നേഷൻസ് ലീഗ് ഫുട്ബോൾ കിരീടം പോർച്ചുഗൽ സ്വന്തമാക്കിയപ്പോൾ, നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കണ്ണുകൾ ആനന്ദത്താൽ ഈറനണിഞ്ഞു. ആവേശകരമായ ഫൈനലിൽ സ്പെയിനിനെതിരെ നിർണായക ഗോൾ നേടിയ സിആര്‍ 7, ടീമിന്റെ വിജയത്തിനു ശേഷം വികാരാധീനനായി.
'എന്റെ ക്ലബ്ബുകൾക്കൊപ്പം ഞാൻ നിരവധി കിരീടങ്ങൾ നേടിയിട്ടുണ്ട്, എന്നാൽ പോർച്ചുഗലിനായി നേടുന്നതിനേക്കാൾ മികച്ചതായി മറ്റൊന്നുമില്ല', മത്സരശേഷം റൊണാൾഡോ പറഞ്ഞു. 'ഇത് ആനന്ദക്കണ്ണീരാണ്. ദൗത്യം പൂർത്തിയായി, അതിയായ സന്തോഷം തോന്നുന്നു' എന്നായിരുന്നു റൊണാള്‍ഡോയുടെ വാക്കുകള്‍.
മത്സരത്തിന് മുന്നോടിയായുള്ള വാംഅപ്പിനായി 40-കാരനായ റൊണാൾഡോ ആദ്യമെത്തിയപ്പോൾ തന്നെ ആരാധകർ ആർപ്പുവിളികളോടെയാണ് വരവേറ്റത്. സൂപ്പർതാരത്തിന്റെ ഓരോ നീക്കവും മൊബൈൽ ഫോണുകളിൽ പകർത്താൻ ആരാധകർ തിരക്കുകൂട്ടി. സ്പാനിഷ് പ്രതിരോധനിരയുടെ കടുത്ത മാർക്കിങ്ങില്‍ തുടക്കത്തിൽ അവസരങ്ങൾ കുറവായിരുന്നെങ്കിലും, 61-ാം മിനിറ്റിൽ നൂനോ മെൻഡസ് നൽകിയ, ഗതിമാറിയെത്തിയ ക്രോസിൽ നിന്ന് റൊണാൾഡോ സമനില ഗോൾ നേടി.
പോർച്ചുഗലിനായുള്ള റൊണാൾഡോയുടെ 138-ാം ഗോള്‍. മറ്റൊരു താരവും രാജ്യത്തിനായി ഇത്രയധികം ഗോളുകൾ നേടിയിട്ടില്ല. രാജ്യത്തിനായി 221-ാം മത്സരത്തിനിറങ്ങിയ റൊണാൾഡോ 88-ാം മിനിറ്റിൽ കളം വിടുമ്പോൾ ആരാധകർ എഴുന്നേറ്റുനിന്ന് കൈയടിച്ചു. കോച്ച് റോബർട്ടോ മാർട്ടിനെസ് താരത്തെ ആലിംഗനം ചെയ്തു. മത്സരത്തിനിറങ്ങുമ്പോൾ തനിക്ക് പരുക്കുണ്ടായിരുന്നതായി റൊണാൾഡോ പിന്നീട് വെളിപ്പെടുത്തി.
"വാംഅപ്പിനിടെ തന്നെ വേദനയുണ്ടായിരുന്നു. എന്നാല്‍ പോര്‍ച്ചുഗലിന് വേണ്ടി എന്റെ കാൽ ഒടിയേണ്ടി വന്നാലും ഞാൻ അത് ചെയ്യുമായിരുന്നു," റൊണാൾഡോ പറഞ്ഞു. ഒടുവില്‍ വിരമിക്കലിെനക്കുറിച്ചും താരം സൂചന നല്‍കി. ഇപ്പോഴുള്ള പരുക്ക് ഗുരുതരമല്ലെങ്കില്‍ താന്‍ കളത്തിലുണ്ടാകുമെന്ന് റൊണാള്‍ഡോ പറയുന്നു. പോര്‍ച്ചുഗലിനായി കപ്പ് നേടുക എന്നത് ഏറെ സന്തോഷകരമെന്നും റൊണാള്‍ഡോ പറഞ്ഞു.
സൗദി ക്ലബ് അൽ-നസറിനൊപ്പം തുടരുമെന്നും റൊണാള്‍ഡോ അറിയിച്ചു. ക്ലബ് ലോകകപ്പിൽ പങ്കെടുക്കുന്ന ഒട്ടേറെ ക്ലബ്ബുകളിൽ നിന്ന് ഓഫറുകളുണ്ടായിട്ടും റൊണാള്‍ഡോ അത് വേണ്ടെന്ന് വയ്ക്കുന്നതും ഫുട്ബോള്‍ ലോകം കണ്ടു. കരിയറിലാകെ 938ഗോളുകള്‍ നേടി റൊണാള്‍ഡോ ഫുട്ബോള്‍ പ്രേമികളില്‍ നിറഞ്ഞു നില്‍ക്കുന്നു.