v-abdurahiman-01

അർജന്‍റീന ടീം മാർച്ചിൽ കേരളത്തിലെത്തുമെന്ന അവകാശവാദവുമായി വീണ്ടും മന്ത്രി വി. അബ്ദുറഹിമാൻ. സൗഹൃദ മൽസരത്തിനായി മാർച്ചിൽ എത്താമെന്ന അർജന്റീന ഫുട്ബാൾ ടീമിന്റെ ഔദ്യോഗിക അറിയിപ്പ് 2 ദിവസം മുൻപ് കിട്ടിയതായും മന്ത്രി പറഞ്ഞു. വിഷൻ 2031ന്റെ ഭാഗമായി മലപ്പുറത്ത് നടന്ന സ്പോർട്സ് സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കൊച്ചി കലൂർ സ്റ്റേഡിയത്തിന് രാജ്യാന്തര നിലവാരം ഉണ്ടെങ്കിലും ഫിഫ അംഗീകാരം ലഭിക്കാനുണ്ടെന്നും മന്ത്രി പറഞ്ഞു.

അതേസമയം, മെസി കേരളത്തില്‍ എത്താത്തതിന്‍റെ നിരാശ ആരാധകര്‍ക്കു മറക്കാം. ഡിസംബര്‍ 13നു ഹൈദരാബാദിലെത്തിയാല്‍ മെസിയുടെ സെലിബ്രിറ്റി മാച്ചും സ്വീകരണത്തിലും സംഗീത നിശയിലും പങ്കെടുത്തു മടങ്ങാം. മെസിയുടെ ഇന്ത്യാ ഗോട്ട് ടൂറില്‍ ഹൈദരാബാദിനെയും ഉള്‍പ്പെടുത്തി. 

നിശബ്ദമായി കാര്യങ്ങള്‍ മുന്നോട്ടു നീക്കിയാണ്  ഗോട്ട് ഇന്ത്യാ ടൂറില്‍ ചെന്നൈയെയും ബെംഗളൂരുവിനെയും പിന്നിലാക്കി ഹൈദരാബാദ് സ്ഥാനം പിടിച്ചത്. 13നു വൈകീട്ട് മെസി ഹൈദരാബാദില്‍ സെലിബ്രിറ്റി ഫുട്ബോളില്‍ പന്തു തട്ടും. ഇതുമാത്രമല്ല. നഗരത്തില്‍ വമ്പന്‍ സ്വീകരണവും സംഗീത നിശയുമുണ്ട്.  

കേരള സന്ദര്‍ശനം ഒഴിവാക്കിയ സാഹചര്യത്തിലാണു ഗോട്ട് ഇന്ത്യാ ടൂര്‍ സംഘാടകര്‍ ഹൈദരാബാദിലെ വേദി  പരിഗണിച്ചത്. ഡിസംബര്‍ 12നു ഇന്ത്യയിലെത്തുന്ന താരം 13നു രാവിലെ കൊല്‍ക്കത്തയില്‍ ആരാധകര്‍ക്ക് മുന്നിലെത്തും. തുടര്‍ന്ന് വൈകീട്ട് ഹൈദരാബാദ് സന്ദര്‍ശിക്കും. 14നും മുംബൈയിലും 15നു ഡല്‍ഹിയിലുമെത്തുന്ന താരം പ്രധാനമന്ത്രി നരേന്ദ്രമോദിയെയും കാണും. മെസിക്കൊപ്പം ലൂയിസ് സോറസ്, റോഡ്രിഗോ ഡിപോള്‍ എന്നിവരുമുണ്ടാകുമെന്ന്  സംഘാടകര്‍ അറിയിച്ചു.

ENGLISH SUMMARY:

Once again, Kerala’s Sports Minister V. Abdurahiman has claimed that the Argentina football team will visit Kerala in March for a friendly match. The minister stated that an official communication from the Argentina Football Federation confirming the visit was received two days ago. He was speaking at the inauguration of the “Vision 2031” sports seminar held in Malappuram. The minister also noted that although the Kaloor Stadium in Kochi meets international standards, it still awaits FIFA approval.