മധ്യനിരത്താരം ലൂക്ക മോഡ്രിച്ച് റയല്‍ മഡ്രിഡ് വിടുന്നു. 13 വര്‍ഷത്തെ മഡ്രിഡ് കരിയറിന് അവസാനമിട്ട്, ക്ലബ് വേള്‍ഡ് കപ്പിന് ശേഷം ക്രൊയേഷ്യന്‍ ഇതിഹാസം പടിയിറങ്ങും.
2012ല്‍ ടോട്ടനംഹോട്സ്പറില്‍ നിന്ന് റയല്‍ മഡ്രിഡിലേക്ക് എത്തുമ്പോള്‍ ലൂക്ക മോഡ്രിച്ചിനെ സ്പാനിഷ് മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത് ലാ ലീഗ ചരിത്രത്തിലെ ഏറ്റവും മോശം ട്രാന്‍സ്ഫറെന്ന്. 13 വര്‍ഷങ്ങള്‍ക്കിപ്പുറം റയല്‍ മഡ്രിഡില്‍ നിന്ന് ലൂക്ക പടിയിറങ്ങുന്നുവെന്ന പ്രഖ്യാപനമെത്തിയപ്പോള്‍ തലക്കെട്ടുകളില്‍ വിശേഷണം എ ലെജന്ററി ക്രൊയേഷ്യന്‍ മിഡ്ഫീല്‍ഡല്‍ എന്ന്. റയലിന്റെ മധ്യനിരയില്‍ നിന്ന് ലൂക്ക നേടിയെടുത്ത വിശേഷണം.
590 മല്‍സരങ്ങള്‍, 43 ഗോളുകള്‍, 28 കിരീടങ്ങള്‍, ആറ് ചാംപ്യന്‍സ് ലീഗ്, നാല് ലീ ലീഗ കിരീടം.... 39കാരന്റെ സാന്റിയാഗോ ബെര്‍നബ്യൂവിലെ അവസാന മല്‍സരം റയല്‍ സോഡിദാദിനെതിരെ. റയലിനൊപ്പം ക്ലബ് ലോകകപ്പില്‍ കൂടി കളിച്ചശേഷമായിരിക്കും വിരമിക്കല്‍. സിനദീന്‍ സിദാന്റെ റയല്‍ മഡ്രിഡിലെ സെന്റര്‍ പീസായിരുന്നു ലൂക്ക.
ബലോണ്‍ ദ് ഓറിലെ ക്രിസ്റ്റ്യാനൊ-മെസി യുഗത്തിന് അവസാനമിട്ട് 2018ല്‍ ലൂക്കയെ തേടി പരമോന്നത പുരസ്കാരവുമെത്തി. ഇനി ഈ തൂവെള്ള ജേഴ്സിയണിഞ്ഞ് കളിത്തിലിറങ്ങില്ലെങ്കിലും എന്നും ഞാന്‍ ഒരു മഡ്രിഡിസ്റ്റയായിരിക്കുമെന്ന് ലൂക്ക മോഡ്രിച്ചിന്റെ കുറിപ്പ്.