ഇന്നേയ്ക്ക് 364ാം നാള്‍ ലോകം ഫുട്ബോളിലേക്ക് ആവാഹിക്കും. 2026 ജൂണ്‍ 11ന് അമേരിക്കയും മെക്സിക്കോയും കാനഡയും ആതിഥ്യം വഹിക്കുന്ന ലോകകപ്പ് ഫുടബോള്‍ കിക്കോഫ് ചെയ്യും. റൊണാള്‍ഡോയും മെസിയും കൗമാരതാരം ലമീന്‍ യമാലും കാല്‍പ്പന്തുകളിയെ ചൂടുപിടിപ്പിക്കും.
ഇക്കുറി കൂടുതല്‍ പങ്കാളിത്തം ലോകകപ്പില്‍ കാണാം. 32ല്‍ നിന്ന് 48 രാജ്യങ്ങള്‍ ലോകകപ്പ് വേദിയില്‍ പന്താട്ടത്തില്‍ പങ്കാളികളാകും. 48 ടീമുകള്‍, 104മല്‍സരം, 16 വേദികള്‍. പരിചിതര്‍ക്ക് പുറമെ പുതുമുഖങ്ങളും മൂന്ന് രാജ്യങ്ങളില്‍ ആതിഥ്യം വഹിക്കുന്ന ലോകകപ്പിനുണ്ടാകും. ഉസ്ബെക്കിസ്ഥാനും ജോര്‍ദനുമാണ് അമേരിക്കന്‍ ഭൂഖണ്ഡത്തിലേക്ക് ടിക്കറ്റെടുത്ത പുതുമുഖങ്ങളില്‍ ചിലര്‍. ഖത്തര്‍ ലോകകപ്പിന് നഷ്ടമായ ബസില്‍ ഇക്കുറി എങ്ങനെയും കയറിക്കൂടാനുള്ള ശ്രമത്തിലാണ് ഇറ്റലി.
ഗോളുകള്‍ കൊണ്ട് ലോകത്തെ ആനന്ദിപ്പിക്കുന്ന കാളക്കൂറ്റന്‍ എര്‍ളിങ് ഹാളണ്ടും നോര്‍വേയും ലോകകപ്പിനെത്തുമോ എന്ന ആകാംക്ഷയിലാണ് ആരാധകര്‍. ഖത്തര്‍ ലോകകപ്പോടെ ഇനിയൊരു ലോകകപ്പിന് ഉണ്ടാവില്ലെന്ന് കരുതിയ റൊണാള്‍ഡോയും മെസിയും അമേരിക്കന്‍ ലോകകപ്പിന് എത്തും. അര്‍ജന്റീനയും പോര്‍ച്ചുഗലും യോഗ്യതനേടിക്കഴിഞ്ഞു.
സ്പെയിനുവേണ്ടി ബൂട്ടുകെട്ടുന്ന ലമീന്‍ യമാല്‍ ആയിരിക്കും ലോകകപ്പിലെ പ്രായംകുറഞ്ഞ താരം. ഫ്രാന്‍സിന്റെ 20കാരന്‍ ദിസിയെ ദുവേയും ലോകകപ്പ് വേദിയെ പ്രകമ്പനം കൊള്ളിക്കാന്‍ എത്തും. അര്‍ജന്റീന കിരീടം നിലനിര്‍ത്തുമോ, ബ്രസീല്‍ വീണ്ടും ചാംപ്യന്മാരാകുമോ, റൊണാള്‍ഡോയ്ക്കായി പോര്‍ച്ചുഗല്‍ കപ്പ് ഉയര്‍ത്തുമോ, യുവനിരയുടെ മികവില്‍ സ്പെയിനും ഫ്രാന്‍സും മുത്തമിടുമോ? . ജൂലൈ 19ന് ന്യൂജേഴ്സിയിലെ മെറ്റ് ലൈഫ് സ്റ്റേഡിയത്തില്‍ ചാംപ്യന്‍ ഉദിക്കും