മെസ്സിയും അർജന്റീനയും കേരളത്തിലേക്കെന്ന കായിക മന്ത്രി വി അബ്ദുറഹ്മാന്റെ പുതിയ പ്രഖ്യാപനത്തിലും അവ്യക്തത. മെസ്സിയും സംഘവും എപ്പോൾ എത്തും, എവിടെ വെച്ചായിരിക്കും മത്സരം തുടങ്ങിയ കാര്യങ്ങളൊന്നും പറയാതെയാണ് പുതിയ പ്രഖ്യാപനം. അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ ഭാഗത്തുനിന്നും ഇതുവരെ സ്ഥിരീകരണം ഉണ്ടായിട്ടില്ല.
സ്പോൺസർമാർ തുക നൽകാത്തതിനാൽ അർജന്റീന ടീം എത്തില്ലെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഏകദേശം 128 കോടി രൂപയാണ് അർജന്റീന ടീമിന് നൽകേണ്ടി വരിക. ഇതിൽ 77 കോടി രൂപ അഡ്വാൻസായി നൽകണം. ഇതിൽ സ്പോൺസർമാർ വീഴ്ച വരുത്തി എന്നായിരുന്നു വിവരം. ഈ പ്രശ്നം പരിഹരിക്കപ്പെട്ടോ എന്നതിനെ കുറിച്ചും മന്ത്രി പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ഏപ്രിലിലും മെസ്സിയും അർജന്റീനയും കേരളത്തിലെക്ക് എത്തുമെന്ന് മന്ത്രി പ്രഖ്യാപിച്ചിരുന്നു. ഒരു മാസത്തിനകം അർജന്റീന ഫുട്ബോൾ അസോസിയേഷൻ പ്രതിനിധികൾ കേരളത്തിലെത്തി ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നും മന്ത്രി പറഞ്ഞിരുന്നു.