സ്പാനിഷ് മധ്യനിരതാരം സെര്‍ജിയോ ബുസ്കെറ്റ്സ് വിരമിച്ചു. മേജര്‍ ലീഗ് സീസണ്‍ അവസാനിക്കുന്നതോടെ പ്രഫഷന്‍ ഫുട്ബോളില്‍ നിന്ന് വിടപറയുമെന്ന് സെര്‍ജിയോ പറഞ്ഞു. ലോകകപ്പും യൂറോകപ്പും ലാ ലിഗ കിരീടങ്ങളും നേടിയ സെര്‍ജിയോ ബുസ്കെറ്റ്സ് ലോകം കണ്ട മികച്ച മിഡ്ഫീല്‍ഡര്‍മാരില്‍ ഒരാളാണ്.
കായിക ക്ഷമതയ്ക്കോ കരുത്തിനോ അമിത പ്രാധാന്യം നൽകാതെ കളിയിലെ ബുദ്ധികൂര്‍മതയും കൃത്യതയുമുള്ള പാസുകളും കളിയുടെ ഗതി വായിച്ചെടുക്കാനുള്ള കഴിവുമൂലം ഡിപ് ലയിങ് മിഡ്ഫീൽഡര്‍ എന്ന സ്ഥാനത്തെ പുനർ നിർവചിച്ചതാരാണ് ബുസ്കെറ്റ്സ്. നീക്കങ്ങളിൽ വേഗക്കുറവുണ്ടെങ്കിലും പന്തുകൾ റാഞ്ചി എടുക്കുന്നതിലും എതിരാളികളുടെ ആക്രമണങ്ങളുടെ മുനയൊടിക്കുന്നതിലും മിടുക്കനാണ്. ടാക്ലിങ്ങിലും കേമൻ. സെര്‍ജിയോയുടെ തലമുറയിലെ ഏറ്റവും മികച്ച മധ്യനിരക്കാരിൽ ഒരാളായും എക്കാലത്തെയും മികച്ച ഹോൾഡിങ് ഫീൽഡർമാരിൽ ഒരാളായും പല ഫുട്ബോൾ പണ്ഡിതരും സർജിയോ ബുസ്കറ്റ്സിനെ വാഴ്ത്തി. സാധാരണയായി സെൻട്രൽ , ഡിഫൻസീവ് മിഡ്ഫീൽഡർ സ്ഥാനങ്ങളാണ് വിന്യസിക്കാറുള്ളത്. സെൻട്രൽ ഡിഫൻഡറായും കളിക്കും. സഹതാരകളായ ഇനിയെസ്റ്റ, സാവി, ഇവാൻ റാക്കിറ്റിച്ച് എന്നിവർക്കൊപ്പം ഹ്രസ്വപാസുകളിലൂടെ മധ്യനിരയിൽ ടീമിന്റെ കളിയുടെ താളം നിർണയിക്കുന്ന ഡീപ് ലയിങ് മിഡ്ഫീല്‍ഡര്‍ എന്ന നിലയിൽ സർഗാത്മക പങ്കും വഹിച്ചിട്ടുണ്ട്. മധ്യനിരയിൽ കളിമെനയാനും പ്രതിരോധത്തിൽ സഹായിക്കാനുള്ള കഴിവും കൊണ്ട് സെർജിയോയുടെ കളി രീതിയെ ഇറ്റാലിയൻ ഫുട്ബോളിലെ ‘മെറ്റഡിസ്റ്റ’ എന്ന സ്ഥാനത്തോടും ഉപമിക്കുന്നു. കളി മുഴുവൻ കണ്ടാൽ നിങ്ങൾ ബുസ്കറ്റിനെ കാണില്ല, എന്നാൽ ബുസ്കെറ്റ്സിനെ ശ്രദ്ധിച്ചാൽ കളി മുഴുവനും കാണാം എന്നാണ് കോച്ച് പെപ് ഗാര്‍ഡിയോള വിശേഷിപ്പിച്ചത്. പ്രതിസന്ധി ഉണ്ടാകുമ്പോൾ അവിടെ എപ്പോഴും ബുസ്കെറ്റ്സ് ഉണ്ടാകും എന്നാണ് മെസ്സിയുടെ വാക്കുകൾ. സ്പെയിനു വേണ്ടിയും ബാര്‍സിലോനയ്ക്ക് വേണ്ടിയും കിരീടങ്ങൾ നേടിയിട്ടുള്ള ബുസ്കെറ്റ്സ് 2023ലാണ് മെസ്സിയുടെ ഇന്റര്‍ മയാമിയില്‍ ചേർന്നത്. സ്പെയിനിനായി 143 മത്സരങ്ങളിൽ നിന്ന് രണ്ടുഗോളുകളും ബാർസലോനയ്ക്കായി 481 മത്സരങ്ങളിൽ നിന്ന് 11 ഗോളുകളും ഈ ഡിഫൻസീവ് മിഡ്ഫീല്‍ഡര്‍ നേടി. 2023ല്‍ ഇന്റര്‍ മയാമിയിലെത്തിയ താരം സെര്‍ജിയോ 69 മത്സരത്തിൽ നിന്ന് ഒരു ഗോൾ നേടി . 2010 ലോകകപ്പ് നേടിയ ടീമിലും 2012 യൂറോ കപ്പ് നേടിയ ടീമിലും അംഗമായിരുന്നു. ബാര്‍സിലോനയ്ക്കൊപ്പം ഒന്‍പത് ലാലിഗ കിരീടങ്ങളും ഏല് കോപ്പ ദെല്‍ റേ കിരീടങ്ങളും ഏഴ് സൂപ്പര്‍ കപ്പും മൂന്ന് ചാംപ്യന്‍സ് ലീഗ് കിരീടങ്ങളും നേടി. സമൂഹമാധ്യമത്തിലൂടെയാണ് 37 കാരനായ സെര്‍ജിയോ ബുസ്കെറ്റസ് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. എല്ലാം ഫുട്ബോൾ പ്രേമികൾക്കും ഹൃദയം നിറഞ്ഞ നന്ദിയെന്ന് താരം പറഞ്ഞു