ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മകന്‍ ക്രിസ്റ്റ്യാനോ ജൂനിയര്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് യൂത്ത് അക്കാദമിയില്‍ ചേര്‍ന്നപ്പോള്‍ പങ്കുവച്ച ചിത്രം ആരാധകര്‍ ഏറ്റെടുത്തിരുന്നു. യുണൈറ്റഡിന്‍റെ ഏഴാം നമ്പര്‍ ജഴ്സില്‍ ഒരിക്കല്‍കൂടി റൊണാള്‍ഡോ എന്ന് പതിഞ്ഞതായിരുന്നു അന്നത്തെ കൗതുകം. എന്നാല്‍ ക്രിസ്റ്റ്യാനോ ജൂനിയര്‍ക്കൊപ്പം ആ ചിത്രത്തിലുണ്ടായിരുന്ന ജെ.ജെ.ഗബ്രിയലാണ് ഇന്ന് ശ്രദ്ധാകേന്ദ്രം. 14 വയസ്സുകാരനായ ജെ.ജെ.ഗബ്രിയലിനെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ സീനിയര്‍ ടീമിനൊപ്പം പരിശീലനം നടത്താന്‍  ക്ഷണിച്ചിരിക്കുകയാണ് പരിശീലകന്‍ റൂബന്‍ അമോറിം. ഇത്രയും പ്രായംകുറഞ്ഞൊരു താരം സീനിയര്‍ ടീമിനൊപ്പം പരിശീലിക്കുന്നത് ചരിത്രത്തില്‍ ആദ്യവും. 

അന്ന് ബെക്കാം ഇന്ന് ഗബ്രിയല്‍ 

പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍  യുണൈറ്റഡ് – ആര്‍സനല്‍ മല്‍സരം, ഡയറക്റ്റേഴ്സ് ബോക്സിലിരുന്ന് കണ്ട വിഐപികളുടെ കൂട്ടത്തില്‍ ജെ.ജെയുമുണ്ടായിരുന്നു. ക്ലബിന് എത്രമാത്രം വേണ്ടപെട്ട താരമാണെന്ന് കാണിച്ചുകൊടുക്കുക കൂടിയായിരുന്നു ഡയറക്റ്റേഴ്സ് ബോക്സിലിരുന്ന മല്‍സരം കാണാനുള്ള  ക്ഷണത്തിന്‍റെ ഉദ്ദേശം. യുണൈറ്റഡുമായി രണ്ടുവര്‍ഷത്തേക്ക് ഗബ്രിയല്‍ കരാര്‍ ഒപ്പിട്ടതിന് പിന്നാലെയായിരുന്നു ഓള്‍ഡ് ട്രഫോഡിലേക്കുള്ള ക്ഷണം. മാഞ്ചസ്റ്റര്‍ യൂത്ത് അക്കാദമിയുമായി കരാര്‍ ഒപ്പിടുന്നതിന് മുമ്പ് കൗമാരക്കാരന്‍ ഡേവിഡ് ബെക്കമിനെ അന്നത്തെ പരിശീലകന്‍ സര്‍ അലക്സ് ഫെര്‍ഗുസന്‍ ഓള്‍ഡ് ട്രഫഡിലേക്ക് ക്ഷണിച്ചിരുന്നു.

പ്രായം 14 എങ്കിലും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് U-18 ടീമംഗമാണ് ജെ.ജെ.ഗബ്രിയല്‍. ലീഡ്സിനെതിരായ മല്‍സരത്തില്‍ കളത്തിലിറങ്ങിയതോടെ മാഞ്ചസ്റ്റര്‍ യൂത്ത് ടീമില്‍ കളിക്കുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡ് ജെ.ജെ.സ്വന്തമാക്കി. ഒന്നിനെതിരെ 13 ഗോളുകള്‍ക്കാണ് അന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ലീഡ്സിനെ തകര്‍ത്തത്. പകരക്കാരനായി ഇറങ്ങിയ ജെ.ജെ രണ്ടുഗോളുകള്‍ നേടി. ഇക്കുറി എഫ്എ യൂത്ത് കപ്പില്‍ പക്ഷേ ജെ.ജെയ്ക്ക് അണ്ടര്‍ 18 ടീമിനായി കളത്തിലിറങ്ങാനാകില്ല.  2010 ഒഗസ്റ്റിന് ശേഷം ജനിച്ചവര്‍ക്ക് മാത്രമാണ് യൂത്ത് കപ്പില്‍ ടീമില്‍ കളിക്കാന്‍ അവസരം.

വൈറലായ ‘കിഡ് മെസി’

ഒന്‍പത് വയസ് മാത്രം പ്രായമുള്ളപ്പോള്‍ ജെ.ജെ.ഗബ്രിയലിന്‍റെ ഒരു പരിശീലന വിഡിയോ യൂട്യൂബില്‍ വൈറലായിരുന്നു. വിഡിയോ കണ്ട ഫുട്ബോള്‍ ആരാധകര്‍ കിഡ് മെസിയെന്നാണ് ഗബ്രിയലിനെ വിശേഷിപ്പിച്ചത്. ഇതേസമയം ഇംഗ്ലണ്ടിനെ വമ്പന്‍ ക്ലബുകള്‍ ഗബ്രിയലിനെ റാഞ്ചാന്‍ ശ്രമം തുടങ്ങി. ആര്‍സനല്‍, ചെല്‍സി, വെസ്റ്റ് ഹാം ക്ലബുകള്‍ക്കൊപ്പം പരിശീലനം നടത്തിയെങ്കിലും ഒടുവില്‍, പത്താം വയസില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് അക്കാദമിയില്‍ ചേരുകയായിരുന്നു. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ സ്പോണ്‍സര്‍മാര്‍ അഡിഡാസാണെങ്കിലും ഗബ്രിയലുമായി നൈക്കി സ്പോണ്‍സര്‍ഷിപ്പ് കരാറിലെത്തിയതും കൗതുകമായി. പ്രൊഫഷണല്‍ താരമാകും മുമ്പ് നൈക്കി കരാറിലെത്തുന്ന അപൂര്‍വം താരങ്ങളിലൊരാളായി ജെ.ജെ.ഗബ്രിയല്‍. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും എംബാപ്പെയും അണിഞ്ഞ നൈക്കിയുടെ മെര്‍ക്യൂറിയല്‍ ബൂട്ട് ലൈനിന്‍റെ ഭാവിമുഖമായാണ് ജെ.ജെ.ഗബ്രിയലിനെ കണക്കാക്കുന്നത്. 

സ്റ്റാറാകാന്‍ പേരുമാറ്റം 

അയര്‍ലന്റ് മുന്‍ ഫുട്ബോള്‍ താരം ജോ ഒ കാരളിന്‍റെ മകനാണ് ഗബ്രിയല്‍. ജോസഫ് ജൂനിയര്‍ ആന്‍ഡ്രൂ ഗബ്രിയലെന്നാണ് മുഴുവന്‍ പേര്. ജോസഫ് ജൂനിയര്‍ ഒ കാരള്‍ എന്നായിരുന്നു ആദ്യ പേര്. എന്നാല്‍ ഫുട്ബോളില്‍ ഒരു സൂപ്പര്‍ സ്റ്റാറാകാന്‍ പോകുന്ന മകന് കാരളെന്ന സര്‍നെയിം ചേരില്ലെന്ന് കണ്ട പിതാണ് ഗബ്രിയലെന്ന പുത്തന്‍ പേര് നല്‍കിയത്.

ENGLISH SUMMARY:

JJ Gabriel is a rising football prodigy. The 14-year-old has been invited to train with Manchester United's senior team, making history as one of the youngest players to do so, and is already making waves in the U18 team.