ലോകകപ്പിനെ പറ്റിയുള്ള പരാമര്‍ശത്തില്‍ മലക്കം മറിഞ്ഞ് പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ലോകകപ്പ് നേടുക എന്നത് തന്‍റെ സ്വപ്നമല്ല എന്നാണ് റൊണാള്‍ഡോ ഇപ്പോള്‍ പറയുന്നത്. പിയേഴ്സ് മോര്‍ഗന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്‍റെ മലക്കംമറിച്ചില്‍. ഒരു കളിക്കാരന്റെ കരിയറിലെ മഹത്വം നിർണയിക്കുന്നത് ആറോ ഏഴോ മത്സരങ്ങളുള്ള ഒരു ടൂർണമെന്റല്ലെന്നും, അത് ന്യായമല്ല എന്നും റൊണാള്‍ഡോ അഭിപ്രായപ്പെട്ടു.
മെസി തന്നെക്കാൾ മികച്ച കളിക്കാരനാണെന്ന അഭിപ്രായം താൻ അംഗീകരിക്കുന്നില്ലെന്നും റൊണാള്‍ഡോ കൂട്ടിച്ചേര്‍ത്തു. 'ആ അഭിപ്രായത്തോട് ഞാൻ യോജിക്കുന്നില്ല, എനിക്ക് അത്ര വിനയാന്വിതനാവേണ്ട ആവശ്യമില്ല, ഫുട്ബോള്‍ ചരിത്രത്തില്‍ ഞങ്ങള്‍ രണ്ട് പേരും പ്രധാനനേട്ടങ്ങളുണ്ടാക്കി. ആരാണ് മികച്ചതെന്ന് കാലം പറയും,' റൊണാള്‍ഡോ പറഞ്ഞു.
2022 ലോകകപ്പിൽ പോർച്ചുഗൽ ക്വാർട്ടർ ഫൈനലിൽ പുറത്തായതിനുപിന്നാലെയാണ് ലോകകപ്പ് നേടുക എന്നതാണ് തന്‍റെ ഏറ്റവും വലിയ സ്വപ്നമെന്ന് റൊണാള്‍ഡോ കുറിച്ചത്. പോര്‍ച്ചുഗലിനുവേണ്ടിയലും അല്ലാതെയും അന്താരാഷ്ട്രതലത്തില്‍ താന്‍ ഒരുപാട് നേട്ടങ്ങള്‍ സ്വന്തമാക്കിയെന്നും എന്നാല്‍ ലോകകപ്പ് നേടുന്നതാണ് ഏറ്റവും വലിയ സ്വപ്നമെന്നുമാണ് റൊണാള്‍ഡോ അന്ന് കുറിച്ചത്. പോര്‍ച്ചുഗല്‍ പുറത്തായ അതേ ലോകകപ്പിലാണ് മെസിലും സംഘവും കപ്പുയര്‍ത്തുകയും ചെയ്തത്.