അർജന്റീന ഫുട്ബോൾ ടീം നവംബറിൽ കേരളത്തിൽ കളിക്കാൻ എത്തുമെന്ന് ആവർത്തിച്ച് കായിക മന്ത്രി വി.അബ്ദുറഹ്മാൻ. നവംബർ മാസത്തിൽ വരുമെന്നാണ് സർക്കാരിനെ അറിയിച്ചത്. അതിനുള്ള സുരക്ഷ ഒരുക്കണമെന്നും അർജന്റീന അറിയിച്ചിട്ടുണ്ട്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ മെസി വരുന്നത് സ്വകാര്യ സന്ദർശനത്തിന്റെ ഭാഗമായാണെന്നും മന്ത്രി കോഴിക്കോട് പറഞ്ഞു.
അതേസമയം, ഡിസംബർ 12 മുതൽ 15 വരെയാണ് ലയണൽ മെസ്സിയുടെ ഇന്ത്യ സന്ദർശനം. ‘ഗോട്ട് ടൂർ ഓഫ് ഇന്ത്യ’ എന്നാണ് സന്ദര്‍ശനത്തിന് സംഘാടകർ നൽകിയ പേര്. ഡിസംബർ 12ന് രാത്രി കൊൽക്കത്തയിൽ വിമാനമിറങ്ങുന്ന മെസ്സി, 13ന് കൊൽക്കത്തയിലും അഹമ്മദാബാദിലും വിവിധ പരിപാടികളിൽ പങ്കെടുക്കും. 14ന് മുംബൈയിലും 15ന് ഡൽഹിയിലുമെത്തും. മെസ്സിയുടെ രണ്ടാം ഇന്ത്യ സന്ദർശനമാണിത്. സന്ദര്‍ശനത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഓഗസ്റ്റ് അവസനാത്തെടെ മെസി തന്നെ നടത്തും. മുന്‍പ് 2011 സെപ്റ്റംബറിൽ കൊൽക്കത്തയിലെ സോൾട്ട്ലേക് സ്റ്റേഡിയത്തിൽ നടന്ന അർജന്റീന– വെനസ്വേല സൗഹൃദ ഫുട്ബോൾ മത്സരം കളിക്കാൻ മെസ്സി എത്തിയിരുന്നു.