പതിനെട്ടാം വയസില്‍ പോര്‍ച്ചുഗീസ് ലീഗില്‍ അരങ്ങേറ്റം കുറിച്ച വണ്ടര്‍ കിഡ്...... ജോവ ഫെലിക്സ്. ആദ്യ സീസണില്‍ തന്നെ ബെന്‍ഫിക്കയ്ക്ക് കിരീടം നേടിക്കൊടുത്ത താരം അടിച്ചുകൂട്ടിയത് 15 ഗോളുകള്‍.... എന്നാല്‍ ഇന്ന് 25ാം വയസില്‍ പഴയ വണ്ടര്‍കിഡ് എത്തിനില്‍ക്കുന്നത് സൗദി പ്രോ ലീഗ് ക്ലബായ അല്‍ നസ്റില്‍. ചെല്‍സിയില്‍ നിന്ന് പഴയ ക്ലബ് ബെന്‍ഫിക്ക താരത്തെ സ്വന്തമാക്കാന്‍ നടത്തിയ നീക്കം ഹൈജാക്ക് ചെയ്താണ് അല്‍ നസ്്ര്‍ യുവതാരത്തെ ടീമിലെത്തിക്കുന്നത്. ഫെലിക്സിന്റെ സീനിയര്‍ കരിയറിലെ ആറാം ക്ലബാകും അല്‍ നസ്്്ര്‍. ഇഷ്ടതാരം ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയ്ക്കൊപ്പം ഫെലിക്സ് ഇനി കളത്തിലിറങ്ങും
എംബാപ്പെയ്ക്ക് ശേഷം ഫെലിക്സ്
14ാം വയസില്‍ പോര്‍ട്ടോയില്‍ നിന്ന് ബെന്‍ഫിക്ക അക്കാദമിയിലെത്തിയ താരം, 4 വര്‍ഷത്തിനകം ക്ലബിന്റെ സീനിയര്‍ ടീമില്‍ അരങ്ങേറി. ആദ്യ സീസണില്‍ തന്നെ ഫെലിക്സിന്റെ മികവില്‍ ബെന്‍ഫിക്ക ലീഗ് ചാംപ്യന്‍മാരായി. ഇതോടെ മറ്റൊരു പോര്‍ച്ചുഗീസ് ഇതിഹാസമാകുെമന്ന പ്രതീക്ഷയില്‍ ക്ലബുകള്‍ ഫെലിക്സിന് പിന്നാലെ കൂടി. സ്പാനിഷ് ടീം അത്്ലറ്റികോ മഡ്രിഡ്, ക്ലബ് റെക്കോര്‍ഡ് തുകയായ 113 മില്യണ്‍ യൂറോയ്ക്ക് ഫെലിക്സിനെ ടീമിലെത്തിച്ചു. ഫുട്ബോള്‍ ചരിത്രത്തിലെ നാലാമത്തെ വലിയ ട്രാന്‍സ്ഫര്‍ തുകയ്ക്കാണ് താരകൈമാറ്റം നടന്നത്. കിലിയന്‍ എംബാപ്പെയ്ക്ക് ശേഷം പൊന്നും വില ലഭിച്ച കൗമാരക്കാരനായി ഫെലിക്സ്.
യൂറോപ്പ് ചുറ്റി സൗദിയിലേക്ക്
അത്്ലറ്റികൊ മഡ്രിഡിനൊപ്പം ഫെലിക്സ് ഒരു ലീഗ് കിരീടവും നേടി. 7 വർഷ കരാറിനാണ് ഫെലിക്സ് കഴിഞ്ഞവര്‍ഷം ചെല്‍സിയുടെ സ്റ്റാംഫഡ് ബ്രിജിലെത്തുന്നത്. 2022–23 സീസണിൽ ആറുമാസക്കാലം ചെൽസിയിൽ വായ്പാക്കരാറിൽ ഫെലിക്സ് കളിച്ചിരുന്നു. 20 മത്സരങ്ങളിൽനിന്ന് 4 ഗോളുകളും നേടി. അക്കാലത്തെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ഫെലിക്സിനെ വാങ്ങാൻ ചെൽസി തീരുമാനിച്ചത്. അതിനുമുമ്പ് വായ്പക്കരാറിൽ ബാർസിലോനയിൽ കളിച്ച ഫെലിക്സ്, 44 മല്‍സരങ്ങളില്‍ നിന്ന് 10 ഗോളുകളാണു നേടിയത്.
ചെല്‍സിക്കായുള്ള അരങ്ങേറ്റ മത്സരത്തിൽ തന്നെ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായി. പ്രീമിയര്‍ ലീഗിന്റെ വേഗതയ്ക്കും കരുത്തിനൊപ്പം പിടിച്ചുനില്‍ക്കാന്‍ പോര്‍ച്ചുഗീസ് താരത്തിനായില്ല. ചെല്‍സിയില്‍ കോള്‍ പാമറിന്റെ താരോദയവും ഫെലിക്സിന് തിരിച്ചടിയായി. 12 മല്‍സരങ്ങളില്‍ നിന്ന് നേടിയത് ഒറ്റ ഗോള്‍ മാത്രം. പിന്നാലെ എ.സി.മിലാനിലേക്ക് ചെല്‍സി വായ്പ്പയ്ക്ക് കൈമാറി. 15 മല്‍സരങ്ങളില്‍ നിന്ന് രണ്ട് ഗോളുകള്‍ മാത്രമാണ് പോര്‍ച്ചുഗീസ് മുന്നേറ്റനിരത്താരത്തിന് ഇറ്റലിയില്‍ നേടാനായത്.
യൂറോപ്പ്യന്‍ ലീഗുകളിലെ വമ്പന്‍മാര്‍ക്കായെല്ലാം ജോവ ഫെലിക്സ് കളിച്ചിട്ടുണ്ടെങ്കിലും ഒരിടത്തും സ്ഥിരത കൈവരിക്കാന്‍ കഴിഞ്ഞില്ല. അത്്ലറ്റികൊ മഡ്രിഡില്‍ പല പൊസിഷനില്‍ സിമിയോണി ജോവ ഫെലിക്സിനെ മാറ്റി പരീക്ഷിച്ചതും കരിയറിന്റെ തുടക്കത്തില്‍ തന്നെ തിരിച്ചടിയായി. ഒരിടത്തും ഉറച്ചുനില്‍ക്കാതെ ക്ലബുകള്‍ മാറിക്കൊണ്ടേയിരുന്നതും ഫെലിക്സിന്റെ താളം തെറ്റിച്ചു. പോര്‍ച്ചുഗലിനായി നിര്‍ണായക മല്‍സരങ്ങളില്‍ നിറം മങ്ങുന്നത് പതിവായതോടെ വിശ്വസിക്കാന്‍ കൊള്ളാത്ത താരമെന്ന് പേരായി.