ഇന്ത്യന്‍ ക്ലബ് ഫുട്ബോളില്‍ പുതു ചരിത്രം കുറിക്കാന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇന്ത്യയിലേക്ക്. ഏഷ്യന്‍ ചാംപ്യന്‍സ് ലീഗ് 2–ന്‍റെ ഗ്രൂപ്പ് പോരാട്ടത്തില്‍ അല്‍ നസ്റിനായി പന്തുതട്ടാനാണ് സൂപ്പര്‍താരം എത്തുന്നത്. ഈ മാസം 22ന് ഗോവയിലെ ഫറ്റോര്‍ദ സ്റ്റേഡിയത്തിലാണ് ക്രിസ്റ്റ്യാനോയുടെ അല്‍ നസ്റും എഫ്സി ഗോവയും ഏറ്റുമുട്ടുക. ക്രിസ്റ്റ്യാനോയുടെ വീസ രേഖകള്‍ അല്‍ നസ്ര് കൈമാറിയതായി എഫ്സി ഗോവ അധികൃതരാണ് സ്ഥിരീകരിച്ചത്.
എഫ്.സി ഗോവയെ സംബന്ധിച്ച് ഇത് ചരിത്ര നിമിഷമാണെന്ന് ക്ലബ് സിഇഒ രവി പുസ്കര്‍ പറയുന്നു. ഇന്ത്യന്‍ ക്ലബ് ഫുട്ബോളിന്‍റെ ചരിത്രത്തിലെ സുവര്‍ണനേട്ടമാകും താരത്തെ കൊണ്ടുവരാനാകുന്നതെന്നും അസോസിയേറ്റഡ് പ്രസിനോട് അദ്ദേഹം പ്രതികരിച്ചു. ഇന്ത്യന്‍ ഫുട്ബോളിലേക്ക് ലോകത്തിന്‍റെ ശ്രദ്ധയാകര്‍ഷിക്കാന്‍ കഴിയുന്ന നിമിഷങ്ങളാകും ഇതെന്നും രാജ്യത്തിനും അഭിമാനാര്‍ഹമാണെന്നും ആരാധകരും പറയുന്നു.
താരത്തിന്‍റെ സുരക്ഷയില്‍ ആശങ്ക വേണ്ടെന്ന് ഗോവന്‍ പൊലീസും വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാര്‍ ഏറ്റവും മികച്ച സുരക്ഷയൊരുക്കുമെന്നും എഫ്.സി ഗോവ അധികൃതരുമായി ഇക്കാര്യം ചര്‍ച്ച ചെയ്തുവെന്നും സൗത്ത് ഗോവന്‍ എസ്പി തികം സിങ് വര്‍മയും വെളിപ്പെടുത്തി.
Image credit: Rupeshsarka, Wikipedia
ഏഷ്യന്‍ ചാംപ്യന്‍സ് ലീഗ് 2 സീസണില്‍ ഗ്രൂപ്പില്‍ ഏറ്റവും ഒടുവിലായാണ് എഫ്.സി ഗോവയുടെ സ്ഥാനം. രണ്ട് മല്‍സരങ്ങള്‍ കഴിഞ്ഞിട്ടും ഗോളും പോയിന്‍റും നേടാന്‍ എഫ്.സി ഗോവയ്ക്ക് കഴിഞ്ഞിട്ടില്ല. കളിച്ച എല്ലാ മല്‍സരങ്ങളും ജയിച്ച അല്‍ നസ്റാണ് പോയിന്‍റുപട്ടികയില്‍ ഒന്നാമത്. ഗ്രൂപ്പിലെ മറ്റ് ടീമുകളായ അല്‍ സവ്‌റയ്ക്കും ഇസ്റ്റികോളിനും മൂന്ന്പോയിന്‍റ് വീതമുണ്ട്.
ഗോട്ട് ടൂര്‍ ഓഫ് ഇന്ത്യയുടെ ഭാഗമായി ഡിസംബറിലാണ് മെസ്സി ഇന്ത്യയില്‍ എത്തുന്നത്. കൊല്‍ക്കത്ത, മുംബൈ, അഹമ്മദാബാദ്, മുംബൈ, ന്യൂഡല്‍ഹി നഗരങ്ങളിലെത്തുന്ന കാര്യം താരം സ്ഥിരീകരിച്ചിരുന്നു. നവംബറില്‍ അര്‍ജന്‍റീന ടീം കൊച്ചിയില്‍ പ്രദര്‍ശന മല്‍സരം കളിക്കുമെന്നും അറിയിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ആരാധകര്‍ക്ക് ഇരട്ടി സന്തോഷം പകര്‍ന്ന് ക്രിസ്റ്റ്യാനോയുടെ വരവും ഉറപ്പിച്ചത്.