ഫുട്ബോള്‍ ലോകത്തെ മികച്ചവരില്‍ മികച്ചവനായി ഉസ്മാന്‍ ഡെംബലെ. 2025ലെ ബലോന്‍ ദ് ഓര്‍ പുരസ്കാരം പി.എസ്.ജി താരം സ്വന്തമാക്കി. ബാഴ്സിലോനയുടെ അയ്റ്റാന ബോണ്‍മറ്റിയാണ് മികച്ച വനിതാ താരം.
പ്രഖ്യാപനത്തിന് മുന്‍പ് തന്നെ കാണികള്‍ക്കിടയില്‍ നിന്ന് ഉയര്‍ന്നുകേട്ടത് ഡെംബലെയുടെ പേരായിരുന്നു. പിന്നെ ആ പേര് ഉറക്കേ പറയേണ്ട ചുമതലയേ ഇതിഹാസതാരം റോണാള്‍ഡിഞ്ഞോയ്ക്ക് ഉണ്ടായിരുന്നുള്ളു. ലോകത്തിലെ മികച്ച പുരുഷ ഫുട്ബോളറായി തിരഞ്ഞെടുക്കപ്പെട്ട ഫ്രഞ്ച് താരം ആ സ്വര്‍ണപന്ത് ഏറ്റുവാങ്ങി മുത്തമിട്ടു. ഏറെ വികാരഭരിതനായി ഡെംബലെ സംസാരിച്ചു. 'ഈ യാത്ര എളുപ്പമായിരുന്നില്ല... കൂടെയുണ്ടായിരുന്നവര്‍ക്ക്, പ്രത്യേകിച്ച് തന്റെ ക്ലബിനും കുടുംബത്തിനും ഒത്തിരി നന്ദി'. ബാഴ്സിലോനയുടെ ലമീന്‍ യമാലിനെ പിന്തള്ളിയാണ് ഡെംബലെ തന്റെ ആദ്യ ബലോന്‍ ദ് ഓര്‍ പുരസ്കാരം സ്വന്തമാക്കിയത്.
മികച്ച വനിതാ താരമായി ബാഴ്സിലോനയുടെ സ്പെയിന്‍ താരം അയ്റ്റാന ബോണ്‍മറ്റിനെ തിരഞ്ഞെടുത്തു. തുടര്‍ച്ചയായ മൂന്നാം തവണയാണ് അയ്റ്റാന ബലോന്‍ ദ് ഓര്‍ സ്വന്തമാക്കുന്നത്. മികച്ച യുവതാരത്തിനുള്ള കോപ്പ ട്രോഫി ബാഴ്സയുടെ ലമീന്‍ യമാലിനും വിക്കി ലോപസിനുമാണ്. മികച്ച പരിശീലകര്‍ക്കുള്ള യൊഹാന്‍ ക്രൈഫ് ട്രോഫി പി.എസ്.ജിയുടെ ലൂയി എന്‍റിക്വെയും ഇംഗ്ലണ്ട് വനിതാ ടീമിന്റെ സറീന വീഗ്മാനും സ്വന്തമാക്കി.
മാഞ്ചസ്റ്റര്‍ സിറ്റിയുടെ ജിയാന്‍ല്യൂജി ഡൊന്നരുമ്മയും ചെല്‍സിയുടെ ഹനാ ഹാംപ്ടണുമാണ് മികച്ച ഗോള്‍കീപ്പര്‍മാര്‍. ആര്‍സനലിന്റെ വിക്ടര്‍ യോക്കരസും ബാഴ്സയുടെ ഏവ പയോറും മികച്ച സ്ട്രൈക്കര്‍മാരായി. പി.എസ്.ജിയാണ് മികച്ച പുരുഷ ഫുട്ബോള്‍ ക്ലബ്. മികച്ച വനിതാ ഫുട്ബോള്‍ ക്ലബിനുള്ള പുരസ്കാരം ആര്‍സനല്‍ ഏറ്റുവാങ്ങി. പാരിസിലെ ടിയാറ്റര്‍ ഡു ഷറ്റ്‌ലെയ്ക്ക് പുറത്ത് നിരവധി ആരാധകരാണ് ആഘോഷവുമായി തടിച്ചുകൂടിയിരുന്നത്.