന്തരീക്ഷമാണ് ഒന്നാമത്തെ കാരണമായി ചൂണ്ടിക്കാണിക്കുന്നത്.
അയർലൻഡ് പരിശീലകന്റെ പ്രസ്താവനകളാണ് ഇതിന് വഴിവച്ചതെന്നും പോര്‍ച്ചുഗല്‍ വാദിക്കും. ടീമുകൾ തമ്മിൽ മുൻപ് ഏറ്റുമുട്ടിയപ്പോൾ റൊണാൾഡോ റഫറിയെ സ്വാധീനിച്ചുവെന്ന് ഐസ്‌ലൻഡുകാരനായ പരിശീലകൻ ആരോപിച്ചിരുന്നു. രാജ്യാന്തര തലത്തിൽ റൊണാൾഡോയുടെ മികച്ച അച്ചടക്ക ചരിത്രം പരിഗണിക്കണമെന്നും ആവശ്യപ്പെടും. രാജ്യത്തിനായി 226 മത്സരങ്ങൾ കളിച്ച താരത്തിന്റെ ആദ്യത്തെ ചുവപ്പുകാര്‍ഡായിരുന്നു.